അബീർ ബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റിന്റെ ആറാമത് എഡിഷന് ഉജ്വല തുടക്കം

ജിദ്ദ:  സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറത്തിലെ അംഗ ക്ലബുകളെ ഉൾപ്പെടുത്തി ജിദ്ദയിലെ പ്രമുഖ ക്ലബ്ബായ ബ്ലൂ സ്റ്റാർ ക്ലബ് സംഘടിപ്പിക്കുന്ന ആറാമത് ഇലവൻസ് ഫുട്ബാൾ ടൂർണ്ണമെന്റായ അബീർ ബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റ് 2025 ന് ജിദ്ദ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റ് അൽറുസൂഫ് ബ്ലൂസ്റ്റാർ സ്റ്റേഡിയത്തിൽ തുടക്കമായി.  ബ്ലൂസ്റ്റാർ ക്ലബ് പ്രസിഡണ്ട് ഷരീഫ് പരപ്പൻ അധ്യക്ഷതയിൽ  സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം പ്രസിഡണ്ട് ബേബി നീലാമ്പ്ര ടൂർണമെന്റ് ഉത്ഘാടനം ചെയ്തു. ഉത്ഘാടന ചടങ്ങുകൾക്ക് ബ്ലൂസ്റ്റാർ ക്ലബ് ജനറൽ സെക്രട്ടറി ഷഫീഖ് പട്ടാമ്പി സ്വാഗതവും വൈസ് പ്രസിഡണ്ട് ഷെരീഫ് സാംസങ് നന്ദിയും പറഞ്ഞു. സിഫ് ജനറൽ സെക്രട്ടറി നിസാം മമ്പാട് ആശംസകൾ നേർന്ന് സംസാരിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം പ്രസിഡണ്ട് ബേബി നീലാമ്പ്ര ടൂർണമെന്റ് ഉത്ഘാടനം ചെയ്യുന്നു 

ടൂർണമെന്റിലെ ബി ഡിവിഷൻ ആദ്യ മത്സരത്തിൽ ആതിഥേയരായ അബീർ എക്സ്പ്രസ്സ് ബ്ലൂസ്റ്റാർ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ടെക്സോ പാക്ക് ന്യൂ കാസിൽ എഫ് സിയെ പരാജയപ്പെടുത്തി. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ നിബിൽ നേടിയ ഗോളിന് ന്യൂ കാസിൽ ലീഡ് നേടിയെങ്കിലും പതിയെ താളം വീണ്ടെടുത്ത ബ്ലൂ സ്റ്റാർ അലൻ സോളമൻ (2) സുഫൈദ് എന്നിവർ നേടിയ  ഗോളുകളിലൂടെ ഇടവേളക്ക് പിരിയുമ്പോൾ തന്നെ 3 – 1 ൻറെ ലീഡെടുത് മത്സരത്തിലേക്ക് തിരിച്ചു വന്നിരുന്നു. രണ്ടാം പകുതിയിൽ ന്യൂ കാസിൽ താരങ്ങൾ ഗോൾ മടക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം  പരിചയ സമ്പന്നരായ മുസ്തഫ ഒതുക്കുങ്ങൽ, നിഷാദ് മങ്കട എന്നിവരുടെ നേതൃത്വത്തിൽ അണിനിരന്ന ബ്ലൂ സ്റ്റാർ പ്രധിരോധ നിര സമർത്ഥമായി തടുത്തു കൊണ്ട് ലീഡ് കാത്തു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ന്യൂ കാസിലിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോൾ ആക്കിക്കൊണ്ട് മുഹമ്മദ് ഷുഹൈബ് ടീമിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ശ്രമം നടത്തിയെങ്കിലും കൂടുതൽ ഗോൾ വഴങ്ങാതെ ബ്ലൂസ്റ്റാർ ടീം ടൂർണമെന്റിലെ ആദ്യ ജയം സ്വന്തമാക്കി. ബ്ലൂസ്റ്റാറിന്റെ അലൻ സോളമൻ മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.

