മൈത്രി കാരുണ്യ ഹസ്തം പദ്ധതിക്യാന്‍സര്‍ രോഗികള്‍ക്കായുള്ള സാന്ത്വന സഹായ വിതരണം

മൈത്രി കാരുണ്യ ഹസ്തം പദ്ധതിക്യാന്‍സര്‍ രോഗികള്‍ക്കായുള്ള സാന്ത്വന സഹായ വിതരണം ഇന്ന്.

റിയാദ് മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയുടെ 20 ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മൈത്രി കാരുണ്യഹസ്തം പദ്ധതിയിലൂടെ ഇരുപത് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നാളെ വിതരണം ചെയ്യുന്നു. കരുനാഗപ്പള്ളി താലൂക്കില്‍പ്പെട്ട 200 ക്യാന്‍സര്‍ രോഗികള്‍ക്കായി പതിനായിരം രുപ വെച്ച് നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

2025 ഏപ്രില്‍ 26 ശനിയാഴ്ച്ച ഉച്ചക്ക് 2 മണി മുതല്‍ കരുനാഗപ്പള്ളി ശ്രീധരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് പ്രമുഖ ക്യാന്‍സര്‍ രോഗവിദഗ്ദ്ധന്‍ ഡോ: വി.പി ഗംഗാധരന്‍ ”ക്യാന്‍സറിനെ പേടിക്കണ്ട” എന്ന വിഷയത്തെ ആസ്പദമാക്കി നയിക്കുന്ന ക്ലാസും അതോടൊപ്പം സംശയ നിവാരണ അവസരവും ഉണ്ടായിരിക്കും. തുടര്‍ന്ന് നടക്കുന്ന സാംസ്‌ക്കാരിക പരിപാടി മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. സാമ്പത്തിക സഹായ വിതരണോത്ഘാടനം അഡ്വ: അടൂര്‍ പ്രകാശ് എം.പി നിര്‍വ്വഹിക്കും. മുഖ്യപ്രഭാഷണം സി.ആര്‍ മഹേഷ് എം.എല്‍.എ, സാമ്പത്തിക സഹായ വിതരണം ഡോ: സുജിത്ത് വിജയന്‍പിള്ള എം.എല്‍ എയും കോവൂര്‍ കുഞ്ഞുമോൻ എം.എല്‍.എയും നിര്‍വ്വഹിക്കും.

നഗരസഭ ചെയര്‍മാന്‍ പടിപ്പുര ലത്തീഫ്, അഡ്വ: എ എം ആരിഫ് (മുന്‍ എം.പി), ഗാന്ധിഭവന്‍ സെക്രട്ടറിയും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ:പുനലൂര്‍ സോമരാജന്‍, സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകന്‍ നസീര്‍ വെളിയില്‍, പ്രവാസി ഭാരതീയ പുരസ്‌ക്കാര ജേതാവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഷിഹാബ് കൊട്ടുകാട് തുടങ്ങിയ ജനപ്രതിനിധികളും, സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ വ്യാവസായിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങില്‍ സംബന്ധിക്കും.

ജീവകാരുണ്യ രംഗത്തെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ മാനിച്ച് ലിവിഡസ് ഫാര്‍മസ്യൂട്ടിക്കല്‍സ് സി.ഇ.ഒ ഫിറോസ് നല്ലാന്തറയില്‍, ശ്രീധരീയം കണ്‍വെന്‍ഷന്‍ സെന്റര്‍ മാനേജിം ഡയറക്ടര്‍ മദനന്‍ പിള്ള എന്നിവരെ മൈത്രി കൂട്ടായ്മ ചടങ്ങില്‍ ആദരിക്കും.

റിയാദിലുള്ള കരുനാഗപ്പള്ളി താലൂക്കുകാരുടെ കൂട്ടായ്മയായി 2005 ല്‍ രൂപവത്കരിച്ചതാണ് മൈത്രി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മ ഇതിനോടകം ആലംബ ഹീനരും രോഗികളും പാവപ്പെട്ടവരുമായ നിരവധി പേര്‍ക്ക് ആശ്വാസം പകര്‍ന്നുകഴിഞ്ഞു. കരുനാഗപ്പള്ളി പ്രദേശക്കാരുടെ കൂട്ടായ്മയാണെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഗുണഫലം ദേശ, ഭാഷ, മത വ്യത്യാസമില്ലാതെ കാസര്‍കോട് മുതല്‍ കന്യാകുമാരി വരെയുള്ള ആളുകള്‍ക്ക് സഹായങ്ങള്‍ എത്തിക്കുവാന്‍ മൈത്രിക്ക് കഴിഞ്ഞിട്ടുണ്ട്. തുടര്‍ന്നും ഈ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കള്‍ പൊതുസമൂഹമായിരിക്കും. ഇതിനോടകം മൈത്രിക്ക് മൂന്ന് കോടിയോളം രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി സഹായിക്കാന്‍ സാധിച്ചിട്ടുണ്ട് . ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്ന ഈ കൂട്ടായ്മ കലാ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിലും സുസ്ത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വച്ചിട്ടുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് റഹ്മാന്‍ മുനമ്പത്ത്, ജനറല്‍ കണ്‍വീനറും അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനുമായ ഷംനാദ് കരുനാഗപ്പള്ളി, ചെയര്‍മാന്‍ ബാലുക്കുട്ടന്‍, ട്രഷറര്‍ സാദിഖ് കരുനാഗപ്പള്ളി വൈസ് പ്രസിഡന്റ് നാസര്‍ ലെയ്‌സ്, മൈത്രിയുടെ ആദ്യകാല പ്രസിഡന്റ് നൗഷാദ് ഫിദ എന്നിവര്‍ പങ്കെടുത്തു.