യാംബു അൽ മനാർ ഇന്റർ നാഷനൽ സ്‌കൂളിൽ കെ.ജി ഗ്രാജ്യൂവേഷൻ 

യാംബു: യാംബു അൽ മനാർ ഇന്റർ നാഷനൽ സ്‌കൂൾ 2024-25 വർഷത്തെ കിഡർഗാർട്ടൺ ബിരുദാന ചടങ്ങ് സംഘടിപ്പിച്ചു. സ്‌കൂൾ ബോയ്സ് സെക്ഷൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സ്‌കൂൾ ഡയറക്‌ടർ അഹ്‌മദ്‌ മുഹമ്മദ് അഹ്‌മദ്‌ ഉദ്‌ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ, ഗേൾസ് സെക്ഷൻ വൈസ് പ്രിൻസിപ്പൽ രഹന ഹരീഷ്, ബോയ്സ് സെക്ഷൻ ഹെഡ്‌മാസ്റ്റർ സയ്യിദ് യൂനുസ് എന്നിവർ ബിരുദധാരികളായ വിദ്യാർഥികളെ ആദരിച്ചു.
വിദ്യാർഥികളായ  ജവാദ് അബ്ദുല്ല, അൽഫോൻസ എബിൻസ്, ആതിര സുരേഷ് എന്നിവർ ഗ്രാജ്യൂവേഷൻ പ്രസംഗം നിർവഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർഥികൾക്കുള്ള സമ്മാന വിതരണം അഹ്‌മദ്‌ മുഹമ്മദ് അഹ്‌മദ്‌, കാപ്പിൽ ഷാജി മോൻ തുടങ്ങിയവർ ചടങ്ങിൽ വിതരണം ചെയ്തു.
കുട്ടികളുടെ വിവിധ ഗ്രൂപ്പുകൾ നടത്തിയ വൈവിധ്യമാർന്ന കലാപരിപാടികൾ ഗ്രാജ്യൂവേഷൻ ചടങ്ങിന് മാറ്റു കൂട്ടി. അതിഥികളും രക്ഷിതാക്കളും വിദ്യാർഥികളും സംബന്ധിച്ച വർണശബളവും പ്രൗഢഗംഭീരവുമായ നിറഞ്ഞ സദസ്സിൽ അപ്പർ കെ.ജി കുട്ടികൾക്കുള്ള ബിരുദ ദാന സർട്ടിഫിക്കറ്റുകളുടെ വിതരണവും നടന്നു. പ്രോഗ്രാം കോഡിനേറ്ററായ ജഫ്‌സി ഫ്രാങ്ക് സ്വാഗതവും കെ.ജി കോഡിനേറ്ററായ ഷഗുഫ സെഹർ നന്ദിയും പറഞ്ഞു. കെ.ജി വിഭാഗം അഡ്മിനിസ്ട്രേഷൻ മാനേജർ മഷായിൽ മുഹമ്മദ് ഹംദാൻ, ഗേൾസ് വിഭാഗത്തിലെ വിവിധ കോഡിനേറ്റർമാരായ സിന്ധു ജോസഫ്, ഫിറോസ സുൽത്താന തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.