മലബാറിലെ വിദ്യാഭ്യാസ അവഗണന: ജനവിധിയെ മാനിക്കാൻ പുതിയ സർക്കാർ തയ്യാറാകണമെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ

ജിദ്ദ: കഴിഞ്ഞ കാൽനൂറ്റാണ്ടിലധികമായി കേരളത്തിലെ പൊതുവിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മേഖലകളിൽ തെക്ക്-വടക്ക് പ്രദേശങ്ങൾ തമ്മിൽ നിലനിൽക്കുന്ന കടുത്ത അസന്തുലിതാവസ്ഥയ്ക്ക് അടിയന്തിരമായി ശാശ്വത പരിഹാരം കാണണമെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ ജനറൽ ബോഡി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

മലബാർ മേഖലയിൽ നിന്ന് ഈ വിദ്യാഭ്യാസ വിവേചനത്തിനെതിരെ വർഷങ്ങളായി ശക്തമായ പ്രതിഷേധങ്ങളും മുറവിളികളും ഉയർന്നു വന്നിട്ടുള്ളതാണ്. എന്നാൽ, മുൻകാലങ്ങളിൽ ഇതിന് വേണ്ടത്ര പരിഗണനയോ ശാശ്വത പരിഹാരമോ ഉണ്ടായിട്ടില്ല. തെക്കൻ ജില്ലകളിൽ ഒരു ക്ലാസ് റൂമിൽ ശരാശരി 40 കുട്ടികൾ പഠിക്കുമ്പോൾ, മലബാർ മേഖലയിൽ അത് 60 കുട്ടികൾ വരെയായി ഉയർന്നിരിക്കുകയാണ്. ഒരു ക്ലാസിൽ ഉൾക്കൊള്ളിക്കാവുന്നതിലും ഇരട്ടി കുട്ടികളെ ഇരുത്തി പഠിപ്പിക്കേണ്ടി വരുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെപ്പോലും സാരമായി ബാധിക്കുന്നു. ഈ കടുത്ത അവഗണനയ്ക്കെതിരെ മലബാർ മേഖലയിലെ ജനങ്ങൾക്കിടയിൽ വലിയ തോതിലുള്ള ജനകീയ പ്രതിഷേധം നിലനിന്നിരുന്നു.

മലബാറിലെ പ്ലസ് ടു/കോളേജ് സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അടിയന്തരവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കുമെന്നാണ് മലബാറിലെ വിദ്യാർത്ഥി സമൂഹവും ജനങ്ങളും പ്രതീക്ഷിക്കുന്നത്. ഈ പ്രതീക്ഷയെ സർക്കാർ ഹനിക്കില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നതായും ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രമേയത്തിലൂടെ വ്യക്തമാക്കി.

താൽക്കാലിക ബാച്ചുകൾ അനുവദിച്ച് പ്രശ്നം ഒതുക്കിതീർക്കുന്ന രീതിക്ക് പകരം സ്ഥിരമായ പുതിയ ബാച്ചുകളും കോളേജുകളും അനുവദിച്ചും, തെക്കൻ ജില്ലകളിൽ കുട്ടികളില്ലാതെ കിടക്കുന്ന ബാച്ചുകൾ മലബാർ മേഖലയിലേക്ക് ശാസ്ത്രീയമായി പുനഃക്രമീകരിച്ചും ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ സർക്കാർ മുന്നോട്ട് വരണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

പ്രസിഡന്റ് ഹംസ നിലമ്പൂർ അധ്യക്ഷത വഹിച്ച ജനറൽ ബോഡി യോഗത്തിൽ മീഡിയ കൺവീനർ പ്രിൻസാദ് പാറായി പ്രമേയം അവതരിപ്പിച്ചു. ജരീർ വേങ്ങര, അബ്ദുൽ ഗഫൂർ വളപ്പൻ, സലാഹ് കാരാടൻ തുടങ്ങിയവർ സംസാരിച്ചു, അൻവർ കടലുണ്ടി സ്വാഗതവും കെ സി മൻസൂർ സമാപന ഭാഷണവും നിർവഹിച്ചു.