സൗദിയിൽ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയെ കൊലപ്പെടുത്തിയ പ്രതികൾക്ക് വധ ശിക്ഷ നടപ്പാക്കി

റിയാദ്: മലപ്പുറം പരപ്പനങ്ങാടി സ്വദേശി അങ്ങമ്മന്റെപുരക്കല്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കാണ് ഇന്ന് വധ ശിക്ഷ നടപ്പാക്കിയത്  ഒരു സൗദി പൗരനും, മറ്റെരു  യമനി പൗരനുമാണ്  ശനിയാഴ്ച സൗദിയിൽ വധ ശിക്ഷ നൽകിയത്. റിയാദിൽ ആണ് വധ ശിക്ഷ നൽകിയത്. കവർച്ചാ ശ്രമത്തിനിടെയാണ് ഇവർ സിദ്ദിഖിനെ കൊലപ്പെടുത്തിയത്.

20 വര്‍ഷം റിയാദിലെ എക്സിറ്റ് 22- ലെ കടയില്‍ ജീവനക്കാരനായിരുന്നു സിദ്ദിഖ്. കടയിലെ കവര്‍ച്ച തടയാനുള്ള ശ്രമത്തിനിടെയായിരുന്നു പ്രതികൾ സിദ്ദീഖിനെ ആക്രമിച്ചതു. 2017 ജൂലൈയിലായിരുന്നു സംഭവം.  രാവിലെ ഒമ്പതോടെ കടയിലെത്തിയ രണ്ടംഗ സംഘം കടയില്‍ ഒറ്റക്കായിരുന്ന സിദ്ദിഖിനെ വെട്ടുകയും രക്തംവാര്‍ന്ന് അവശനായ സിദ്ദിഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആ സമയം കടയിൽ ആരുമില്ലാതിരുന്നത് അക്രമികൾക്ക് സഹായകമായി. അര മണിക്കൂർ നേരം മുറിവേറ്റ് രക്തംവാർന്ന് കിടന്ന സിദ്ദീഖിനെ പോലീസും റെഡ് ക്രസന്റ് അതോറിറ്റിയും എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. അൽ ഈമാൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ അടിയന്തിര ശുശ്രൂഷ നൽകിയെങ്കിലും വൈകിട്ട് അഞ്ച് മണിക്ക് മരണം സംഭവിച്ചു.

വിവരം അറിഞ്ഞെത്തിയ സ്‌പോൺസർ തൊട്ടടുത്തുള്ള കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് കൈമാറിയതാണ് പ്രതികളെ പിടികൂടുന്നതിൽ നിർണായകമായത്. മുഹമ്മദ്–ചെറിയ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: അനീഷ. മക്കൾ: റിയാദ്, സാബിത്, സഹറ. സഹോദരങ്ങൾ: ബഷീർ (റിയാദ്), സക്കരിയ, ഇസ്മായിൽ, ഹഫ്‌സ, ആരിഫ.

റിയാദ് മേഖല ആഭ്യന്തര മന്ത്രാലയമാണ് ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ പ്രതികൾക്ക് വധ ശിക്ഷ നൽകിയ വിവരം അറിയിച്ചത്. സൗദി പൗരന്മാരായ റയാൻ ബിൻ ഹുസൈൻ ബിൻ സാദ് അൽ-ഷഹ്‌റാനി, യമൻ പൗരനായ അബ്ദുള്ള അഹമ്മദ് ബസദ് എന്നിവർക്കെയാണ് ശിക്ഷ നടപ്പാക്കിയത്.

കൊലപാതകത്തെ തുടർന്ന് കുറ്റവാളികളെയും സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്യുകയും അന്വേഷണത്തിൽ അവർ കുറ്റകൃത്യം ചെയ്തതായി തെളിയുകയും ചെയ്തിരുന്നു. ബന്ധപ്പെട്ട കോടതിയിലേക്ക് കേസ് റഫർ ചെയ്യുകയും വധശിക്ഷ വിധിക്കുകയുമായിരുന്നു. അപ്പീൽ കോടതിയും സുപ്രീം കോടതിയും ശിക്ഷ ശരിവയ്ക്കുകയും ചെയ്തതോടെ വധ ശിക്ഷ നൽകുവാൻ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു.

നിരപരാധികളെ ആക്രമിക്കുകയും പണം മോഷ്ടിക്കുകയും ജീവിക്കാനുള്ള അവകാശവും സുരക്ഷയും ലംഘിക്കുകയും ചെയ്യുന്ന ഏതൊരാൾക്കുമെതിരെയും സുരക്ഷ സ്ഥാപിക്കാനും, നീതി നടപ്പാക്കാനും, ഇസ്ലാമിക ശരീഅത്ത് നിയമത്തിലെ വ്യവസ്ഥകൾ നടപ്പിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.