ആവേശക്കടലായി അൽഹുദാ സ്‌പോർട്‌സ് മീറ്റ്; ബ്ലൂ ഹൗസ് ചാമ്പ്യന്മാർ

ജിദ്ദ: ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദയുടെ കീഴിലുള്ള അൽഹുദാ മദ്റസയുടെ കായികമേള ‘അൽഹുദാ സ്പോർട്സ്‌ മീറ്റ് 2026’ വർണ്ണാഭമായ ചടങ്ങുകളോടെ സമാപിച്ചു. പ്രവാസി വിദ്യാർഥികളുടെ കായിക രംഗത്തെ കഴിവുകൾ  പ്രകടമാക്കുന്നതായിരുന്നു ഓരോ മത്സര ഇനങ്ങളും. നാല്‌ ഹൗസുകളിലായി വിവിധ കാറ്റഗറികളിൽ 300 ലധികം വിദ്യാർഥികൾ പങ്കെടുത്ത മീറ്റിൽ ബ്ലൂ ഹൗസ് ചാമ്പ്യന്മാരായി. യെല്ലോ, ഗ്രീൻ ഹൗസുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

ബഡ്സ്, കിഡ്സ്‌, സബ് ജൂനിയര്‍, ജൂനിയര്‍, ടീൻസ്‍ വിഭാഗങ്ങളിലായി, 50,100 മീറ്റര്‍ ഓട്ടം, റിലേ, പെനാല്‍റ്റി ഷൂട്ടൗട്ട്, സാക് റെയ്‌സ്, ഷോട്ട്പുട്ട്, ഹർഡിൽസ്, ബോള്‍ ഗാതെറിംഗ് തുടങ്ങി 21 വിവിധ ഇനങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഓരോ ഇനങ്ങളിലും മദ്രസാ വിദ്യാർത്ഥികളുടെ പങ്കാളിത്തം കായിക മത്സരങ്ങൾക്ക് പുതു തലമുറ നൽകുന്ന പ്രാധാന്യം വിളിച്ചറിയിക്കുന്നതായിരുന്നു. ഗ്രൂപ്പ്‌ അടിസ്ഥാനത്തിൽ നടന്ന ഫുട്ബാൾ മത്സരത്തിൽ ഗ്രീൻ ഹൗസ് ചാമ്പ്യന്മാരായി, ബ്ലൂ ഹൗസ് രണ്ടാം സ്ഥാനവും റെഡ്  ഹൗസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി, കാൽപന്ത് കളിയുടെ കേരളീയ പൈതൃകം നിലനിർത്തുന്നതായിരുന്നു ഫുട്ബാൾ മത്സരങ്ങൾ. വിജയികൾക്കുള്ള മെഡലുകൾ ചടങ്ങിൽ വിതരണം ചെയ്തു.

വിവിധ ഹൗസുകളിലെ വിദ്യാർഥികളുടെ വർണ്ണാഭമായ മാർച്ച് പാസ്റ്റിന് ഹൗസ് ലീഡർമാർ നേതൃത്വം നൽകി. അൽ ഹുദാ പ്രിൻസിപ്പൽ  ലിയാഖത് അലി ഖാൻ, മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സല്യൂട്ട് സ്വീകരിച്ചു. കുട്ടികളുടെ മാർച്ച്‌ പാസ്റ്റിനു പിന്നിലായി അണിനിരന്ന പുരുഷ, വനിതാ വളണ്ടിയർമാരുടെ മാർച്ച് പാസ്റ്റ് ആവേശകരമായി.

കായിക മത്സരങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് മദ്രസയിലെ കൊച്ചു കുട്ടികൾ അവതരിപ്പിച്ച കലാവിരുന്ന് നയനാനന്ദകരമായിരുന്നു. വേദിയിൽ അരങ്ങേറിയ കൊച്ചു മിടുക്കരുടെ  വെൽക്കം ഡാൻസ്, ഒപ്പന, അറബിക് ഡാൻസ് തുടങ്ങിയവ താളാത്മകമായ ചുവടുകളാലും കണ്ണഞ്ചിപ്പിക്കുന്ന വേഷപ്പകർച്ചയാലും മനോഹരമായ ഒരു ദൃശ്യവിരുന്നായി മാറി. കലാ പരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്കും കൊറിയോഗ്രാഫി നിർവഹിച്ച അധ്യാപകർക്കുമുള്ള ട്രോഫികൾ വേദിയിൽ വെച്ച് വിതരണം ചെയ്തു. അൽ ഹുദാ കരാട്ടെ അക്കാദമിയിലെ കുട്ടികൾ അവതരിപ്പിച്ച കരാട്ടെ പ്രദർശനം കാണികളെ അക്ഷരാർത്ഥത്തിൽ മുൾമുനയിൽ നിർത്തുന്നതായിരുന്നു. കുട്ടികളുടെ മെയ്‌വഴക്കവും കരുത്തും പ്രകടമായ പ്രദർശനം കായിക പ്രേമികളുടെ കൈയടി നേടി. പരിപാടിയുടെ സമാപനത്തിന് മാറ്റ് കൂട്ടിക്കൊണ്ട് വളണ്ടിയർമാർ അണിനിരന്ന മുട്ടിപ്പാട്ട് പ്രവാസ മണ്ണിൽ നാടിൻ്റെ തനിമ ഉണർത്തുന്നതായിരുന്നു.

മത്സരങ്ങൾ സംഘടിപ്പിച്ച സഫ് വ വില്ലയിൽ ഒരുക്കിയ നാടൻ തട്ടുകട, നാട്ടിൻ പുറത്തെ തട്ടുകടയുടെ നേർകാഴ്ച ആയിരുന്നു, ആവി പറക്കുന്ന വിഭവങ്ങളുമായി തട്ടുകട സജീവമായതോടെ ഭക്ഷണപ്രേമികൾക്കും ഇതൊരു ആഘോഷമായി മാറി. ഇസ്‌ലാഹി സെൻ്റർ, ഐവോ, ഫോക്കസ്, ടാലൻ്റ് ടീൻസ് തുടങ്ങിയ സംഘടനകളിലെ വളണ്ടിയർമാരുടെ സജീവ സാന്നിധ്യം പരിപാടിയുടെ വിജയത്തിന് കരുത്തേകി.