ഈദ് ആഘോഷം പ്രകൃതിയുടെ മടിത്തട്ടിൽ; ജിദ്ദയിലെ അഞ്ചച്ചവടി പ്രവാസി സംഘത്തിന്റെ വേറിട്ട സംഗമം ശ്രദ്ധേയമായി

ജിദ്ദ: സൗഹൃദത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം പകർന്ന് ജിദ്ദയിലെ അഞ്ചച്ചവടി പ്രവാസി സംഘം സംഘടിപ്പിച്ച ഈദ് സംഗമം വേറിട്ട അനുഭവമായി. ജിദ്ദയിലെ ഗ്രീൻ വാലി ബഹറയിലെ മനോഹരമായ പൂന്തോട്ട കൃഷിയിടത്തിൽ നടന്ന സംഗമത്തിൽ സംഘടനാംഗങ്ങളും കുടുംബാംഗങ്ങളും ആവേശപൂർവം പങ്കെടുത്തു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

പ്രകൃതിയുടെ പച്ചപ്പും ഈദിന്റെ ആഘോഷമനോഭാവവും ഒത്തുചേർന്ന സംഗമത്തിൽ അൻവർ പാലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. മുജീബ് അലുങ്ങൽ, എൻ.ടി. നൗഷാദ്, എൻ.ടി. നൗഫൽ, ഷാനവാസ് പൂളക്കൽ, വി.പി. റസാഖ് എന്നിവർ ഈദിന്റെ സന്ദേശം പങ്കുവെച്ച് സംസാരിച്ചു.

ഫർസാന യാസിർ, ഹസീന അഷറഫ്, മൻസൂർ എടക്കര, കെ.ടി. അജ്സൽ, എൻ.ടി. നൗഫൽ എന്നിവർ ആലപിച്ച ഈദ് ഗാനങ്ങൾ പരിപാടിക്ക് കൂടുതൽ മിഴിവേകി. കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച ക്വിസ് മത്സരവും ശ്രദ്ധേയമായി. മത്സര വിജയികൾക്ക് അൻവർ പാലത്തിങ്ങൽ, ഷാനവാസ് പുളിക്കൽ, മൻസൂർ എടക്കര എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

പൂന്തോട്ടത്തിന്റെ ഹരിതാഭമായ അന്തരീക്ഷത്തിൽ കുടുംബസമേതം ഈദ് ദിനം ആഘോഷിക്കാൻ ലഭിച്ച അവസരം അംഗങ്ങൾക്ക് മറക്കാനാവാത്ത അനുഭവമായി. സന്തോഷവും സൗഹൃദവും നിറഞ്ഞ നിമിഷങ്ങൾ പങ്കുവെച്ച ശേഷമാണ് അംഗങ്ങൾ മടങ്ങിയത്.

മജീദ് അഞ്ചച്ചവടി സ്വാഗതവും ഇ.പി. അയ്യൂബ് നന്ദിയും രേഖപ്പെടുത്തി.