അരനൂറ്റാണ്ടിന്റെ അഭിമാനം; കെ.എം.സി.സിയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് വിപുലമായ പദ്ധതികൾ പ്രഖ്യാപിച്ചു

“ആഘോഷ പരിപാടി ജനുവരി 17 നു ജിദ്ദയിൽ നടക്കുന്ന വടംവലി മത്സരത്തോടെ ആരംഭിക്കും” 

ജിദ്ദ: പ്രവാസിയുടെ സങ്കടങ്ങളിലും കണ്ണീരിലും തണലായ കെ.എം.സി.സിയുടെ അൻപതാം വാർഷികത്തോടനുബന്ധിച്ച് വിപുലമായ പദ്ധതികൾ പ്രഖ്യാപിച്ച് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി. ‘അരനൂറ്റാണ്ടിന്റെ അഭിമാനം, ജിദ്ദ കെ.എം.സി.സി’ എന്ന പേരിൽ നടത്തുന്ന പരിപാടി കെ.എം.സി.സി എന്ന മഹാപ്രസ്ഥാനം പിന്നിട്ട വഴികൾ ഓരോന്നും അടയാളപ്പെടുത്തുന്നതിനൊപ്പം ഭാവിയിൽ വിവിധ  പദ്ധതികൾ നടപ്പിലാക്കും.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

ലോക മലയാളികളിക്കിടയിൽ ഫുട്ബോൾ പോലെ സ്വീകാര്യത നേടിയ കായിക ഇനമായ വടംവലി മത്സരം ഈ വരുന്ന ജനുവരി 17 നു ജിദ്ദയിൽ നടത്തും. ജിദ്ദ കെഎംസിസി സ്പോർട്സ് വിംഗിന്റെ നേതൃത്വത്തിൽ നടക്കുന്ന ടൂർണമെന്റിൽ യു.എ.ഇ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ടീമുകളും മാറ്റുരക്കും. ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലെ സ്റ്റേഡിയത്തിൽ പ്രത്യേകം സജ്ജമാക്കുന്ന ലോക നിലവാരത്തിലുള്ള വടംവലി കോർട്ടും പിച്ചും ആയിരിക്കും മത്സരങ്ങൾക്ക് ഉപയോഗപ്പെടുത്തുക. ആറായിരം സൗദി റിയാലാണ് ഒന്നാം സ്ഥാനക്കാർക്ക് നൽകുക. നാലായിരം, രണ്ടായിരം, ആയിരം എന്നിങ്ങിനെയാണ് രണ്ടു മുതൽ നാലു വരെ സ്ഥാനക്കാർക്ക് നൽകുക.  വടംവലിയുടെ പൊതു നിലവാരവും നിയമങ്ങളും പലപിച്ചുകൊണ്ടായിരിക്കും മേളനടത്തപ്പെടുക. മത്സരം കാണാനെത്തുന്നവർക്ക് വിവിധ ഭക്ഷണ സ്റ്റാളുകളും മറ്റും ഗ്രൗണ്ടിൽ ഒരുക്കും. മേള വിജയിപ്പിക്കുന്നതിനുവേണ്ടി വിപുലമായ സംഘാടകസമിതി രൂപീകരിച്ചതായും ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ജിദ്ദയിൽ എഴുപതുകളുടെ അവസാനത്തോടെയാണ് കെ.എം.സി.സിയുടെ ആദ്യരൂപമായ ചന്ദ്രിക റീഡേഴ്സ് ഫോറം രൂപീകരിക്കുകയും 85 ൽ കെഎംസിസി എന്നപേരിൽ  വ്യവസ്ഥാപിത പ്രസ്ഥാനമായി സംഘടിപ്പിക്കുകയും ചെയ്തു.

