മുഖ്യമന്ത്രിയെ സന്ദർശിച്ച് ഒഐസിസി നേതാക്കൾ; പ്രവാസി ക്ഷേമ വിഷയങ്ങൾ ചർച്ചയായി

തിരുവനന്തപുരം: പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും അവരുടെ കുടുംബങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉന്നയിച്ച് ഒഐസിസി നേതാക്കൾ കേരള മുഖ്യ മന്ത്രി വി ഡി സതീശനെ സന്ദർശിച്ചു.

സൗദി അറേബ്യയിൽ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ മലയാളി പ്രവാസികൾ അനുഭവിക്കുന്ന തൊഴിൽ, ക്ഷേമ, പുനരധിവാസ, സാമൂഹിക സുരക്ഷാ വിഷയങ്ങൾ സംബന്ധിച്ച് നേതാക്കൾ വിശദമായ ചർച്ച നടത്തി. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവരുടെ ക്ഷേമം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി ഭാവിയിൽ പ്രത്യേക പദ്ധതികളും സഹായ പാക്കേജുകളും പരിഗണിക്കേണ്ടതിന്റെ ആവശ്യകത നേതാക്കൾ ചൂണ്ടിക്കാട്ടി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങൾ ഗൗരവത്തോടെ പരിഗണിക്കുമെന്നും വരും ദിവസങ്ങളിൽ പ്രവാസികളുടെ നിർദേശങ്ങൾ പരിശോധിക്കുമെന്നും വി.ഡി. സതീശൻ ഉറപ്പ് നൽകിയതായി ഒഐസിസി നേതാക്കൾ അറിയിച്ചു. പ്രവാസി കുടുംബങ്ങൾക്ക് കൂടുതൽ സംരക്ഷണവും പിന്തുണയും ലഭ്യമാക്കുന്നതിനുള്ള നടപടികൾക്കും പ്രാധാന്യം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സന്ദർശക സംഘത്തിൽ ഒഐസിസി സൗദി നാഷണൽ കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ് കോലത്ത് ശ്രീജിത്ത്, ഒഐസിസി നേതാവ് നാസർ ലൈസ്, ഡോ. ആസാദ് എന്നിവരും പങ്കെടുത്തു.

പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും അവകാശ സംരക്ഷണത്തിനുമായി ഇത്തരത്തിലുള്ള കൂടിക്കാഴ്ചകൾ തുടർന്നും സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.