ജിദ്ദ – കോഴിക്കോട് ജില്ലാ കെഎംസിസി ‘സോക്കർ ഫെസ്റ്റ് – സീസൺ 2’ ജനുവരി 30 ന്

ജിദ്ദ: ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തുന്ന സോക്കർ ഫെസ്റ്റ്- സീസൺ 2 ടുർണമെന്റ് ജനുവരി 30 ന് മഹ്ജർ എമ്പറോർ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. രാത്രി 9 മണി മുതൽ ടുർണമെന്റ് തുടങ്ങും. ജിദ്ദയിലെയും പരിസര പ്രദേശങ്ങളിലെയും പ്രമുഖരായ എട്ടു ടീമുകൾ പങ്കെടുക്കുമെന്ന് ജിദ്ദയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

കഴിഞ്ഞ വർഷം ഫിബ്രുവരി 2 ന് ജിദ്ദയിലെ കായികപ്രേമികളെ ആവേശഭരിതമാക്കി നടത്തിയ ഏകദിന ഫുട്ബോൾ ടൂർണമെന്റിന്റെ തുടർച്ചയായാണ് രണ്ടാം വർഷവും നടത്തുന്നത്.

4001, 2001 റിയാൽ വീതമാണ് വിന്നേഴ്‌സിനും റണ്ണേഴ്‌സിനും നൽകുന്ന പ്രൈസ് മണി. വിൻസ്റ്റാർ എഫ് സി ജിദ്ദ, അബീർ സലാമതക് എഫ് സി, സംസം മദീന, സമ യുണൈറ്റഡ്, ഇത്തിഹാദ്, സാഗോ എഫ് സി, അമിഗോസ് എഫ് സി ജിദ്ദ, ഫോൺ വേൾഡ് തുടങ്ങിയ പ്രമുഖ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. വെറ്ററൻ മത്സരത്തിൽ പ്രമുഖ ടീമുകളായ സമ ഫുട്ബോൾ ലൗവേഴ്സ്, ഹിലാൽ എഫ് സി ജിദ്ദ, ബി എഫ് സി വൈബ് ജിദ്ദ, ഫ്രൈഡേ എഫ് സി ജിദ്ദ എന്നിവർ പങ്കെടുക്കും. ടൂർണമെന്റിനോടനുബന്ധിച്ച്‌ വിവിധ കെഎംസിസി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പരേഡുകളും, വനിതാ വിങ്ങിന്റെ കീഴിൽ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

സാമൂഹ്യ പ്രവർത്തന മേഖലയിലും കലാരംഗത്തും ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചു കൊണ്ട് ജിദ്ദയിലെ പ്രവാസ സമൂഹത്തിൽ എന്നും തലയെടുപ്പോടെ പ്രവർത്തിക്കുന്ന ഒരു കമ്മിറ്റിയാണ് കോഴിക്കോട് ജില്ലാ കെഎംസിസി. ജിദ്ദയിലെ ഫുട്ബാൾ പ്രേമികൾക്ക് വിരുന്നൊരുക്കുന്നതോടൊപ്പം ഫുട്ബോൾ ടൂർണമെന്റ് നടത്തിപ്പ് കൊണ്ട് ഞങ്ങൾ ലക്ഷ്യം വെക്കുന്നത് ജീവകാരുണ്യ പ്രവർത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുക കൂടിയാണ്.

വാർത്താസമ്മേളനത്തിൽ കോഴിക്കോട് ജില്ലാ കെഎംസിസി പ്രസിഡന്റ്‌ ഇബ്രാഹിം കൊല്ലി, ജനറൽ സിക്രട്ടറി സൈനുൽ ആബിദീൻ, ട്രഷറർ അബ്ദുൽ സലാം ഒ. പി. ഫുട്ബോൾ സബ്കമ്മിറ്റി ചെയർമാൻ സുബൈർ വാണിമേൽ, കൺവീനർ സാലിഹ് പൊയിൽതൊടി, ഓർഗനൈസിങ് സിക്രട്ടറി അസ്സൻ കോയ പെരുമണ്ണ, സീനിയർ വൈസ് പ്രസിഡന്റ്‌ ടി. കെ. അബ്ദുൽ റഹിമാൻ, വൈസ് പ്രസിഡന്റ്‌ റിയാസ് താത്തോത്ത്, സിക്രട്ടറിമാരായ ഷബീർ അലി, ബഷീർ കീഴില്ലത്ത് തുടങ്ങിയവർ പങ്കെടുത്തു.