അൽ വജ്‌ഹ് അപകടത്തിൽ മരിച്ച അരുൺ സുരേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു

ജിദ്ദ: തബൂക്ക് പ്രവിശ്യയിലെ അൽ വജ്‌ഹിനടുത്ത് ബദ്‌അയിൽ വാഹനാപകടത്തിൽ മരിച്ച കൊല്ലം മതിര മാങ്കോട് കുമ്മിള് കനാറ പുത്തൻ വീട്ടിൽ അരുൺ സുരേഷ് (29)യുടെ മൃതദേഹം യാമ്പു നവോദയയുടെ സഹായത്താൽ നാട്ടിലെത്തിച്ചു സംസ്കരിച്ചു.
കഴിഞ്ഞ ജൂലൈ 14ന് അരുൺ ഓടിച്ചിരുന്ന ഡൈന എതിർവശത്ത് വന്ന ട്രൈലറിൽ ഇടിച്ച് അഗ്നിബാധയിലായി അദ്ദേഹവും സുഡാൻ സ്വദേശിയായ മറ്റൊരു ഡ്രൈവറും സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു.
അഗ്നിബാധയിൽ തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിനശിച്ച മൃതദേഹം ഡി.എൻ.എ പരിശോധനകൾക്ക് ശേഷം തിരിച്ചറിഞ്ഞു. രണ്ട് മാസത്തോളം നീണ്ടുനിന്ന നിയമനടപടികൾക്കും ഫോറൻസിക് പരിശോധനകൾക്കും ശേഷമാണ് മൃതദേഹം നാട്ടിലയക്കാനായത്.
ദമ്മാമിലെ അൻജോദ് മുഹമ്മദ് അൽ ഹർബി ട്രേഡിംഗ് കമ്പനിയിൽ ഡ്രൈവറായിരുന്ന അരുൺ അവിവാഹിതനായിരുന്നു. അച്ഛൻ പരേതനായ സുരേഷ്, അമ്മ സതി, സഹോദരി അഖില.
യാമ്പു നവോദയ ജീവകാരുണ്യ കൺവീനർ സാക്കിർ എ.പി.യുടെ നേതൃത്വത്തിൽ രക്ഷാധികാരി അജോ ജോർജ്, സാമൂഹ്യ പ്രവർത്തകർ ഷാജി, മാസ്സ് തബൂക്ക് ജീവ കരുണ്യ കൺവീനർ അബ്ദുൾ ഹഖ്, ദമ്മാം നവോദയ ജീവ കാരുണ്യ വിഭാഗം നാസ് വക്കം എന്നിവരുടെ സഹകരണത്തോടെയായിരുന്നു നടപടികൾ. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വഴി എം പിമാരായ എ എ റഹീം , അടൂർ പ്രകാശ് എന്നിവരുടെയും ഇടപെടൽ ഉണ്ടായി.
.






