‘സ്റ്റുഡൻ്റ്സ് പബ്ലിക് ടോക്ക് ഷോ’ പ്രവാസി വിദ്യാർത്ഥികൾക്ക് കൂടി പ്രയോജനമാകുംവിധമാണ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ

ജിദ്ദ: ലോകത്തിലെ ഏറ്റവും വലിയ പബ്ലിക് ടോക് ഷോ ആയ ടെഡ് എക്സ് (TEDx ) മാതൃകയിൽ 8, 9, 10 ക്ലാസിൽ പഠിക്കുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഇന്ത്യയിൽ ആദ്യമായി ആരംഭിക്കുന്ന സ്റ്റുഡൻ്റ്സ് പബ്ലിക്ക് ടോക്ക് ഷോ ആയ ഫേസ് എക്സ് ടോക്ക് ഷോ (സ്റ്റുഡൻ്റ്സ് പബ്ലിക് ടോക്ക് ഷോ) പ്രവാസി വിദ്യാർത്ഥികൾക്ക് കൂടി പ്രയോജനമാകുംവിധമാണ് സംഘടിപ്പിക്കുന്നതെന്ന് ജിദ്ദയിൽ സംഘാടകർ അറിയിച്ചു. ‘സ്റ്റുഡൻ്റ്സ് പബ്ലിക് ടോക്ക് ഷോ’യുടെ പ്രചാരണാർഥം വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്നതിനിടെ ജിദ്ദയിൽ സംസാരിക്കുകയായിരുന്നു ഫേസ് അക്കാദമിയുടെ ഫൗണ്ടർ ജനറൽ സെക്രട്ടറി യാകൂബ് ഫൈസി, ഫേസ് അക്കാദമിക് കൗൺസിൽ അംഗം ഡോ: ബഷീർ എടാട്ട് എന്നിവർ.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

ഇന്ത്യയിൽ വിദ്യാർത്ഥികളുടെ പബ്ലിക് സ്‌പീക്കിംഗ് കഴിവിനെ വളർത്താനും ഉയർന്ന ലീഡർഷിപ്പ് സ്‌കിൽ വർദ്ധിപ്പിക്കാനും അത് അന്താരാഷ്ട്ര തലത്തിൽ അവതരിപ്പിക്കാനുമുള്ള വേദിയാണ് ഫേസ് എക്സിലൂടെ ഫേസ് കാമ്പസ് വിഭാവനം ചെയ്യുന്നത്.

മുൻ കേരള ചീഫ് ഇലക്ഷൻ കമ്മീഷണർ പി. കമാൽകുട്ടി ഐ.എ.എസിൻ്റെയും എം.പി ജോസഫ് ഐ.എ.എസിൻ്റെയും നേതൃത്വത്തിൽ തിരുവന്തപുരത്ത് നടന്നു വരുന്ന സ്ഥാപനമാണ് ഫേസ് ഐ എ എസ് അക്കാദമി. ജാമിഅ മില്ലിയ ആർ സി എ മോഡലിൽ പ്രർത്തിക്കുന്ന അക്കദമിയിൽ പഠനം, ഭക്ഷണം, താമസം, മെൻ്റർഷിപ്പ് ഉൾപ്പെടെ ഇരുപത്തി അഞ്ചു കുട്ടികൾക്ക് പൂർണ്ണമായും സൗജന്യമായി താമസിച്ച് പഠനം നടത്തുവാനുള്ള സേവനമാണ് ഒരുക്കിയിട്ടുള്ളത്. വിദ്യാർത്ഥികളെ ഇന്ത്യയിലെയും വിദേശത്തെയും ഉന്നത കലാലയങ്ങളിലേക്ക് സ്കോളർഷിപ്പോടെ ഡിഗ്രി, പി.ജി പഠനങ്ങൾക്ക് എത്തിക്കുക, സിവിൽ സർവ്വീസ് പരീക്ഷക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കുക, യു.എൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികളിലെ വിവിധ തസ്‌തികകളിലേക്ക് മലയാളികളെ എത്തിക്കുക തുടങ്ങിയ സമൂഹത്തിന്റെ ലീഡർഷിപ്പിലേക്ക് കുട്ടികളെ എത്തിക്കാനുള്ള ശ്രമമാണ് ‘ഫേസ്’ നടത്തി കൊണ്ടിരിക്കുന്നത്. ഈ മത്സരത്തിൽ ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. രണ്ട് റൗണ്ടായാണ് മത്സരം. ആദ്യ റൗണ്ട് കഴിഞ്ഞ് ഫൈനലിൽ എത്തുന്ന എല്ലാവർക്കും പ്രത്യേക സർട്ടിഫിക്കറ്റും, എക്‌സ് മാതൃകയിലുള്ള പ്രത്യേക ഉപഹാരവും ലഭിക്കും. ആദ്യ റൗണ്ടിൽ പങ്കെടുക്കുവർക്കും സർട്ടിഫിക്കറ്റ് ലഭിക്കും. പ്രോഗ്രാമിൽ പങ്കെടുക്കാൻ അവസാന തിയതി ഡിസംബർ 25 ആണ്.

ടോക്ക് ഷോയുടെ ഔപചാരിക ലോഞ്ചിംഗ് ഡിസംബർ 7 ന് കോഴിക്കോട് റിജിയണൽ സയൻസ് സെൻ്ററിൽ ഫേസ് ക്യാമ്പസ് പ്രിൻസിപ്പൽ പി. കമാൽകുട്ടി ഐ.എ.എസിൻ്റെ അധ്യക്ഷതയിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ലോഞ്ച് ചെയ്യുകയുണ്ടായി. ഡോ. റാഷിദ് ഗസ്സാലി, ഫേസ് അക്കാദമിക് ഡയറക്ടർ എം.പി ജോസഫ് ഐ.എ.എസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചിരുന്നു.