എം ഇ എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു

ജിദ്ദ: എം ഇ എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ പുതുതായി തെരെഞ്ഞെടുത്ത കമ്മറ്റിയുടെ നേതൃത്വത്തിൽ ജിദ്ദയിലും പരിസര പ്രദേശങ്ങളിലുമായി പ്രവാസത്തിലുള്ള എല്ലാ എം ഇ എസ് മമ്പാട് കോളേജ് പൂർവ്വ വിദ്യാർത്ഥികളേയും കുടുംബങ്ങളെയും ഉൾപ്പെടുത്തി മെഗാ മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തും. അടുത്ത രണ്ട് വർഷത്തേക്കുള്ള മെമ്പർഷിപ്പിനുള്ള ക്യാമ്പയിൻറെ ഉൽഘാടനം സലിം മമ്പാടിന് മെമ്പർഷിപ് നൽകികൊണ്ട് പ്രവർത്തക സമിതി യോഗത്തിൽ രാജീവ് ടി പി നിർവഹിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
അലുമ്‌നിയുടെ പ്രവർത്തനം വ്യവസ്ഥാപിതവും, മെമ്പർമാർക്ക് ഉപകാരപ്രദവുമായ രീതിയിൽ മുന്നോട്ട് കൊണ്ട് പോവുന്നതിന് വേണ്ടി വിവിധ വകുപ്പുകൾക്ക് കീഴിൽ ക്രമപെടുത്തി പ്രവർത്തനം ഊർജ്ജിതപ്പെടുത്തും. വിവിധ സബ് കമ്മറ്റികൾക്ക് കൺവീനർമാരേയും മെമ്പർമാരേയും തെരെഞ്ഞെടുത്തു. മെമ്പർ ഷിപ്പ് വിംഗ്, കൾച്ചറൽ ഇവെന്റ്സ്, വെൽഫെയർ, പബ്ലിക് റിലേഷൻസ് & പബ്ലിസിറ്റി, കരിയർ & ഗൈഡൻസ്, ഫിനാൻസ് മാനേജ്‍മെന്റ് തുടങ്ങിയവയാണ് വിവിധ വിംഗ്‌കളായി രൂപീകരിച്ചിട്ടുള്ളത്.
ഓരോ വിങ്ങുകൾക്ക് കീഴിലും പ്രാവർത്തികമാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ചുള്ള ചർച്ചകൾക്ക് കൺവീനർമാരായ ഷബീർ കല്ലായി, ഹസീന അഷ്‌റഫ്, ഷമീർ പി, മൂസ്സ പട്ടത്ത്, ഷമീല പി, സാബിൽ മമ്പാട് തുടങ്ങിയവർ നേതൃത്വം നൽകി
അലുംനി മെമ്പർമാരുടെ ഡാറ്റകൾ ശേഖരിക്കുന്നതിന് വേണ്ടി മെമ്പർ ഷിപ്പ് വിംഗ് പുറത്തിറക്കിയ ഗൂഗിൾ ഫോമിലൂടെ എല്ലാ അലുംനി അംഗങ്ങളും മെമ്പർഷിപ്പ് എടുത്ത് ഈ സംഘടനയുടെ ഭാഗമാകണമെന്നും, വിവിധ സോഷ്യൽ മീഡിയ ഹാൻഡ്ലുകളിൽ ഫോം ലഭ്യമാവുമെന്നും ഭാരവാഹികൾ അറിയിച്ചു.
പ്രസിഡന്റ് രാജീവ് ടി പി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി തമീം അബ്ദുല്ല സ്വാഗതവും മൂസ പാണ്ടിക്കാട് നന്ദിയും പറഞ്ഞു. പുതിയ വകുപ്പ് കൺവീനർമാരുടെ പ്രഖ്യാപനം ട്രഷറർ പി എം എ ഖാദർ നടത്തി.