അഴിമതിക്കാരെ തൂക്കി സൗദി അറേബ്യ; 480 സർക്കാർ ജീവനക്കാരെ ചോദ്യം ചെയ്തു, 160 പേർ അറസ്റ്റിൽ

♠ മൂസ പാണ്ടിക്കാട്
ജിദ്ദ: അഴിമതിക്കെതിരെ ശക്തമായ നടപടികളുമായി സൗദി അറേബ്യയിലെ അഴിമതി വിരുദ്ധ അതോറിറ്റി (നസാഹ). കഴിഞ്ഞ മേയ് മാസത്തിൽ വിവിധ ക്രിമിനൽ, ഭരണപര അഴിമതി കേസുകളുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടത്തിയ അന്വേഷണങ്ങളിൽ 480 സർക്കാർ ജീവനക്കാരെ ചോദ്യം ചെയ്യുകയും 160 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി അതോറിറ്റി അറിയിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
മേയ് മാസത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 2,365 നിരീക്ഷണ പരിശോധനകൾ നടത്തി. ഇതിന് പുറമെ ഹജ്ജ് സീസണുമായി ബന്ധപ്പെട്ട് വിശുദ്ധ കേന്ദ്രങ്ങളിലെയും സേവന സ്ഥാപനങ്ങളിലെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി ഏകദേശം 15,000 അധിക പരിശോധനകളും നടത്തിയതായും നസാഹയുടെ പ്രസ്താവനയിലൂടെ അറിയിച്ചു.
അറസ്റ്റിലായവരിലും അന്വേഷണ വിധേയരായവരിലും മുനിസിപ്പാലിറ്റി, ഹൗസിംഗ്, വിദ്യാഭ്യാസം, ആരോഗ്യം, ഇസ്‌ലാമികകാര്യ മന്ത്രാലയം (ദഅ്‌വയും മാർഗനിർദേശവും), സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാർ ഉൾപ്പെടുന്നു. അറസ്റ്റിലായവരിൽ ചിലരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചതായും അധികൃതർ അറിയിച്ചു.
കൈക്കൂലി സ്വീകരിക്കൽ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ, അധികാര സ്വാധീനം ഉപയോഗിച്ച് അനധികൃത നേട്ടങ്ങൾ കൈവരിക്കൽ, പൊതുമുതൽ ദുരുപയോഗം ചെയ്യൽ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
പൊതു വിശ്വാസത്തെ വഞ്ചിക്കുന്നതും ഔദ്യോഗിക സ്ഥാനങ്ങൾ വ്യക്തിപരമായ ലാഭത്തിനായി ഉപയോഗിക്കുന്നതുമായ പ്രവൃത്തികൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് നസാഹ വ്യക്തമാക്കി. സാമ്പത്തികവും ഭരണപരവുമായ അഴിമതി കുറ്റങ്ങൾ കാലഹരണപ്പെടില്ലെന്നും നിയമലംഘകരെതിരെ യാതൊരു വിട്ടുവീഴ്ചയും കൂടാതെ നടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി ആവർത്തിച്ചു.






