രണ്ടായിരത്തിലധികം പേരെ പങ്കെടുപ്പിച്ചു ജിദ്ദയിൽ ‘ബലദിയ്യ സ്ട്രീറ്റ് മലയാളി കൂട്ടായ്മ’ സംഘടിപ്പിച്ച ഇഫ്‌താർ ശ്രദ്ധേയം

ജിദ്ദ: ബലദിയ്യ സ്ട്രീറ്റ് മലയാളി കൂട്ടായ്മ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഇഫ്‌താർ വിരുന്നിൽ രണ്ടായിരത്തിലധികം പേർ പങ്കെടുത്തു. ഇഫ്താറിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും മലയാളികളാണ്. മറ്റു സംസ്ഥാനക്കാരായ ഇന്ത്യക്കാരും, യമനികൾ, പാക്കിസ്ഥാനികൾ ബംഗാളികൾ തുടങ്ങിയവരും ഇഫ്താറിൽ പങ്കെടുത്തു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
ഇവിടുത്തെ ഷോപ്പിംഗ് സെന്ററുകളുടെ ചുറ്റുമായുള്ള ടൈൽസ് പാകിയ വിശാലമായ മുറ്റത്തു വിരിച്ച ഇഫ്‌താർ സുപ്രയിൽ വിവിധ രാജ്യക്കാർ സഹോദര്യത്തോടെ നോമ്പുതുറന്നതു വ്യത്യസ്ത കാഴ്ചയാണ് സമ്മാനിച്ചത്. തങ്ങളുടെ പാത്രത്തിലെ നോമ്പുതുറ വിഭവങ്ങൾ പരസ്പരം പങ്കുവെച്ചു സന്തോഷത്തോടെ ഇഫ്‌താർ സമൃധമാക്കി.
കഴിഞ്ഞ ആറ് വർഷമായി ‘ബലദിയ്യ സ്ട്രീറ്റ് മലയാളി കൂട്ടായ്മ’ ഇവിടെ ഇഫ്‌താർ സംഘടിപ്പിച്ചു വരുന്നുണ്ട്. തുടക്കത്തിൽ അറുനൂറ് പേരുമായി തുടങ്ങിയ ഇഫ്‌താർ സംഗമത്തിൽ ഇപ്പോൾ രണ്ടായിരത്തികം പേരാണ് എത്തുന്നത്.
ഇവിടെ നിരവധിയായ മലയാളികളുടെ കച്ചവട സംരംഭങ്ങൾ ഉണ്ട്. അവരുടെ സഹകരണത്തോടെയാണ് ഇഫ്‌താർ സംഗമം നടന്നുവരുന്നത്. ഇപ്രാവശ്യത്തെ ഇഫ്‌താറിന് ബലദിയ്യ സ്ട്രീറ്റ് മലയാളി കൂട്ടായ്മ പ്രസിഡന്റ് സത്താർ മണലായി, സെക്രട്ടറി ഖലീൽ പട്ടിക്കാട്, സലിം മമ്പാട്, ഷൗക്കത്ത് പരപ്പനങ്ങാടി, അസ്‌കർ മണലായി, ഷാഫി പവർഹൌസ്, അബു മേൽമുറി തുടങ്ങിയവർ നേതൃത്വം നൽകി.






