ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സദ്ഭാവനാ ദിനം ആചരിച്ചു

ജിദ്ദ: അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമായ ആഗസ്റ്റ് 20-ന് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സദ്ഭാവനാ ദിനം ആചരിച്ചു. മലയാളികൾ കൂടുതലായി താമസിക്കുന്ന ജിദ്ദയിലെ ഷറഫിയയിലെ പോസ്റ്റ് ഓഫീസിന് സമീപത്തുള്ള പൊതുപാർക്കിൽ വൃക്ഷതൈ നട്ട് കൊണ്ടാണ് സദ്ഭാവനാ ദിനം ആചരിച്ചത്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
പരിസ്ഥിതി സൗഹൃദവും തലമുറകൾക്ക് പ്രതീക്ഷ നൽകുന്നതുമായ സന്ദേശങ്ങൾ പങ്കുവെക്കുന്നതിനാണ് വൃക്ഷതൈ നട്ട് പരിപാടിക്ക് തുടക്കം കുറിച്ചത്. ആക്റ്റിംഗ് പ്രസിഡന്റ് അസീസ് ലാക്കൽ, സീനിയർ ഒ.ഐ.സി.സി നേതാവ് സൈഫുദ്ധീൻ വാഴയിൽ എന്നിവർ ചേർന്ന് വൃക്ഷതൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. ദിനാഘോഷത്തിന്‍റെ ഭാഗമായി കമാൽ കളപ്പാടൻ സദ്ഭാവനാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, മതേതര മൂല്യങ്ങൾ, ദേശീയ ഐക്യം, സഹോദര്യം എന്നിവ സംരക്ഷിക്കേണ്ടതിന്റെ പ്രസക്തി സദ്ഭാവനാ ദിനത്തിൽ ഓർമ്മിപ്പിച്ചു.
ഉസ്മാൻ മേലാറ്റൂർ വൃക്ഷതൈക്ക് വെള്ളമൊഴിച്ചു പരിപാടിക്ക് ചിറകൂന്നി. ‘വൃക്ഷതൈ നടൽ പ്രകൃതിയോട് മാത്രം ഉള്ള കടമയല്ല, മറിച്ച് വരും തലമുറകളോട് ഉള്ള ഉത്തരവാദിത്വവുമാണ്’ എന്ന സന്ദേശം പരിപാടിയിലൂടെ സമൂഹത്തിന് നൽകി.
പ്രവാസി സമൂഹത്തിൽ ഐക്യവും സൗഹൃദവും വളർത്തിയെടുക്കുന്നതിനുള്ള നിരവധി പദ്ധതികളാണ് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സ്ഥിരമായി സംഘടിപ്പിക്കാറുള്ളത്. യു.എം. ഹുസൈൻ മലപ്പുറം, ഫൈസൽ മക്കരപ്പറമ്പ, മുജീബ് കാളികാവ്, പി.കെ. നാദിർഷ, ശരീഫ് മാസ്റ്റർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.






