ജിദ്ദ തിരുവിതാംകൂർ അസ്സോസിയേഷൻ വാർഷികം ഫെബ്രുവരി 14 ന് അൽ-ലയാലി ആഡിറ്റോറിയത്തിൽ

ജിദ്ദ: ജിദ്ദ തിരുവിതാംകൂർ അസ്സോസിയേഷൻ വാർഷികം ‘തിരുവുത്സവം 2025 ‘ എന്ന ശീർഷകത്തിൽ അൽ-ലയാലി ആഡിറ്റോറിയത്തിൽ ഫെബ്രുവരി 14, ന് 6 മണിക്ക് ആരംഭിക്കും. നിരവധി സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിൽ ക്രിയാത്മകവും സജീവവുമായ ഇടപെടലുകൾ നടത്തുവാൻ തുടക്കം മുതൽ ജെ. ടി. എ യ്ക്കു കഴിഞ്ഞിട്ടുണ്ടെന്ന് ജിദ്ദയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംഘാടകർ പറഞ്ഞു.

ഗാനമേള, നൃത്ത നൃത്ത്യങ്ങൾ, പ്രസിദ്ധ കോറിയോഗ്രഫർ ശ്രീത ടീച്ചർ ചിട്ടപ്പെടുത്തിയ കാക്കാരിശ്ശി നാടകം ഉൾപ്പടെ നിരവധി കലാപരിപാടികൾ വാർഷികത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രസിദ്ധ ഗായികമാരായ സജ്‌ല സലീം, സജ്ലി സലീം എന്നിവരും ഗുഡ് ഹോപ്പ്, ഫിനോം എന്നീ അക്കാദമികളുടെ നൃത്തങ്ങളും അവതരിപ്പിക്കും. സാമൂഹ്യ രംഗത്ത് മാതൃകാ പ്രവർത്തനം നിർവ്വഹിക്കുന്നവരെ വേദിയിൽ ആദരിക്കും

ജെ ടി എയുടെ സമാരംഭം മുതൽ മറ്റു പ്രവസി സംഘടനകളുമായി ഊഷ്മള സഹകരണം പുലർത്തിയും ജിദ്ദയിൽ അധിവസിക്കുന്ന ഇന്ത്യാക്കാരായ പ്രവാസിക്ഷേമത്തിനു അനുഗുണമായി പ്രവർത്തിക്കുന്നുണ്ട്. ഭാരതത്തിൻ്റെയും കേരളീയ തനിമകളും ഉൾക്കൊണ്ട് എല്ലാ വർഷവും സാംസ്കാരിക ഘോഷങ്ങളും ഈദ് ക്രിസ്മസ് ഓണം എന്നീ പൊതു ആഘോഷങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, ആതുര സേവന പ്രവർത്തനങ്ങൾ, ജീവ കാരുണ്യ പ്രവർത്തനങ്ങൾ നിർലോഭമായി നിർവ്വഹിച്ചിട്ടുണ്ട്.

ഭാവിയിൽ കലാകായിക സാംസ്‌കാരിക വ്യക്തിത്വ വികസനം നൈപുണി വികസനം എന്നിവയ്ക്കാവശ്യമായ പരിശീലനങ്ങളും സംഘടിപ്പിക്കുവാൻ പദ്ധതിയുണ്ട്. തിരുവിതാംകൂറിൻ്റെ പ്രദേശങ്ങളായ തെക്ക് കന്യാകുമാരി മുതൽ വടക്ക് എറണാകുളം വരെയും കിഴക്ക് ഇടുക്കി വരെയുമുള്ള പ്രദേശങ്ങളിൽ നിന്നുള്ള ജിദ്ദാ പ്രവാസികളാണ് അംഗങ്ങൾ

വാർത്താ സമ്മേളനത്തിൽ ജെ ടി എ പ്രസിഡണ്ട് അലി തേക്കുതോട്, ജന. സെക്രട്ടറി അനിൽ വിദ്യാധരൻ, ട്രഷറർ നൗഷാദ് പൻമന, പ്രോഗ്രാം കൺവീനർ ദിലീപ് താമരക്കുളം, പ്രോഗ്രാം ഡയറക്ടർ ശിഹാബ് താമരക്കുളം, വൈസ് പ്രസിഡണ്ട് മാജാ സാഹിബ് ഓച്ചിറ, ജോ. കൺവീനർ റഷീദ് ഓയൂർ എന്നിവർ പങ്കെടുത്തു.