‘മിത്രോത്സവ്- 2025 ‘ഹൃദ്യമായി

ജിദ്ദ: ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഇന്ത്യക്കാരുടെ സംഘടനയായ മിത്രാസ് വാർഷികാഘോഷം ‘മിത്രോത്സവ്- 2025 ‘ എന്ന പേരിൽ ആഘോഷിച്ചു. ആഘോഷത്തോടനുബന്ധിച്ചു വിപുലമായ കലാസാംസ്കാരിക പരിപാടികളും നടന്നു. അവതരണത്തിലെ പുതുമ കൊണ്ടും കലാസൃഷ്ടികളുടെ മികവുകൾകൊണ്ടും മിത്രോത്സവ് പ്രേക്ഷക മനസ്സുകളിൽ വേറിട്ട ഒരു ആസ്വാദന അനുഭവം സമ്മാനിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

സാമൂഹിക സാംസ്കാരിക മേഖലകളിൽ സ്തുത്യർഹമായ സേവനം കാഴ്ചവച്ച ഫാസിൽ ഉബൈസ്, മുഹമ്മദലി എന്നിവരെയും യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 25 വർഷം പൂർത്തിയാക്കിയ സുശീല ആൽബർട്ട്, മുഹമ്മദ് മുഹിയുദ്ദീൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

മിത്രാസിലെ അംഗങ്ങളുടെയും അവരുടെ കുട്ടികളുടെയും സർഗ്ഗവാസനകൾ പരിപോഷിപ്പിക്കാനുള്ള ഒരിടമായി മിത്രോത്സവ് 2025 മാറി. സഹൃദയരുടെ മനം നിറയിച്ച വർണ്ണക്കാഴ്ചകൾ. അതോടൊപ്പം ജിദ്ദയിൽ ഉദയം കൊണ്ട പ്രവാസികളുടെ മ്യൂസിക്കൽ ബാൻഡ് ആയ തീവണ്ടി അവതരിപ്പിച്ച സംഗീത സായാഹ്നം മാസ്മരിക സംഗീതത്തോടൊപ്പം ചടുലമായ നൃത്തച്ചുവടുകളും കൊണ്ട് ആസ്വാദകരെ ഇളക്കിമറിച്ചു. . മികച്ച കലാപരിപാടികളോടൊപ്പം ആസ്വാദകരുടെ നിറഞ്ഞ പ്രോത്സാഹനം
മിത്രോത്സവ്‌ 2025 അവിസ്മരണീയമാക്കി മാറ്റി.

ഇന്ത്യൻ കൗൺസുലേറ്റിലെ കോൺസുൽ ഫോർ കമ്മ്യൂണിറ്റി ആൻഡ് ഫാമിലി വെൽഫെയർ കമലേഷ് കുമാർ മീന മുഖ്യാതിഥി ആയിരുന്നു. ഇൻറർനാഷണൽ ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ മിസ്സിസ് ഫർഹാൻ മസൂദ് ഔപചാരികമായി ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡണ്ട് സബീന റഷീദ് ആമുഖപ്രസംഗം നടത്തി. ഡോക്ടർ ആഷിക് മണിയാർ, മുസാഫിർ, കബീർ കൊണ്ടോട്ടി, ഡോക്ടർ ഷമീ ഷബീർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സെക്രട്ടറി നിതിൻ ജോർജ് സ്വാഗതവും അഫ്സൽ റഹ്മാൻ നന്ദിയും പറഞ്ഞു.