കാലത്തിനു മുന്നേ നടന്ന നേതാവായിരുന്നു സി എച്ച്: ശരിഫ് കുറ്റൂർ

ജിദ്ദ: അവഗണനയും പേറി പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിൻ്റെ ഉയർത്തിയെഴുനേൽപ്പിന് ശാശ്വത പരിഹാരം കണ്ടെത്തുകയും അവർക്ക് അനിവാര്യമായ അറിവും അക്ഷരാഭ്യാസവും നൽകാനുള്ള പാശ്ചാത്തലമൊരുക്കുക എന്ന ശ്രമകരമായ ദൗത്യം ഹൃസ്വകാലത്തെ പൊതു ജീവിതം കൊണ്ടു വിജയകരമായി പൂർത്തികരിച്ച മഹാനായ രാഷ്ട്രീയ നേതാവായിരുന്നു മൺമറഞ്ഞ മർഹൂം സി എച്ച് മുഹമ്മദ് കോയ സാഹിബ് എന്ന് മലപ്പുറം ജില്ല മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് കുറ്റൂർ പറഞ്ഞു. ജിദ്ദ കെ എം സി സി സെൻട്രൽ കമ്മിറ്റി സിഎച്ച് സ്മരണകളുടെ നിത്യയൗവ്വനം എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച സി എച്ച് അനുസ്മരണ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ശരീഫ് കുറ്റൂർ.
ജീവിക്കുന്ന കാലത്തെ അഭിമുഖീകരിക്കുക മാത്രമല്ല സി എച്ച് ചെയ്തത്. ആ കാലത്തു ജനിക്കാത്തവർക്ക് കൂടി പാകപെടുത്തുന്ന നയങ്ങളും സമീപനങ്ങളുമുള്ള ഒരു ജനതയെ നിർമ്മിച്ചു വരികയായിരുന്നു സി എച്ച്. മനോഹരമായ ഒരു കാലത്തെ നമുക്ക് സമ്മാനിക്കുക മാത്രമല്ല ഇനി വരുന്ന ഏത് കാലത്തെയും അഭിമുഖീകരിക്കാനുള്ള കരുത്തു നമുക്ക് സമ്മാനിച്ചു കൊണ്ടാണ് സി എച്ച്പടിയിറങ്ങിയത്.

ഒരിക്കലും തൻ്റെ മക്കളെ സ്കൂളിൻ്റെ പടിവാതിലിലേക്കു പറഞ്ഞു വിടില്ലെന്ന് ശാഠ്യം പിടിച്ചിരുന്ന ഒരു സമൂഹത്തിന് കൃത്യമായ ബോധവൽക്കരണം നൽകിയാണ് സി എച്ച് ഈ മഹത്തായ ദൗത്യം വിജയകരമായി പൂർത്തീകരിച്ചത്. ‘പഠിക്കുക പഠിക്കുക വീണ്ടും പഠിക്കുക’ എന്ന സി.എച്ചിന്റെ വാക്കുകൾ കടമെടുത്തു കൊണ്ട് ഈ കാലത്തു പഠിക്കുക പഠിക്കുക വീണ്ടും വീണ്ടും പഠിക്കുക ഒരു മറു ചോദ്യമെങ്കിലും തിരിച്ചു ചോദിക്കാൻ വീണ്ടും പഠിക്കുക എന്ന് ശരീഫ് കുറ്റൂർ തന്റെ പ്രസംഗത്തിൽ സദസിനെ ഉണർത്തി.

ഒരിക്കൽ തൻ്റെ അനുയായിയും വൈകാതെ തൻ്റെ സഹപ്രവർത്തകനും ഇപ്പോൾ എൻ്റെ നേതാവുമാണ് സി എച്ച് മുഹമ്മദ് കോയ എന്ന് പറഞ്ഞ ബി.വി അബ്ദുല്ലക്കോയ സാഹിബിന്റെ പ്രസ്താവനയെ ഉദ്ധരിച്ചുകൊണ്ട് ജീവിക്കുന്ന കാലത്തിന്റെ ഗതി അറിയിക്കുക എന്നതാണ് ഒരു പൊതുപ്രവർത്തകൻ ആർജ്ജിക്കേണ്ട ആദ്യത്തെ അറിവ് എന്നും, ഇസ്തിരി ചുളിയാത്ത ഷർട്ടുംകയ്യിൽ ഒതുങ്ങാത്ത ഒരു മൊബൈൽ ഫോണുമായി പൊതു പ്രവർത്തകരായി നാം മാറുമ്പോൾ നമ്മൾ സി.എച് നെ പലവട്ടം ഓർക്കണം എന്നും പൊതു പ്രവർത്തനത്തിന്റെ പൂർണ്ണത സ്ഥാനമാനങ്ങൾ അല്ല എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.ജിദ്ധ കെ എം സി സി സെൻട്രൽ കമ്മറ്റി ആക്ടിംഗ് പ്രസിഡൻ്റ് റസാഖ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സൗദി നാഷണൽ കെ.എംസിസി കമ്മിറ്റി ട്രഷറർ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. മുസ്തഫ ബാരിക്ക് കെഎംസിസി, അഷ്റഫ് മുല്ലപ്പള്ളി, ഇബ്രാഹിം കൊല്ലി, നൗഷാദ് ചപ്പാരപ്പടവ് എന്നിവർ പ്രസംഗിച്ചു. ജംഷീർ വള്ളിക്കുന്ന് ഖുർആൻ പാരായണം നടത്തി. വി പി മുസ്തഫസ്വഗതവും ജലാൽ തേഞ്ഞിപ്പാലം നന്ദിയും രേഖപ്പെടുത്തി






