‘പൗരൻ’ എന്നതിന് പകരം ‘സ്ഥിരതാമസക്കാർ’: പ്രവാസികൾ കൂടുതൽ നികുതി അടക്കേണ്ടി വരുന്ന സാഹചര്യം പരിശോധിക്കേണ്ടതുണ്ടെന്ന് ഷാഫി പറമ്പിൽ

ജിദ്ദ: നാട്ടിൽ ഭൂമിവിൽക്കുന്ന പ്രവാസികൾ സർക്കാരിലേക്ക് കൂടുതൽ നികുതി നൽകേണ്ട സാഹചര്യം മന:പ്പൂർവ്വം ഉണ്ടാക്കിയതാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നു ഷാഫി പറമ്പിൽ എം. പി. ഹൃസ്വ സന്ദർശനാർത്ഥം സൗദിയിലെത്തിയ ഷാഫി ജിദ്ദയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

ടാക്സ് ഇൻഡിക്റ്റേഷൻ ബെനിഫിറ്റ് ആനുകൂല്യങ്ങൾക്ക് അർഹരായവരെ സൂചിപ്പിക്കുമ്പോൾ ‘പൗരൻ’ എന്നതിന് പകരം ‘സ്ഥിരതാമസക്കാർ’ എന്ന് ഉപയോഗിച്ചത് പ്രവാസികൾക്ക് ആനുകൂല്യം കിട്ടാതെ പോകും. മെഡിക്കൽ കോഴ്സുകൾ പോലെയുള്ളവക്ക് സൗദിയിൽ അംഗീകാരം കിട്ടാതെ പോകുന്നത് നിരവധി ഉദ്യോഗാർത്ഥികളെ ബാധിക്കുന്നുണ്ടെന്നത് അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിക്കും. മക്കയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ പഠനവുമായി ബന്ധപ്പെട്ട് സ്കൂൾ സ്ഥാപിക്കാനുള്ള വിഷയത്തിൽ ജിദ്ദയിലെ കോൺസൽ ജനറലുമായി ചർച്ചചെയ്തതായി എം.പി പറഞ്ഞു. ഹജ്ജ് സേവനത്തിൽ പ്രവാസി വളണ്ടിയർമാർക്ക് കൂടുതൽ പ്രാതിനിധ്യ നൽകേണ്ട കാര്യവും ചർച്ച ചെയ്തു.

പാതിവിലതട്ടിപ്പു പ്രതികൾ വാഗ്ദാനങ്ങളുമായി തന്റെ മുന്നിലും വന്നിരുന്നു. ജനപ്രതിനിധികൾ മണ്ഡലത്തിലെ ജനങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്ന ധാരണയിൽ പലപ്പോഴും ഇടപെടാറുണ്ട്. വിശ്വാസത്തിന്റെ പേരിൽ നല്ലതു പ്രതീക്ഷിച്ചു ഇടപെടുന്ന പലകാര്യങ്ങളും പലപ്പോഴും ദോഷം ചെയ്യാറുണ്ട്. അറിഞ്ഞും കൊണ്ട് ഒരു ജനപ്രതിനിധിയും തട്ടിപ്പിന് കൂട്ടു നിന്നു എന്ന് വിശ്വസിക്കുന്നില്ലെന്നും ഷാഫി പറഞ്ഞു.

ഒ.ഐ.സി.സി പ്രസിഡന്റ് ഹകീം പാറക്കൽ, ജനറൽ സെക്രട്ടറി ആസാദ് പോരൂർ, ട്രഷറർ ശരീഫ് അറക്കൽ, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ കാവുമ്പായി, സഹീർ മഞ്ഞലി, ഗ്ലോബൽ മെമ്പർ അലി തേക്ക്തോട് തുടങ്ങിയവരും വാർത്താ സമ്മേളനത്തിൻ പങ്കെടുത്തു.