എം.ടി സര്‍ഗാത്മക രംഗത്തെ സൂപ്പര്‍സ്റ്റാര്‍: ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവ്

ജിദ്ദ: സര്‍ഗാത്മകതയുടെ സമസ്ത മേഖലകളിലും അസാധാരണവും വിസ്മയജനകവുമായ അടയാളപ്പെടുത്തലുകള്‍ നടത്തിയ സൂപ്പര്‍ സ്റ്റാറായിരുന്നു എം.ടി വാസുദേവന്‍ നായരെന്ന് ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് (ജിജിഐ) അനുസ്മരിച്ചു. മലയാളസാഹിത്യത്തിന്റെ യശസ്സ് ഭൂഗോളത്തിന്റെ അതിരുകള്‍ കടത്തിയ, അറിവിന്റെ സാഗരമായിരുന്ന പ്രതിഭാശാലിയായിരുന്നു അദ്ദേഹമെന്ന് ജിജിഐ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

തീക്ഷ്ണ ജീവിതാനുഭവങ്ങളും മാനവിക കാഴ്ചപ്പാടുകളും രചനകളിലെ കാമ്പും കാതലുമായി സ്വീകരിച്ചതിനാല്‍ അദ്ദേഹത്തിന്റെ രചനകള്‍ കാലാതിവര്‍ത്തിയായി മാറിയെന്ന് ജിജിഐ ചൂണ്ടിക്കാട്ടി. ആള്‍ക്കൂട്ടത്തില്‍ തനിയെയാവുകയും എന്നാല്‍ ആള്‍ക്കൂട്ടത്തിന്റേതാവുകയും ചെയ്ത മലയാള കഥാലോകത്തെ ഇതിഹാസ നായകനായിരുന്നു അദ്ദേഹം.  ഏത് തരം വായനക്കാരനും പ്രേക്ഷകനും ഹൃദ്യമായ ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങളും മെഗാഹിറ്റ് ചലച്ചിത്രങ്ങളുമായി ആസ്വാദകരുടെ ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ച അതുല്യപ്രതിഭയായിരുന്നു എം.ടി. ജീവിതത്തിന്റെ തീക്ഷ്ണയാഥാര്‍ഥ്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കാന്‍ അക്ഷരങ്ങളെ ആയുധമാക്കിയ പ്രതിഭാധനന് ജിജിഐ ആദരാഞ്ജലി അര്‍പ്പിക്കുന്നു.