ഓസ്കാർ ജേതാവായ ഡിഎൻഇജി വിഎഫ്എക്സ് ടീമിൽ മലയാളിയായ അലിഫ് അഷ്റഫും

♠ ആൻസി വിനീഷ
ആലപ്പുഴ: 2025 മാർച്ച് 3 ന് നടന്ന 97-ാമത് അക്കാദമി അവാർഡുകളിൽ മികച്ച വിഷ്വൽ ഇഫക്റ്റുകൾക്കുള്ള ഓസ്കാർ നേടിയ ‘ഡ്യൂൺ: പാർട്ട് ടു’വിന് പിന്നിലെ അവാർഡ് നേടിയ വിഷ്വൽ ഇഫക്റ്റ്സ് ടീമിന്റെ ഭാഗമായിരുന്നു ആലപ്പുഴയിലെ കായംകുളം സ്വദേശിയായ മലയാളി വിഎഫ്എക്സ് ആർട്ടിസ്റ്റ് അലിഫ് അഷ്റഫ്. ലോകത്തിലെ മുൻനിര വിഷ്വൽ ഇഫക്റ്റ്സ് കമ്പനിയായ ഡിഎൻഇജിയിൽ ക്യാമറ ട്രാക്കിംഗ് ടെക്നിക്കൽ ഡയറക്ടറായി ജോലി ചെയ്യുന്ന അലിഫ്, ഡെനിസ് വില്ലെന്യൂവ് സംവിധാനം ചെയ്ത ഈ ചിത്രത്തിനായി ഏകദേശം 1,000 വിഎഫ്എക്സ് ഷോട്ടുകൾ നൽകിയിരുന്നു, വിഎഫ്എക്സ് ഷോട്ടുകളിൽ വെർച്വൽ ക്യാമറകളുമായി പ്രവർത്തിക്കുന്നതിൽ അലിഫ് അഷ്റഫ് പ്രധാന പങ്കുവഹിച്ചു.

ഐസിഎടി ബാംഗ്ലൂരിൽ നിന്ന് വിഷ്വൽ ഇഫക്‌ട്‌സിൽ ബി.എസ്‌സി ബിരുദം നേടിയ അലിഫ് ആറ് വർഷത്തിലേറെയായി വിഎഫ്‌എക്‌സ് വ്യവസായത്തിൽ പ്രവർത്തിച്ചുവരുന്നു. ഫാസ്റ്റ് & ഫ്യൂരിയസ്, മാഡ് മാക്‌സ്, തെലുങ്ക് ചിത്രം കൽക്കി 2898 എഡി എന്നിവയുൾപ്പെടെ 20 ലധികം ചിത്രങ്ങളിൽ സംഭാവന നൽകിയിട്ടുണ്ട്. 2018 ൽ മാലെഫിസെന്റ്: മിസ്ട്രസ് ഓഫ് ഈവിലിലൂടെയാണ് അലിഫ് അഷ്റഫിന്റെ യാത്ര ആരംഭിച്ചത്. മുംബൈയിലെ ഒരു വിഎഫ്‌എക്‌സ് കമ്പനിയിൽ തന്റെ പ്രകടനത്തിന് രണ്ട് അവാർഡുകൾ നേടിയിരുന്നു.
‘ഡ്യൂൺ: പാർട്ട് ടു’വിലെ തന്റെ സംഭാവനയെക്കുറിച്ച് പരാമർശിച്ച അലിഫ്, അതിനെ ഒരു “അവിശ്വസനീയമായ ബഹുമതി” എന്ന് വിശേഷിപ്പിക്കുകയും അത്തരമൊരു അഭിലാഷകരമായ പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം പ്രകടിപ്പിക്കുകയും ചെയ്തു. “ഈ അവിശ്വസനീയമായ സിനിമ നിർമ്മിക്കുന്നതിൽ പങ്കുവഹിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ എന്ന് അലിഫ് അഷ്റഫ് പറഞ്ഞു.
റസൂൽ പൂക്കുട്ടിക്ക് ശേഷം മറ്റൊരു ഓസ്കാർ ജേതാവും കൂടി കായംകുളത്തു നിന്നുംമെന്നാണ് മലയാള മാധ്യമങ്ങൾ ഈ നേട്ടത്തെ വിശേഷിപ്പിച്ചത്.
കരീലകുളങ്ങര കിറ്റ് സ്കൂൾ, കായംകുളം ഗവ. ബോയ്സ് എന്നിവിടങ്ങളിലെ പഠന ശേഷം ബാംഗ്ലൂരിലേക്ക് പോയി വിഷ്വൽ ഇഫക്‌ട്‌സിൽ ബി.എസ്‌സി ബിരുദം നേടുകയായിരുന്നു. കായംകുളം ചേരാവള്ളി ആശിർവാദ് വീട്ടിൽ എം.അഷ്റഫിന്റെയും (കാവേരി) കുഞ്ഞുമോളുടെ മകനാണ്.






