കവിത: ആകാശ വിരലുകൾ


ആകാശ വിരലുകൾ
=================
എന്റെ ഹൃദയം
ഓർമ്മയുടെ
ചാവികൊണ്ട്
നീ തുറന്നു നോക്കുക..
അന്നൊരു അടിയന്തരാവസ്ഥ
നടന്നതിന്റെ പാടുകൾ
നിനക്കു കാണാൻ കഴിയും..
അരാചകത്വത്തിന്റെ
ഇരുണ്ട വഴികളിലേക്ക്
പോകുകയെന്നാൽ
ഒരു കലഹത്തിന്റെ
കൊടുമുടി കയറുക
എന്നതാണ്..
വിപ്ലവം
ഉടലെടുക്കുമ്പോൾ
മാത്രമാണ്
ഒരു കൂട്ടരേ
അടിച്ചമർത്തി
വിധേയരാക്കുന്നത്..
എന്റെ
ഭൂഖണ്ഡാതിർത്തിയിലെ
നിയമത്തെ നോക്കൂ
തകർന്നൊരു വിശ്വാസത്തിന്റെ
പൊള്ളലുകൾ കാണാം..
എന്റെ സ്മൃതിപഥങ്ങളുടെ
താഴ് വേരുകളിൽ
തൊട്ടുനോക്കൂ-
ഒരേ സ്വരങ്ങളുടെ
താഴ് വരയെ കാണാം..
നിന്നോടുള്ള വിശ്വാസം
നഷ്ടപ്പെട്ട് കഴിഞ്ഞാൽ
രക്ഷയുടെ
കവാടം തുറക്കുന്നത്
ആത്മഹത്യക്ക്
വേണ്ടി മാത്രമാണ്..
നീതിന്യായവ്യവസ്ഥ
അടരുകളുടെ
അഗാധഗർത്തത്തിലെത്തി
തെരുവിൽ കത്തുമ്പോൾ..!
വർത്തമാന പെരുമാറ്റങ്ങൾ-
യുവത പ്രതിരോധിക്കും
ആശയം കൊടുങ്കാറ്റാവും
വിരലുകൾ ആകാശത്തേക്കുയരും..!!
സക്കീന ഓമശ്ശേരി






