റീമയുടെ ഫോൺ സംഭാഷണം പുറത്ത്, കുഞ്ഞിനെ കിട്ടാൻ ഭ‍ര്‍ത്താവ് വാശിപിടിക്കുന്നതായി ശബ്ദരേഖയിൽ

പഴയങ്ങാടി: കുഞ്ഞുമായി പുഴയിൽ ചാടി മരിച്ച കണ്ണൂർ സ്വദേശി റീമയുടെ ഭർത്താവ് കുഞ്ഞിനെ വേണമെന്നാവശ്യപ്പെടുന്ന ഫോൺ സംഭാഷണം പുറത്ത് വന്നു. റീമ കുഞ്ഞുമായി ജീവനൊടുക്കിയതിന്റെ ഒരു ദിവസം മുൻപുള്ളതാണ് ഫോൺ സംഭാഷണം. കമൽരാജിന്റെ അമ്മയാണ് പ്രശ്നത്തിന് കാരണമെന്ന് ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്. അമ്മയുടെ അടുത്തേക്ക് കുഞ്ഞിനെ അയക്കില്ല എന്നും വൃത്തികെട്ട സ്ത്രീയാണ് അവർ എന്നും പറയുന്നുണ്ട്. കുഞ്ഞിനെയും കൊണ്ട് ആത്മഹത്യ ചെയ്യുമെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്.

പരസ്പര ധാരണയോടെ പിരിയാമെന്ന് പറയുന്ന റീമ കുഞ്ഞിനെ കിട്ടാൻ കമൽരാജ് വാശിപിടിക്കുന്നതും സംഭാഷണത്തിൽ വ്യക്തമായുണ്ട്. തന്റെയും മകന്റെയും മരണത്തിനുത്തരവാദി ഭർത്താവും അമ്മയുമാണെന്നാണ് റീമയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. ഇവർ രണ്ടുപേരും നിരന്തരം മാനസികമായി പീഡിപ്പിച്ചു. വീട്ടിൽ നിന്ന് കുഞ്ഞിനൊപ്പം പുറത്താക്കി. കുഞ്ഞിന് വേണ്ടി കമൽരാജ് ഭീഷണി മുഴക്കിയെന്നും റീമ പറയുന്നുണ്ട്.

സംഭവത്തിൽ പഴയങ്ങാടി പൊലീസ് അന്വേഷണം തുടരുകയാണ്.