ബിജെപിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഒത്തുകളി രാജ്യത്തെ ജനാധിപത്യത്തിന് വൻ ഭീഷണി; ജിദ്ദ കെഎംസിസി സംഘടനാ പാർലിമെന്റ്

ജിദ്ദ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം തെളിവ് സഹിതം പുറത്തു വിട്ട തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക ക്രമക്കേട് ഞെട്ടിക്കുന്നതാണെന്നും രാജ്യത്തെ ജനാതിപത്യ വ്യവസ്ഥിതി അട്ടിമറിച്ചാണ് മോഡി സർക്കാർ അധികാരത്തിലേറിയതെന്ന് വ്യക്തമായിരിക്കയാണെന്നും ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സംഘടനാ പാർലിമെന്റ് അഭിപ്രായപ്പെട്ടു. രാജ്യം ഇത് വരെ കണ്ടില്ലാത്ത വിധം തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വജന പക്ഷപാതരമായി ബിജെപിക്ക് വേണ്ടി വോട്ടേഴ്‌സ് ലിസ്റ്റിൽ കൃതിമം നടത്തിയാണ് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ വിജയത്തിലെത്തിക്കുന്നത്. ഇതിനെതിരെ ജനാതിപത്യ ഇന്ത്യയുടെ ശബ്ദമുയരണമെന്നും കെഎംസിസി സംഘടന പാർലമെൻ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കെഎംസിസി നേതൃ നിരയെ സജ്ജമാക്കുന്നതിന്റെ ഭാഗമായി “പ്രവാസി സൗഹൃദ പ്രാദേശിക സർക്കാർ” എന്ന ശീർഷകത്തിൽ ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന സംഘടനാ പാർലിമെന്റ് ക്യാമ്പിൽ ജിദ്ദയിലെ വിവിധ ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത് തലങ്ങളിലെ കെഎംസിസി സംഘടനാ ഭാരവാഹികൾ പങ്കെടുത്തു.

പ്രമുഖ ചിന്തകനും ഗ്രന്ഥകാരനും മുസ്ലിം രാഷ്ട്രീയ ധൈഷണിക പ്രതിഭയുമായ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സി വടകര സംഘടനാ പാർലമെൻ്റ് ക്യാമ്പ് ഉത്ഘാടനം ചെയ്തു. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ചു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പിന്നാക്കത്തിൻ്റെ മാറാപ്പ് ഭാണ്ഡം പേറി പള്ളിക്കൂടത്തിൻ്റെ പടി കടക്കാൻ പോലും സാധ്യമല്ലാതെ അപകർഷതയിൽ അകപ്പെട്ടു പോയ സമുദായത്തിൻ്റെ മുമ്പിൽ വിജ്ഞാനത്തിൻ്റെ വാതിൽ തുറന്ന് കൊടുത്തത് മുസ്ലിം ലീഗാണ്. ഇന്ന് കാണുന്ന എല്ലാ വിദ്യാഭ്യാസ സാമൂഹ്യ പുരോഗതിയുടെയും കാരണം മുസ്ലിം ലീഗ് നേതാക്കളുടെ പരിശ്രമമാണ്. വർഗ്ഗീയതയുടെ ചാപ്പ കുത്തി മാറ്റി നിർത്താൻ ശ്രമിച്ച പാർട്ടിയെ മഹനീയമായ മതേത മാതൃക കൊണ്ട് പാകപെടുത്തി ദേശീയ പാർട്ടികളുടെ മുൻനിരയിലെത്തിച്ച മഹാരഥൻമാരായ പൂർവ്വകാല നേതാക്കളുടെ മാതൃക നാം മറക്കരുതെന്ന് ഉൽഘാടന പ്രസംഗത്തിൽ എം.സി ചൂണ്ടികാണിച്ചു.

രണ്ടു സെഷനുകളിലായി നടന്ന സംഘടനാ പാർലിമെന്റ് ക്യാമ്പിൽ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിമാരായ അൻവർ മുള്ളമ്പാറ ‘മുസ്ലിം ലീഗിന്റെ സ്വത്വ രാഷ്ട്രീയ പ്രസക്തി’, ഉസ്‌മാൻ താമരത്ത് ‘ഇലക്ട്രൽ പൊളിറ്റിക്സും സംഘടന രീതിശാസ്ത്രവും’ എന്നീ വിഷയങ്ങൾ ആസ്‌പദമാക്കി ക്‌ളാസുകൾ എടുത്തു. സംഘടപ്രവർത്തകർ നിർവഹിക്കേണ്ട ചുമതലകൾ, ഉത്തരവാദിത്വങ്ങൾ, സുതാര്യതകൾ, മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ ആവശ്യകത, മതേതര സമൂഹത്തിൽ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ മുൻകാല നേതാക്കളുടെ ഇടപെടലുകളും പൊതു സമൂഹത്തിന്റെ സ്വീകാര്യത നേടുന്നതിന് നിദാനമായ പ്രവർത്തങ്ങൾ , ഹൈദ്രബാദ് ആക്ഷൻ കാലത്ത് സയ്യിദ് പൂക്കോയ തങ്ങളെ ജയിലിലേക്ക് കൊണ്ടുപോയ അതെ ഭരണവ്യവസ്ഥിതി സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾക്ക് ഔദ്യോഗിക ബഹുമതിയോടെ ഖബറടക്കം നൽകുന്ന സാഹചര്യം സൃഷ്ടിച്ച മുസ്ലിം ലീഗിന്റെ മതേതര സമൂഹത്തിലെ പ്രയാണത്തെ കുറിച്ച് പ്രവർത്തകരിൽ അവബോധമുണർത്തുന്ന വിവിധ കാര്യങ്ങളിൽ ഊന്നി ക്‌ളാസ്സുകൾ നടന്നു.
നാഷണൽ കെഎംസിസി പ്രസിഡണ്ട് കുഞ്ഞിമോൻ കാക്കിയ, നിസാം മമ്പാട്, നാസർ വെളിയങ്കോട്, നാസർ എടവനക്കാട്, അബ്ദുൽ റഹ്‌മാൻ വെള്ളിമാടക്കുന്ന്, ഇസ്മായിൽ മുണ്ടക്കുളം, റസാഖ് മാസ്റ്റർ, എ കെ ബാവ, ലത്തീഫ് മുസ്ലിയാരങ്ങാടി, ഇസ്ഹാഖ് പൂണ്ടോളി, ശിഹാബ് താമരക്കുളം, ഹസ്സൻ ബത്തേരി, ലത്തീഫ് കളരാന്തിരി, ഷൗക്കത്ത് ഞാറക്കോടൻ, സാബിൽ മമ്പാട്, ഹുസൈൻ കരിങ്കറ, ഷക്കീർ മണ്ണാർക്കാട്, അഷ്റഫ് താഴെക്കോട്, സിറാജ് കണ്ണവം, ലത്തീഫ് വെള്ളമുണ്ട, വിവിധ സെഷനുകളിൽ സംസാരിച്ചു. നാഷണൽ കെഎംസിസി ഉപസമിതി അംഗങ്ങളായ നസീർ വാവക്കുഞ്ഞു, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, മജീദ് പുകയൂർ ജില്ല കമ്മിറ്റി ഭാരവാഹികൾ എന്നിവർ വിവിധ സെഷനുകളിൽ ആശംസകൾ നേർന്നു. സുബൈർ വട്ടോളി പ്രമേയം അവതരിപ്പിച്ചു. വി പി മുസ്തഫ സ്വാഗതവും നാസർ മച്ചിങ്ങൽ നന്ദിയും പറഞ്ഞു.






