ആരോഗ്യ സെമിനാർ സംഘടിപ്പിച്ച്‌ ഹായിൽ സിറ്റി കെഎംസിസി

ഹായിൽ: ഹായിൽ സിറ്റി കെഎംസിസിയും ഹബീബ് മെഡിക്കൽ സെന്ററും, സംയുക്തമായി ആരോഗ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിനോട് അനുബന്ധിച്ച് കുടുംബിനികൾക്കും കുട്ടികൾക്കുമായി കായിക വിനോദങ്ങളും സംഘടിപ്പിച്ചു. കുടുംബിനികൾക്കായി സംഘടിപ്പിച്ച ക്വിസ് പരിപാടിയിൽ നിരവധിപേർ പങ്കെടുത്തു. ഹായിലിലെ സംഗീത കൂട്ടായ്മയായ ഹായിൽ ബീറ്റ്സിന്റെ മനോഹരമായ സംഗീതസന്ധ്യയും അരങ്ങേറി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

സെമിനാറിൽ ഡോക്ടർ അരവിന്ദ്, ഡോക്ടർ റസാഖ് ഉമ്മത്തൂർ എന്നിവർ സദസ്സുമായി ആരോഗ്യ വിഷയങ്ങൾ സംവദിച്ചു. രോഗലക്ഷണങ്ങൾ അറിഞ്ഞിട്ടും യഥാവിധി ചികിത്സ തേടാതെ സ്വയം ചികിത്സിക്കുന്നത് പ്രവാസികളിൽ മരണനിരക്ക് കൂടാൻ കാരണമായതായി ഡോക്ടർ അരവിന്ദ് അഭിപ്രായപ്പെട്ടു. ലൈഫ് സ്റ്റൈൽ അസുഖങ്ങൾക്ക് ഒരു പരിധിവരെ പ്രവാസികളുടെ ഭക്ഷണരീതിയും, വ്യായാമ കുറവും, മാനസിക പിരിമുറുക്കവും, കാരണമാകുന്നതായി ഡോക്ടർ റസാഖ് ഉമ്മത്തൂർ അഭിപ്രായപ്പെട്ടു

പരിപാടിയിൽ കെഎംസിസി സിറ്റി കമ്മിറ്റി പ്രസിഡന്റ് കാദർ കൊടുവള്ളി അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് മൊയ്തു മുകേരി ഉദ്ഘാടനം നിർവഹിച്ചു. സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി ബഷീർ മാള, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബാപ്പു എസ്റ്റേറ്റ് മുക്ക് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സിറ്റി കമ്മിറ്റി സെക്രട്ടറി നസ്റുദ്ദീൻ മാഷ് സ്വാഗതവും ട്രഷറർ എ വി സി ഇബ്രാഹിം നന്ദിയും പറഞ്ഞു.

ഹാരിസ് മച്ചക്കുളം, സക്കരിയ ആയഞ്ചേരി, സിറാജുൽ മുനീർ, സിദ്ദീഖ് മക്കര പറമ്പ്, ബാബു ചേളാരി, കബീർ മർഹബ, ഫൈസൽ നരിക്കുനി തുടങ്ങിയവർ കുട്ടികളുടെ കലാപരിപാടികൾ നിയന്ത്രിച്ചു