ആരോഗ്യ പരിചരണം: പി. എ അബ്ദുറഹ്മാന് ഡോക്ടറേറ്റ്

ജിദ്ദ: ആതുര സേവനരംഗത്തെ പ്രശസ്ത സേവനവും ഹെൽത്ത് കെയർ അഡ്മിനിസ്ട്രേഷനിലെ വൈദഗ്ധ്യവും പരിഗണിച്ച് അമേരിക്കയിലെ പ്രഗത്ഭ സർവകലാശാലയായ ഇന്റർനാഷണൽ അമേരിക്കൻ യൂണിവേഴ്സിറ്റി ( ലോസ് ആഞ്ചൽസ്, കാലിഫോർണിയ), ജിദ്ദയിലെ പ്രമുഖ ബിസിനസുകാരനും സ്വകാര്യ മെഡിക്കൽ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറുമായ മലപ്പുറം കോടൂർ സ്വദേശി പി. എ അബ്ദുറഹ്മാന് ഡോക്ടറേറ്റ് നൽകി. ഹെൽത്ത് കെയർ അഡ്മിനിസ്ട്രേഷനിൽ അമേരിക്കയിലെ പ്രശസ്തമായ ഈ സ്ഥാപനം നൽകി വരുന്ന ബഹുമതി, കഴിഞ്ഞ ദിവസം പി. എ അബ്ദുറഹ്‌മാൻ സാൻഫ്രാൻസിസ്‌കോയിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി. ഹെൽത്ത് അഡ്മിനിസ്ട്രേഷനിലെ ദീർഘകാല പരിചയവും അനുഭവസമ്പത്തുമുള്ള അബ്ദുറഹ്മാന്റെ സേവനങ്ങൾ ചടങ്ങിൽ പ്രശംസിക്കപ്പെട്ടു.

പ്രവാസലോകത്തെ ആരോഗ്യ സുരക്ഷാരംഗത്ത് തന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകുന്നതിനുള്ള പ്രോത്സാഹനമായി ഈ അംഗീകാരം കണക്കിലെടുക്കുന്നുവെന്ന് അബ്ദുറഹ്മാൻ വ്യക്തമാക്കി. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള വ്യത്യസ്ത മേഖലകളിലെ വിദഗ്ധരോടൊപ്പമാണ് അബ്ദുറഹ്‌മാൻ, ഡോക്ടറേറ്റ് ബഹുമതിയും സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് പുരസ്കാരവും ഏറ്റു വാങ്ങിയത്.