ബി ഡിവിഷൻ രണ്ടാം മത്സരത്തിൽ വെൽകണക്ട് ട്രേഡിങ്ങ് ഫ്രണ്ട്‌സ് ജിദ്ദ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് വിജയ് മസാല ബി എഫ് സി യെ പരാജയപ്പെടുത്തി. മുഹമ്മദ് ജവാസിൻ ( 2 ) റിയാസ് വയനാട് എന്നിവർ ഫ്രണ്ട്സിന് വേണ്ടി ഗോളുകൾ നേടി. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളുകൾ നേടി ഫ്രണ്ട്‌സ് ടീം മത്സരത്തിൽ ആധിപത്യം നേടിയിരുന്നു. ഫ്രണ്ട്‌സ് ജിദ്ദയുടെ മുഹമ്മദ് ജവാസിൻ ആണ് മത്സരത്തിലെ മികച്ച താരം.

സിഫ് ഫുട്ബോളിലെ പ്രമുഖർ ഏറ്റുമുട്ടിയ ടൂർണമെന്റിന്റെ സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിൽ സിഫ് മുൻ ചാമ്പ്യന്മാരായ ചാംസ് സബീൻ എഫ് സിയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തകർത്തു കൊണ്ട് ബ്ലാസ്റ്റേഴ്‌സ് എഫ് സി ആദ്യ ജയവും വിലപ്പെട്ട മൂന്ന് പോയിന്റും കരസ്ഥമാക്കി.  ഗോകുലം എഫ് സി താരം മുഹമ്മദ് ജിയാദ്, മുഹമ്മദ് നിയാസ് എന്നിവരുടെ നേതൃത്വത്തിൽ മത്സരത്തിന്റെ തുടക്കം മുതൽ മികച്ച പാസിംഗ് ഗെയിമിലൂടെ സബീൻ എഫ് സി ഗോൾമുഖത്തേക്ക് ഇരച്ചു കയറിയ ബ്ലാസ്റ്റേഴ്‌സ് എഫ് സി ആക്രമങ്ങളെ ചെറുക്കാൻ സബീൻ നായകൻ ഷാഫി, സൽമാനുൽ ഫാരിസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിരോധ നിര നന്നേ പാടുപെട്ടു. ഫാസിലിന്റെ നേതൃത്വത്തിലുള്ള ബ്ലാസ്റ്റേഴ്‌സ് മധ്യനിര മുന്നേറ്റ നിരക്ക് നിരന്തരം പന്തുകൾ എത്തിച്ചു കൊണ്ട് ആക്രമങ്ങൾക്ക് മികച്ച പിന്തുണ നൽകി. ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ലഭിച്ച പെനാൽറ്റി സബീൻ എഫ് സിയുടെ പരിചയ സമ്പന്നനായ ഗോൾകീപ്പർ ഷറഫുദ്ദിന് യാതൊരു അവസരവും നൽകാതെ ഗോളാക്കി മാറ്റിക്കൊണ്ട് മുഹമ്മദ് ജിയാദാണ് ഗോൾവേട്ടക്ക് തുടക്കമിട്ടത്. അധികം വൈകാതെ മൈതാനത്തിന്റെ ഇടത്തെ മൂലയിൽ നിന്ന് മൂന്ന് പ്രതിരോധ നിരക്കാരെ സമർത്ഥമായി വെട്ടിയൊഴിഞ്ഞു ഗോൾ പോസ്റ്റിന്റെ വലതു മൂലയിലേക്ക് അടിച്ചു കയറ്റിയ വേൾഡ്ക്ലാസ്സ് ഗോളിലൂടെ മുഹമ്മദ് ജിയാദ് തന്നെ ടീമിന്റെ ലീഡ് രണ്ടാക്കി ഉയർക്കി. ഇടവേളക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് സബീൻ എഫ് സി ഗോൾ പോസ്റ്റിനു മുപ്പത് വാര അകലെ നിന്ന് ലഭിച്ച ഫ്രീ കിക്ക്‌ ക്രോസ്സ് ബാറിൽ തൊട്ടുരുമ്മി ഗോൾ വലയിലേക്ക് താഴ്ന്നിറങ്ങിയ മനോഹരമായ കർവിങ് ഷോട്ടിലൂടെ മുഹമ്മദ് നിയാസ് മൂന്നാം ഗോളും നേടി  മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ  ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ ആധിപത്യം ഉറപ്പിച്ചു . മുഹമ്മദ് ജിയാദ് ആണ് മത്സരത്തിലെ മികച്ച താരം.

