മോദിയെ പരിഹസിച്ച കോൺഗ്രസിനെതിരെ ഇന്ത്യ സഖ്യകക്ഷികൾ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനില്ലെന്ന് പരിഹസിച്ച കോൺഗ്രസിനെതിരെ ഇന്ത്യ സഖ്യകക്ഷികൾ രംഗത്ത്. തൃണമൂൽ കോൺഗ്രസ്സ്, ബിഎസ്പി, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, എന്നിവരാണ് രംഗത്തുവന്നിട്ടുള്ളത്. സമൂഹ മാധ്യമ അക്കൌണ്ടുകളുടെ ചുമതലയുള്ള വക്താവ് സുപ്രിയ ശ്രീ നെയ്റ്റ് ആണ് എക്സ് പേജിൽ മോദിക്കെതിരെ പരിഹാസ പോസ്റ്റ് ഇട്ടത്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
മോദി എവിടെയും പോയിട്ടില്ലെന്നും ദില്ലിയിൽ തന്നെയുണ്ടെന്നും മതിയായ ഇടപെടലുകൾ മോദി നടത്തുന്നുണ്ടെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു. വിമർശനം ഈ ഘട്ടത്തിൽ അംഗീകരിക്കാവുന്നതല്ലെന്ന് തൃണമൂൽ കോൺഗ്രസ്സ് വ്യക്തമാക്കിയി. വൃത്തികെട്ട രാഷ്ട്രീയം കളിക്കേണ്ട സമയമല്ല. രാജ്യം ഒന്നിച്ച് നിൽക്കേണ്ട സമയത്ത് വകതിരിവ് കാണിക്കണമെന്നും രൂക്ഷ വിമർശനവുമായി ബിഎസ്പി നേതാവ് മായാവതിയും രംഗത്തെത്തി.
കടുത്ത വിമർശനത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റ് കോൺഗ്രസ് ഇന്നലെ പിൻവലിച്ചിരുന്നു. ഉത്തരവാദിത്വം കാട്ടേണ്ട സമയത്ത് പ്രധാനമന്ത്രിയെ കാണുന്നില്ല എന്നാണ് കോണ്‍ഗ്രസ് എക്സിലെ കുറിപ്പിൽ വിമർശിച്ചത്. തലയില്ലാത്ത ചിത്രത്തിൽ പ്രധാനമന്ത്രി മോദിയുടേതിന് സമാനമായ വസ്ത്രധാരണം നടത്തിയ ഉടലിന്‍റെ ചിത്രമാണ് പങ്കുവെച്ചത്. Gayab എന്നും ഫോട്ടോയിൽ തലയ്ക്ക് മുകളിൽ കുറിച്ചിരുന്നു. ഈ പോസ്റ്റ് വലിയ തോതിൽ ചർച്ചയായതിന് പിന്നാലെ പാകിസ്ഥാന്‍റെ പിആർ ഏജൻറുമാരാണ് കോണ്‍ഗ്രസെന്ന് ബിജെപി പ്രചാരണം തുടങ്ങി. ഇന്നലെ രാത്രി വൈകി ഔദ്യോഗിക ഹാൻഡിലിൽ നിന്നും പോസ്റ്റ് പിൻവലിച്ചു.
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രതികരണങ്ങളിൽ നേതാക്കൾക്ക് കോൺഗ്രസ് ദേശീയ നേതൃത്വം കടുത്ത താക്കീതും നൽകി. പാർട്ടി ലൈനിൽ നിന്ന് മാറി പഹൽഗാം ആക്രമണത്തിൽ പ്രതികരിച്ചാൽ നേതാക്കൾക്കെതിരെ പദവി നോക്കാതെ നടപടിയെടുക്കുമെന്ന് പാർട്ടി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കി.