ജിദ്ദ നവോദയ കുടുംബവേദി ‘നവോദയം 2025’ സംഘടിപ്പിച്ചു  

ജിദ്ദ: ജിദ്ദ നവോദയ കുടുംബവേദി സംഘടിപ്പിച്ച “നവോദയം 2025”ക്രിസ്തുമസ് പുതുവത്സരാഘോഷം വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. വിവിധ നവോദയ കുടുംബവേദി ഏരിയ കമ്മിറ്റികളിൽ നിന്നുമുള്ള നൂറിൽപരം കുട്ടികൾ പങ്കെടുത്ത വിവിധതരം കലാപരിപാടികൾ സദസ്സിനെ ആകർഷിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

വനിതാവേദി കൺവീനർ അനുപമ ബിജുരാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര ഉദ്ഘാടനം ചെയ്തു. മതത്തിന്റെയും ജാതിയുടെയും വംശീയതയുടെയും  പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഇതുപോലെയുള്ള പരിപാടികൾക്ക് വലിയ പ്രാധാന്യമുണ്ട്. ജാതി മത വർഗ ഭേതമന്യേ എല്ലാ വിഭാഗക്കാർക്കും ജീവിക്കാനും സഞ്ചരിക്കാനുമുള്ള അവകാശങ്ങൾക്ക് കടിഞ്ഞാടിടാനുള്ള ശ്രമമാണ് നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്ത് നടക്കുന്നതെന്ന് ശ്രീകുമാർ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഒരു വർഷം നീണ്ടുനിൽക്കുന്ന നവോദയയുടെ മുപ്പത്തഞ്ചാം വാർഷികാഘോഷങ്ങളുടെ വിജയത്തിന് നവോദയ കുടുംബവേദി വഹിക്കുന്ന പങ്ക് പ്രശംസനീയമെന്ന് ശ്രീകുമാർ മാവേലിക്കര  അഭിപ്രായപെട്ടു.

ജാതി മത ഭേദമന്യേ എല്ലാ വിഭാഗങ്ങൾക്കും പങ്കെടുക്കാനും ഒത്തൊരുമിക്കാനും വേദിയൊരുക്കുന്ന നവോദയ കുടുംബവേദിയുടെ പ്രവർത്തനത്തെ നവോദയ ട്രഷറർ സിഎം അബ്ദുൾറഹ്മാൻ പ്രശംസിച്ചു. കഴിഞ്ഞ ഒരു വർഷക്കാലമായി കുടുംബവേദി ഏറ്റെടുത്തു നടത്തിയിട്ടുള്ള ഓരോ പരിപാടികളും വൻ വിജയമാകുന്നതും അത്തരം പരിപാടികളിലുള്ള വൻ ജന പങ്കാളിത്വവും നവോദയ കേന്ദ്രകമ്മിറ്റി ഉദ്ദേശിച്ച രൂപത്തിൽ അതിന്റെ പ്രവർത്തങ്ങൾ നടക്കുന്നു എന്നതിന്റെ സൂചനകളാണെന്നും നവോദയ ട്രഷറർ അഭിപ്രായപ്പെട്ടു.

സഫ, ഖാലിദ് ബിൻ വലീദ്, അനാകിഷ്, ഷറഫിയ, മക്ക ഈസ്റ്റ്,  മക്ക വെസ്റ്റ്, കിലോ 5, സനായ്യ, കാർ ഹരാജ്, ബവാദി തുടങ്ങിയ നവോദയയുടെ വിവിധ ഏരിയ കുടുംബ വേദികളിൽ നിന്നുമുള്ള ബാലവേദി കുട്ടികളും, വനിതകളും, പുരുഷന്‍മ്മാരും പങ്കെടുത്ത ഗ്രുപ്പ് ഡാൻസുകൾ, ഗ്രൂപ്പ് സോങ്ങുകൾ, ക്വിസ് മത്സരങ്ങൾ, നിശ്ശബ്ദ നടനം, അക്ഷര പുനഃക്രമീകരണം, നവോദയ ഗായകരുടെ ഗാനമേള മറ്റു കലാ പരിപാടികളും ചടങ്ങിന് മാറ്റ് കൂട്ടി. മനോഹരമായ കരോൾ ഗാനത്തോട് കൂടി ക്രിസ്തുമസ് അപ്പൂപ്പന്റെ വരവ് സദസ്സിനെ ഇളക്കി മറിച്ചു.

പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ബിജുരാജ് രാമന്തളി, അനിത്  അബ്രഹാം, നിഷാദ് വർക്കി, മുജീബ് കൊല്ലം, നൗഷാദ് ബാബു, റഫീഖ് മമ്പാട്, ഗഫൂർ മമ്പുറം, നീനു വിവേക്, മനോജ്‌ യഹ്യ, മാജാ സാഹിബ്‌, നജ റഫീക്ക്, അനിൽ മാസ്റ്റർ, ദീപ്തി പ്രതീഷ്, ആലിയ, ഷാഹിദ ജലീൽ, ഷഫീക്ക് കൊല്ലം, വിനോദ് ബാലകൃഷ്ണൻ എന്നിവർ  പരിപാടികൾക്ക് നേതൃത്വം നൽകി.

നവോദയ കുടുംബവേദി കേന്ദ്ര കമ്മിറ്റി കൺവീനർ മുസാഫർ പാണക്കാട് സ്വാഗതവും, ഫിനാൻസ് കമ്മിറ്റി കൺവീനർ നൗഷാദ് ബാബു നന്ദിയും പറഞ്ഞു. കേന്ദ്ര കമ്മിറ്റി മെമ്പർ ഹഫ്സ മുസാഫർ, പ്രവാസി എഴുത്തുകാരി റജിയ ബീരാൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

നവോദയ രക്ഷാധികാരി സമിതി അംഗങ്ങളായ അബ്ദുല്ല മുല്ലപ്പള്ളി, സലാഹുദ്ദിൻ വെമ്പായം, ജലീൽ ഉച്ചാരക്കടവ്, ആസിഫ് കരുവാറ്റ, നവോദയ കേന്ദ്ര കമ്മറ്റി അംഗങ്ങള്‍, ഏരിയ, യൂനിറ്റ് ഭാരവാഹികള്‍  എന്നിവർ ചടങ്ങിൽ പങ്കെടുത്തു.