സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേയുള്ള ആദ്യ ഹാജിമാരുടെ സംഘം മക്കയിൽ എത്തി

♠ അസ്മ ജംഷീദ്
ജിദ്ദ: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേയുള്ള ഹാജിമാരുടെ ആദ്യ സംഘം ജിദ്ദ വിമാനത്താവളം വഴി മക്കയിലെ അസീസിയയിൽ എത്തി. സൗദി സമയം ശനിയാഴ്ച രാവിലെ 4 : 22 നു ആണ് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെർമിനലിൽ ഹരിമാരെയും വഹിച്ചുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഇറങ്ങിയത്. വിമാനത്തിൽ 77 പുരുഷന്മാരും 95 സ്ത്രീകളും ഉൾപ്പെടെ 172 തീർഥാടകരാണ് എത്തിയത്. ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് സൂര്യയുടെയും മറ്റ് ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും സൗദി ഹജ്ജ് മന്ത്രാലയ മേധാവികളും ഹാജിമാരെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. ഹാജിമാരുടെ സഹായത്തിന് ഹജ്ജ് ടെർമിനലിൽ ജിദ്ദ കെഎംസിസി പ്രവർത്തകർ ഉണ്ടായിരുന്നു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
ജിദ്ദയിൽ വിമാനമിറങ്ങിയ ഹാജിമാർ സൗദി സർക്കാരിന്റെ കീഴിലുള്ള ഹജ്ജ് സേവകരായ മുതവഫുമാർ ഒരുക്കിയ ബസ്സുകളിൽ മക്കയിലേക്ക് പോയി.
പാനീയങ്ങളും പഴങ്ങളും ഈത്തപ്പഴവും അടങ്ങിയ കിറ്റ് വിമാനത്താവളത്തിൽ ഹാജിമാർക്കായി കെഎംസിസി പ്രവർത്തകർ വിതരണം ചെയ്തു. വിമാനമിറങ്ങിയ ഹാജിമാർക്ക് മലയാളി സന്നദ്ധ പ്രവർത്തകരുടെ സാമീപ്യം വലിയ ആശ്വാസമാണ് നൽകിയതു. ജിദ്ദ കെഎംസിസി സെൻട്രൽ ഭാരവാഹികളും വനിതകൾ ഉൾപ്പെടെയുള്ള നിരവധി കെഎംസിസി വളണ്ടിയർമാരും വിമാനത്താവളത്തിൽ സന്നിഹിതരായിരുന്നു. അഹമ്മദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര, വി പി മുസ്തഫ എന്നിവർ നേതൃത്വം നൽകി.
ജിദ്ദ വിമാനത്താവളത്തിൽ നിന്നും സൗദി സമയം രാവിലെ 7 .30 ഓടെ ഹാജിമാർ മക്കയുടെ അസീസിയയിലുള്ള തങ്ങളുടെ താമസ സ്ഥലത്തെത്തി. അസീസിയയിലും ഹാജിമാർക്ക് ഊഷ്മള സ്വീകാരണമാണ് ലഭിച്ചത്. അസീസിയയിൽ കെട്ടിടനമ്പർ 92 ഇൽ ആണ് ഇവർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്.
ശനിയാഴ്ച കരിപ്പൂരിൽനിന്നുള്ള രണ്ടാമത്തെ വിമാനം വൈകീട്ട് 4.30ന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് സൗദി സമയം രാത്രി എട്ടിന് ജിദ്ദയിലെത്തും. 87 പുരുഷന്മാരും 86 സ്ത്രീകളുമുൾപ്പെടെ 173 തീർഥാടകരാണ് ഇതിൽ യാത്ര ചെയ്യുന്നത്.