ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു കരുളായി പ്രവാസി സംഘം ഇഫ്താർ സംഗമം

ജിദ്ദ: കരുളായി പ്രവാസി സംഘം ജിദ്ദാ കമ്മറ്റി ബാഗ്ദാദിയ ചാമ്പ്യൻസ് ഫുട്ബോൾ ഗ്രൗണ്ടിൽ ഇഫ്താർ സംഗമം നടത്തി. ജിദ്ദയിലേയും മക്കയിലേയും കരുളായി സ്വദേശികൾ കുടുംബ സമേതം ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ കെപിഎസ് ഇഫ്താർ സംഗമത്തിൽ സംബന്ധിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

കെപിഎസ് ഭാരവാഹികളായ അബ്ബാസ് നെച്ചിക്കാടൻ, മോയിൻകുട്ടി മുണ്ടോടൻ, സിപി റഫീഖ്, സൗഫൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇഫ്താറിനു വേണ്ട മുന്നൊരുക്കങ്ങൾ നടന്നത്. റിയാസ് മദനി പ്രാർത്ഥനക്ക് നേതൃത്വം നൽകി.

നമ്മുടെ നാടിനെ വരിഞ്ഞു മുറുക്കി കൊണ്ടിരിക്കുന്ന ലഹരി വ്യാപനത്തിൽ കെപിഎസ് ആശങ്ക പ്രകടിപ്പിച്ചു. ലഹരിക്കെതിരെ പ്ലക്കാർഡുകൾ ഉയർത്തി മൊബൈൽ ഫോണിൽ ലൈറ്റുകൾ തെളിയിച്ച് ‘ലഹരി വിരുദ്ധ പ്രതിജ്ഞ’ യെടുത്താണ് സംഗമം സമാപിച്ചത്. സെക്രട്ടറി മോയിൻകുട്ടി ലഹരിക്കെതിരെ ഉദ്ബോധനം നടത്തി. ചെയർമാൻ നാസർ കരുളായി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

“യുവതയെ നാശത്തിലേക്ക് തള്ളിവിടുന്ന ലഹരി വസ്തുക്കൾ വില്പന നടത്തുന്നവർക്ക്‌ മാപ്പില്ല”, “ഞങ്ങളുടെ കുടുംബത്തിലും അയൽപക്കത്തും നാടിൻ്റെ മുക്കുമൂലകളിലും ഇനിമേൽ സദാ ഞങ്ങളുടെ കണ്ണും കാതും തുറന്നു തന്നെ വയ്ക്കുകയാണ്”, “ലഹരിക്കെതിരേ, ലഹരി കടത്തുന്നവർക്കെതിരേ, ലഹരി വിൽക്കുന്നവർക്കെതിരേ ഞങ്ങൾ യുദ്ധം പ്രഖ്യാപിക്കുകയാണ്”  തുടങ്ങിയ പ്രതിജ്ഞാ വാചകങ്ങൾ നൂറുക്കണക്കിനാളുകൾ ഏറ്റു ചൊല്ലി. രക്ഷാധികാരി അമീർ ചുള്ളിയൻ, എൻ കെ അബ്ബാസ്, റഫീഖ് എന്നിവർ സംസാരിച്ചു.

വി കെ മജീദ്, സഫറലി, സാബിൽ, മുൻഫർ, അജീഷ്, സുഹൈൽ, ശിഹാബ്, റിയാസ്, സിറാസ്, സമീർ, സി. മുജീബ്, കെ. കെ നാസർ, ഹിശാം, അഫ്സാർ, സക്കീർ തുടങ്ങിയവർ മെഗാ ഇഫ്താറിൻ്റെ വിജയത്തിനായി നേതൃത്വം നൽകി.