‘മൊഞ്ചുള്ള പെരുന്നാൾ’ ആഘോഷമാക്കി ജിദ്ദ ത്രീ സ്റ്റാർ കൂട്ടായ്മ

♠ മൂസ പാണ്ടിക്കാട്

ജിദ്ദ: പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും പെരുന്നാളിന്റെ സ്നേഹവും സൗഹൃദവും ഒരുമയുടെ സന്ദേശവും ഹൃദയങ്ങളിൽ നിറച്ച് ജിദ്ദ ത്രീ സ്റ്റാർ കൂട്ടായ്മ സംഘടിപ്പിച്ച ‘മൊഞ്ചുള്ള പെരുന്നാൾ’ ആഘോഷം ശ്രദ്ധേയമായി. സംഗീതവും സൗഹൃദവും കുടുംബസംഗമത്തിന്റെ സന്തോഷവും ഒത്തുചേർന്ന പരുപാടി  പങ്കെടുത്തവർക്ക് വേറിട്ട അനുഭവമായി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരുപാടി  സി. എം. അഹമ്മദ് ആക്കോട് ഉദ്ഘാടനം ചെയ്തു. ആശംസാ സന്ദേശത്തിൽ, പ്രവാസ ലോകത്ത് ഇത്തരം കൂട്ടായ്മകൾ സമൂഹബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതായും, പെരുന്നാളിന്റെ യഥാർത്ഥ സന്ദേശമായ സ്നേഹവും പങ്കിടലും പ്രചരിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അഷ്റഫ് വലിയോറയുടെ ഹൃദയസ്പർശിയായ ഭക്തിഗാനത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. തുടർന്ന് ജിദ്ദയിലെ പ്രമുഖ ഗായകരുടെ സംഗീതവിരുന്ന് അരങ്ങേറി. നൂഹ് ബീമാപള്ളി, ജമാൽ പാഷ, ബീഗം ഖദീജ, രമ്യ ബ്രൂസ്, സത്യൻ പി. നായർ, ഗഫൂർ തൃപ്പനച്ചി, മൻസൂർ പാങ്ങ്, വിവേക്, മൻസൂർ നിലമ്പൂർ, മുനീർ താനൂർ, റഹീം കാക്കൂർ, ആർദ്ര, മാസിൻ പാഷ, അസിൻ ആന്റണി തുടങ്ങിയ കലാകാരൻമാർ അവതരിപ്പിച്ച ഗാനങ്ങൾ സദസ്സിനെ സംഗീതത്തിന്റെ മനോഹര ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

ഗാനമേളയ്ക്കൊപ്പം സൗഹൃദസംഗമവും അനുഭവങ്ങൾ പങ്കുവെക്കലും പരിപാടിക്ക് കൂടുതൽ ഊർജം പകർന്നു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യം ആഘോഷത്തിന് വർണപ്പകിട്ടേകി.

സുവിജ സത്യൻ പരിപാടിയുടെ ഏകോപനം നിർവഹിച്ചു. നൂഹ് ബീമാപള്ളി സ്വാഗതവും നവാസ് ബീമാപള്ളി നന്ദിയും രേഖപ്പെടുത്തി.

പ്രവാസികളുടെ മനസ്സിൽ പെരുന്നാളിന്റെ മധുരസ്മരണകൾ പുതുക്കിയ ‘മൊഞ്ചുള്ള പെരുന്നാൾ’, ജിദ്ദയിലെ മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും സാംസ്കാരിക സൗഹൃദത്തിന്റെയും മറ്റൊരു മനോഹര അധ്യായമായി മാറി.