കുവൈത്തിൽ ഡ്രോൺ-മിസൈൽ ആക്രമണം; വ്യോമ പ്രതിരോധ സംവിധാനം ആക്രമണങ്ങളെ തകർത്തു

♠ അസ്മ ജംഷി 

കുവൈത്ത് സിറ്റി: കുവൈത്തിനുനേരെ തിങ്കളാഴ്ച നടന്ന ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായി ഔദ്യോഗിക വാർത്താ ഏജൻസിയായ കുന (KUNA) റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയെങ്കിലും കൂടുതൽ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

“സ്ഫോടന ശബ്ദങ്ങൾ കേൾക്കുകയാണെങ്കിൽ അത് ശത്രുതാപരമായ ആക്രമണങ്ങളെ വ്യോമ പ്രതിരോധ സംവിധാനം തടയുന്നതിന്റേതാണ്,” എന്ന് കുവൈത്ത് സൈനിക ആസ്ഥാനത്തിന്റെ സാമൂഹിക മാധ്യമ സന്ദേശത്തിൽ അറിയിച്ചു. പൊതുജനങ്ങൾ ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സൈന്യം അഭ്യർഥിച്ചു.

അതേസമയം, ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) തങ്ങളുടെ എയ്റോസ്പേസ് വിഭാഗം ഒരു വ്യോമതാവളത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി അവകാശപ്പെട്ടു. സിറിക് ദ്വീപിലെ ഒരു ടെലികോം ടവറിനെതിരെ അമേരിക്ക നടത്തിയതായി പറയുന്ന ആക്രമണത്തിൽ ഉപയോഗിച്ച വ്യോമതാവളമാണ് ലക്ഷ്യമിട്ടതെന്ന് IRGC അറിയിച്ചു. എന്നാൽ ആ വ്യോമതാവളം എവിടെയാണെന്ന് വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ ആഴ്ചയും കുവൈത്ത് സമാനമായ ഡ്രോൺ-മിസൈൽ ആക്രമണത്തിന് ഇരയായിരുന്നു. അന്ന് ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് കുവൈത്ത് ആരോപിക്കുകയും അതിനെ “അപകടകരമായ സംഘർഷ വർധന”യായി വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

മേഖലയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ ഈ പുതിയ ആക്രമണവും സുരക്ഷാ ആശങ്കകൾ വർധിപ്പിച്ചിരിക്കുകയാണ്.

(റോയിട്ടേഴ്സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ വാർത്ത)