‘മലപ്പുറം വെറുപ്പിന്റെ പ്രദേശമല്ല, സ്നേഹത്തിന്റെ നാടാണ്: ഷിബു മീരാൻ

‘മലപ്പുറം വെറുപ്പിന്റെ പ്രദേശമല്ല, സ്നേഹത്തിന്റെ നാടാണ്’ എന്നതാണ് മലപ്പുറം ജില്ലാ യൂത്ത് ലീഗ് “മ” ലൗ, ലഗസി, ലിറ്ററേച്ചർ ഫെസ്റ്റിലൂടെ പറയാൻ ഉദ്ദേശിക്കുന്നത് എന്ന് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് ഷിബു മീരാൻ. മലപ്പുറം വർഗ്ഗീയതയുടെ പാരമ്പര്യമല്ല, മറിച്ചു സാമ്രാജ്യ വിരുദ്ധ പോരാട്ടത്തിന്റെ വർഗ്ഗീയ വിരുദ്ധ പോരാട്ടത്തിന്റെ ചരിത്രമുള്ള മണ്ണാണ് മലപ്പുറത്തിന്റേത് എന്നും ഷിബു മീരാൻ കൂട്ടിച്ചേർത്തു.

ജിദ്ദ മലപ്പുറം ജില്ലാ KMCC സംഘടിപ്പിച്ച “മ” ലൗ, ലഗസി, ലിറ്ററേച്ചർ ഫെസ്റ്റ് ഐക്യദാർഢ്യ സമ്മേളനത്തിൽ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു ഷിബു മീരാൻ. യൂത്ത് ലീഗ് ദേശീയ പ്രസിഡൻ്റ് ആസിഫ് അൻസാരി പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി കെ ശാക്കിർ, കെ.എം.സി.സി നാഷണൽ കമ്മിറ്റി ഭാരവാഹികളായ നിസാം മമ്പാട്, നാസർ വെളിയങ്കോട്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ വി പി മുസ്തഫ, സി കെ റസാഖ് മാസ്റ്റർ, നാസർ മച്ചിങ്ങൽ ആശംസകളർപ്പിച്ച് സംസാരിച്ചു.

അന്തരിച്ച മുസ്ലിം ലീഗ് നേതാവ് മമ്മുണ്ണി ഹാജിയുടെ പേരിൽ പ്രാർത്ഥനാ സദസ്സിന് സയ്യിദ് ഉബൈദുള്ള തങ്ങൾ മേലാറ്റൂർ, മുഹമ്മദലി മുസ്ലിയാർ കാപ്പ് നേതൃത്വം നൽകി.
പ്രസിഡൻ്റ് ഇസ്മയിൽ മുണ്ടുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് സ്വാഗതവും
ഇല്യാസ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു.






