കെഎംസിസി വനിതാ വിങിന്റെ ‘സ്ത്രീപഥം’ ശ്രദ്ധേയം

♠ അസ്മ ജംഷീദ്

ജിദ്ദ: ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി വനിത വിങ് ജിദ്ദ പൊതു സമൂഹത്തിലെ വനിതകളുടെ ഉന്നമനം ലക്ഷ്യം വെച്ച് ‘സ്ത്രീപഥം’ എന്ന പേരിൽ സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ സെഷൻ ജിദ്ദയിലെ വനിതകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

സ്വയം മനസ്സിലാക്കാനും തനിക്ക് താല്പര്യമുള്ള മേഖലയിൽ സംരംഭകയാവുന്നതിന് ഒരു വഴികാട്ടിയാവാനും സ്ത്രീപഥം സഹായകമായി. കുടുംബത്തെ ലക്ഷ്യം വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ ‘യുവപഥം’ എന്ന പേരിൽ കുട്ടികൾക്കായി പ്രത്യേകം സ്വഭാവ രൂപീകരണം ശില്പശാലയും സംഘടിപ്പിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

പ്രമുഖ ട്രെയ്നറും മോട്ടിവേറ്ററുമായ ഡോ: അബ്ദുസ്സലാം ഒമർ വിവിധ പരിശീലന സെഷനുകൾക്ക് നേതൃത്വം നൽകി.


വനിതകൾക്കിടയിലെ തുടക്കക്കാരായ ചെറിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഇത്തരം സാധ്യതകളെ നമ്മുടെ സഹോദരിമാർക്ക് പരിചയപ്പെടുതുകയെന്ന ഉദ്ദേശത്തോട് കൂടി നടത്തിയ ‘വനിത ബസാർ’ പരിപാടിയെ വർണാഭമാക്കി. പരിപാടിയിൽ പങ്കെടുത്ത വനിതകൾക്ക് സർബത്ത് മേക്കിങ് മത്സരവും നടത്തി. വളരെ വ്യത്യസ്തമായ രീതിയിൽ ചേരുവകൾ തൽസമയം മത്സരാർത്ഥികൾക്ക് നൽകിയാണ് മത്സരം സംഘടിപ്പിച്ചത്.

ബെസ്റ്റ്‌ ഔട്ട് ഓഫ് വേസ്റ്റ് എന്ന പേരിൽ പാഴ്സ്തുക്കളിൽ നിന്നും കരകൗശലം തീർക്കുന്ന മത്സരവും നടത്തി. ഉപയോഗശൂന്യമെന്നു കരുതുന്ന ഓരോന്നിനെയും കൂടുതൽ മനസ്സിലാക്കി ഒന്ന് പോളിഷ് ചെയ്ത് വളരെ പ്രോഡക്ടിവായ ഒന്നാക്കി എങ്ങിനെ മാറ്റിയെടുക്കാം എന്ന് ഹൃദിസ്ഥമാക്കുവാനും സഹായിച്ചു.

പൊതു പരിപാടി സൗദി കെഎംസിസി നാഷണൽ കമ്മറ്റി ട്രഷറർ അഹമ്മദ് പാളയാട്ട് ഉൽഘാടനം ചെയ്തു. സെൻട്രൽ കമ്മറ്റി ഭാരവാഹികളായ റസാഖ് മാസ്റ്റർ, വി പി മുസ്തഫ, ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

ജിദ്ദ കെഎംസിസി വനിതാ വിങ് പ്രസിഡന്റ് മുംതാസ് പാലോളി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷമീല മൂസ സ്വാഗതം പറഞ്ഞു. ട്രഷറർ ഖദീജത്തുൽ കുബ്ര നന്ദി പറഞ്ഞു.