ഓരോ മത്സരങ്ങളിലെയും മികച്ച കളിക്കാരായി തിരഞ്ഞെടുക്കപ്പെട്ട താരങ്ങൾക്കുള്ള വിജയ് മസാല നൽകുന്ന ട്രോഫിയും കിറ്റും, ഷീറ ലാത്തിൻ നൽകുന്ന ഗിഫ്റ് കിറ്റും സിഫ്‌ വൈസ് പ്രസിഡണ്ട് സലാം കാളികാവ്, എൻകംഫർട് എം ഡി ലത്തീഫ് പെരിന്തൽമണ്ണ, മമ്പാട് പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ അലി മമ്പാട് എന്നിവർ താരങ്ങൾക്ക് സമ്മാനിച്ചു.

സിഫ് സീനിയർ വൈസ് പ്രസിഡണ്ട് സലിം മമ്പാട്, സാദിഖ് അലി തുവൂർ, സിഫ് ജനറൽ കാപ്റ്റൻ അൻവർ കരിപ്പ, വൈസ് പ്രസിഡന്റ് ഫിറോസ് ചെറുകോട് തുടങ്ങിയവർ കളിക്കാരുമായി പരിചയപ്പെട്ടു.

ഉത്ഘാടനത്തോടനുബന്ധിച്ചു പെൻറീഫ് കൂട്ടായ്മയിലെ കലാകാരികൾ അവതരിപ്പിച്ച ഒപ്പനയും സിനിമാറ്റിക് ഡാൻസും കാണികൾക്ക് നല്ല അനുഭവമായി. അടുത്ത വെള്ളിയാഴ്ച ടൂർണമെന്റിൽ നാലു മത്സരങ്ങൾ ഉണ്ടായിരിക്കും. ഏഴ് മണിക്ക് ആദ്യ മത്സരത്തിൽ  വെറ്ററൻസ് വിഭാഗത്തിൽ ഹിലാൽ എഫ് സി അബീർ ഫ്രൈഡേ എഫ് സി ജിദ്ദയുമായി ഏറ്റുമുട്ടും. തുടർന്ന് ബി ഡിവിഷൻ മത്സരങ്ങളിൽ അറബ് ഡ്രീംസ് എ സി സി ബി ടീം റീം യാസ് എഫ് സിയുമായും, ക്സൈക്ളോൺ ഐ ടി സോക്കർ എഫ് സി റെഡ് സീ ബ്ലാസ്റ്റേഴ്‌സ്മായും ഏറ്റുമുട്ടും. അവസാന മത്സരത്തിൽ സൂപ്പർ ലീഗിൽ സിഫ് ഫുട്ബാളിലെ മുൻ ചാമ്പ്യന്മാരും  രണ്ട് വൻശക്തികളുമായ എൻകംഫർട് എ സി സി എ ടീമും റീം റിയൽ കേരളയും ഏറ്റുമുട്ടും

ടൂര്ണമെന്റിനോടനുബന്ധിച്ചു കാണികൾക്കായി നറുക്കെടുപ്പിലൂടെ ഓരോ ആഴ്ചയിലും എൽ ഇ ഡി ടെലിവിഷൻ തുടങ്ങിയ സമ്മാനങ്ങൾക്ക് പുറമെ ബമ്പർ സമ്മാനമായി നാട്ടിൽ ഒരു സ്‌കൂട്ടിയും നൽകുന്നതെന്ന് സംഘാടകർ അറിയിച്ചു.