ജീവകാരുണ്യ പ്രവർത്തനങ്ങൾ, സഹജീവികൾക്ക് സഹായകമാകുന്ന മറ്റ് പദ്ധതികൾ, സാംസ്കാരിക സായാഹ്നങ്ങൾ, പാർട്ടിക്ക് ഭൗതികമായും അല്ലാതെയും പിന്തുണയേകുന്ന നൂറുകണക്കിന് പ്രവർത്തനങ്ങൾ എന്നിവക്ക് കെ.എം.സി.സി നേതൃത്വം നൽകി വരുന്നു. പിന്നിട്ട വഴികളിലേക്കുള്ള ഓർമ്മകളുടെ മടക്കയാത്രയും പുതിയ കാലത്തെ അടയാളപ്പെടുത്തലുമാണ് ‘അര നൂറ്റാണ്ടിന്റെ അഭിമാനം, ജിദ്ദ കെഎംസിസി’ എന്ന പേരിലുള്ള  പരിപാടിയുടെ കാതൽ.

ആഘോഷത്തിന്റെ ഭാഗമായി 2025 ജനുവരി 1 മുതൽ ഡിസംബർ 31 വരെ ഒരുവർഷക്കാലം വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. ആദ്യ ഘട്ട പരിപാടികൾ ജനുവരി 1 മുതൽ ഏപ്രിൽ 30 വരെയാണ് സംഘടിപ്പിച്ചിട്ടുള്ളത്. സ്ഥിരമായി നടത്തിവരുന്ന പരിപാടികൾക്ക് പുറമെ, സോവനീർ, മെഗാഷോ, സാംസ്കാരിക സാഹിത്യ സെമിനാർ, കാരുണ്യകൂട്ടം തുടങ്ങി അൻപതോളം പരിപാടികലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ഒരു വർഷത്തെ പരിപാടികളുടെ ഉദ്ഘാടനം ജനുവരി 17ന്  നടക്കുന്ന അന്താരാഷ്ട്രാ വടംവലി മത്സരത്തോടെ ആരംഭിക്കും. സൗദിയിൽനിന്നുള്ള ടീമുകൾക്ക് പുറമെ ഖത്തർ അടക്കമുള്ള ജി സി സി രാജ്യങ്ങളിൽ നിന്നടക്കമുള്ള ടീമുകൾ പങ്കെടുക്കും.  ജനുവരി 23 – സുരക്ഷാ കോഡിനേറ്റർമാർക്കുള്ള സ്നേഹവിരുന്ന്, ജനുവരി 31 ന്  ‘സ്ത്രീ കരുത്ത്’ എന്നപേരിൽ ഏകദിന ശില്പശാലയും പ്രദർശനവും, വനിതാ വിങ്ങിന്റെ പരിപാടികൾ, ജനവരി 31 രാത്രി ലീഡേഴ്‌സ് ട്രെയിനിങ് ക്യാമ്പ്, ഫെബ്രുവരി 8  പാഠശാല (ചരിത്ര പഠന ശാല), ഫെബ്രുവരി 13 – ഷട്ടിൽ ടൂർണമെന്റ്, ഫെബ്രുവരി 20- ‘അഹ്‌ലൻ റമദാൻ’, ഫെബ്രുവരി 22 – ജിദ്ദ മാരത്തോൺ (സൗദി സ്ഥാപക ദിനം),  മാർച്ച് 14- മെഗാ ഇഫ്‌താർ, ഏപ്രിൽ- 25 മെഗാ ഫാമിലി ഇവന്റ് എന്നിവയായിരിക്കും ആദ്യഘട്ടത്തിലെ പ്രധാന പരിപാടികൾ.

അൽ സാമറിൽ ആരംഭിച്ച പ്രഭാത ഹെൽത്ത് ക്ലബ്ബ് കൂടുതൽ ഏരിയകളിലേക്ക് വ്യാപിപ്പിക്കും.

വാർത്താസമ്മേളനത്തിൽ കെഎംസിസി ഭാരവാഹികളായ സികെ റസാഖ് മാസ്റ്റർ, ഇസ്‌ഹാഖ്‌ പൂണ്ടോളി, വിപി അബ്ദുറഹിമാൻ, ഇസ്മായിൽ മുണ്ടക്കുളം, ലത്തീഫ് മുസ്ലിയാരങ്ങാടി, ജലാൽ തേഞ്ഞിപ്പലം, അഷ്‌റഫ് താഴേക്കോട്, നാസർ മച്ചിങ്ങൽ, സുബൈർ വട്ടോളി തുടങ്ങിയവർ സംബന്ധിച്ചു.