സൗദി അറേബ്യയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം വിപുലമാക്കി ലുലു; തായിഫിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു

തായിഫ്: ലുലുവിന്റെ സൗദി അറേബ്യയിലെ 70ആമത്തെ സ്റ്റോർ തായിഫിൽ തുറന്നു. ജിദ്ദയിലെ യുഎഇ കോൺസൽ ജനറൽ നാസര്‍ ഹുവൈദന്‍ തൈബാന്‍ അലി അല്‍കെത്ബി, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹ്മദ് ഖാന്‍ സുരി, ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ തായിഫ് മേയർ അബ്ദുള്ള ബിൻ ഖാമിസ് അൽ സൈദി ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സൗദി അറേബ്യയുടെ വിഷൻ 2030ന് പിന്തുണയേകി റീട്ടെയ്ൽ സേവനം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാ​ഗമായാണ് തായിഫിലെ പുതിയ സ്റ്റോർ.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

ഉപഭോക്താകൾക്ക് മികച്ച ഷോപ്പിങ്ങ് അനുഭവമാണ് തായിഫിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ലഭിക്കുകയെന്നും പ്രാദേശിക വികസനത്തിനൊപ്പം മികച്ച തൊഴിലവസരം കൂടിയാണ് യാഥാർത്ഥ്യമാകുന്നതെന്നും ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി.

195770 സ്ക്വയർ ഫീറ്റിലുള്ള തായിഫ് ലുലു ഹൈപ്പർമാർക്കറ്റിൽ വൈവിധ്യമാർന്ന ഉത്പന്നങ്ങൾ മികച്ച നിരക്കിലാണ് ഉപഭോക്താകൾക്ക് ലഭ്യമാക്കിയിരിക്കുന്നത്. ​ഗ്രോസറി, ഫ്രഷ് ഫുഡ് സെക്ഷൻ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ഫാഷൻ ഉത്പന്നങ്ങൾ, ബ്യൂട്ടി പ്രൊഡക്ടുകൾ, ഐ എക്സ്പ്രസ് തുടങ്ങി നിരവധി ഉത്പന്നങ്ങളുടെ ശേഖരമാണ് ഉള്ളത്. വിപുലമായ ഫുഡ് കോർട്ടും ഒരുക്കിയിട്ടുണ്ട്. ഷോപ്പിങ്ങ് സു​ഗമമാക്കാൻ ആറ് സെൽഫ് ചെക്ക്ഔട്ട് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്‌. 500 ലേറെ വാഹനങ്ങൾക്കുള്ള പാർക്കിം​ഗ് സൗകര്യമുണ്ട്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് മികച്ച ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങിനിടെ ​ഗിന്നസ് റെക്കോർഡ് നേടിയ ഷാറ്റേർഡ് ഗ്ലാസ് ആർട്ടിന് പിന്നിൽ പ്രവർത്തിച്ച സൗദി ലുലു സ്റ്റാഫുകളെ ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ആദരിച്ചു. സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സൗദി അറേബ്യക്ക് ആദരമർപ്പിച്ചായിരുന്നു സൗദി ദേശീയ ദിനത്തിന്റെ ഔദ്യോഗിക ചിഹ്നം ആലേഖനം ചെയ്ത കലാസൃഷ്ടി ലുലു യാഥാർത്ഥ്യമാക്കിയിരുന്നത്.

ലുലു ​ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, സൗദി ലുലു ഡയറക്ടർ മുഹമ്മദ് ഹാരിസ് പുതിയവീട്ടിൽ, ലുലു സൗദി വെസ്റ്റേൺ പ്രൊവിൻസ് റീജിയണൽ ഡയറക്ടർ നൗഷാദ് മഠത്തിപറമ്പിൽ അലി തുടങ്ങിയവരും ചടങ്ങിൽ ഭാ​ഗമായി.