പുതിയ ഉംറ സീസണിന് തുടക്കം; സൗദി ഉംറ വിസ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി

♠ മൂസ പാണ്ടിക്കാട്

റിയാദ്: ലോകമെമ്പാടുമുള്ള മുസ്ലിം തീർഥാടകർക്ക് ആശ്വാസമായി പുതിയ ഉംറ സീസണിലേക്കുള്ള വിസ അപേക്ഷകൾ സൗദി അറേബ്യ സ്വീകരിച്ചു തുടങ്ങി. ഹജ്ജ്-ഉംറ മന്ത്രാലയം പുറത്തിറക്കിയ 1448-ാം ഹിജ്റ വർഷത്തെ ഉംറ കലണ്ടർ പ്രകാരം, 1447 ദുൽഹിജ്ജ 14-ാം തീയതിയായ 2026 മേയ് 31 മുതലാണ് ഉംറ വിസ അപേക്ഷകൾ ആരംഭിച്ചത്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

2026 ജൂൺ 1 മുതൽ തീർഥാടകർക്ക് മക്കയിൽ പ്രവേശിക്കാനും നുസ്‌ക് (Nusuk) ആപ്പിലൂടെ ഉംറ പെർമിറ്റ് നേടാനും സാധിക്കും. വിസ അനുവദിക്കൽ, സേവന കരാറുകൾ, തീർഥാടകരുടെ സ്വീകരണം എന്നിവയുൾപ്പെടെയുള്ള എല്ലാ ഇലക്ട്രോണിക് സേവനങ്ങളുടെയും സമയക്രമം മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.

ഉംറ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയും തീർഥാടകർക്ക് കൂടുതൽ മികച്ച അനുഭവം ഉറപ്പാക്കുകയും പുതിയ സീസണിനായുള്ള ഒരുക്കങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കലണ്ടർ നടപ്പിലാക്കിയിരിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

2027 മാർച്ച് 9 (1448 ശവ്വാൽ 1) വരെയാണ് ഉംറ വിസകൾ അനുവദിക്കുക. 2027 മാർച്ച് 23 (1448 ശവ്വാൽ 15) വരെ മാത്രമേ ഉംറ തീർഥാടകർക്ക് സൗദി അറേബ്യയിലേക്ക് പ്രവേശിക്കാൻ സാധിക്കൂ.

അതേസമയം, 2027 ഏപ്രിൽ 7 (1448 ശവ്വാൽ 30) നകം എല്ലാ ഉംറ തീർഥാടകരും രാജ്യത്ത് നിന്ന് മടങ്ങേണ്ടതുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഉംറ സേവന ദാതാക്കളും വിദേശ ഏജൻസികളും മന്ത്രാലയം നിശ്ചയിച്ച സമയക്രമവും ചട്ടങ്ങളും കർശനമായി പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഇതിലൂടെ സീസൺ മുഴുവൻ തീർഥാടകർക്ക് ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങളും സുഗമമായ തീർഥാടനാനുഭവവും ഉറപ്പാക്കാനാകുമെന്നാണ് വിലയിരുത്തൽ.