ലോറി ഉടമ മനാഫ് ജിദ്ദയിൽ പ്രവാസികളുമായി കൂടിക്കാഴ്ച നടത്തി

ജിദ്ദ: ശിരൂരിലെ മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കലിലെ അർജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫ് മക്കയിൽ എത്തി ഉംറ നിർവഹിച്ചു. ഇന്ന് മദീന സന്ദർശനത്തിനായി അദ്ദേഹം പോകും. ഇതിനിടെ ജിദ്ദയിലെത്തിയ മനാഫ് ലാലു സൗണ്ടസ് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ജിദ്ദയിലെ പ്രവാസികൾ കൂടിക്കാഴ്ചക്ക് അവസരമൊരുക്കി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ഷറഫിയ സഫയർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ശിരൂരിലെ അപകട സമയത്ത് ഉണ്ടായ സംഭാവവികാസങ്ങളെക്കുറിച്ച് വിശദമായി തന്നെ മനാഫ് സംസാരിച്ചു. ചെയ്ത നന്മക്കും അന്നുണ്ടായ പ്രയാസങ്ങളെ കുറിച്ചും അതുകഴിഞ്ഞ് കേട്ട അപവാദങ്ങളെ കുറിച്ചൊക്കെ വിശദമായി സംസാരിച്ചു. സദസ്യരുടെ ചോദ്യങ്ങൾക്കു മറുപടി നൽകി. ദ്രോഹവും ആർക്കും ചെയ്തിട്ടില്ല, പ്രശസ്തിയോ പ്രശംസയോ തേടി പോവുകയോ അല്ലെങ്കിൽ അത് ആഗ്രഹിക്കുകയോ ചെയ്തിട്ടില്ല. ഞാനൊന്നും ഇതുപോലെ തന്നെ പച്ചമനുഷ്യനായി നിങ്ങളുടെ മുന്നിൽ ജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഡ്രൈവറായിരുന്ന അർജുൻ വിശ്വസ്തനായ കഴിവുറ്റ ജോലിക്കാരനായിരുന്നു. അദ്ദേഹത്തെ ജീവനോടെ കണ്ടെത്തണം എന്നാഗ്രഹിച്ചു. അവസാനം മൃതദേഹമെങ്കിലും കുടുംബത്തിനടുത്തെത്തിക്കുവാൻ ദൃഢപ്രതിജ്ഞയിലായിരുന്നു. പക്ഷേ ചില മീഡിയകൾ തെറ്റിദ്ധാരണ പരത്തി. എന്നാൽ മാതൃഭൂമി, മീഡിയവൺ പോലുള്ള ചാലുകൾ സംഭവങ്ങൾ കൃത്യതയോടെ സത്യ സന്നദ്ധമായി റിപ്പോർട്ട് ചെയ്തു. കൂടെ കൈകോർത്തു നിന്നവർക്കൊക്കെ നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തെറ്റിദ്ധാരണ ഉണ്ടാക്കിയവരൊക്കെ എന്നെങ്കിലും സത്യം തിരിച്ചറിഞ്ഞു മനസ്സിലാക്കുമെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.

ജിദ്ദയിലെ വിവിധ രംഗത്തുള്ളവർ മനാഫിനെ ശ്രവിക്കാൻ എത്തിയിരുന്നു. ഇസ്മായിൽ മുണ്ടക്കുളം, കെടിഎ മുനീർ, വാസു ഹംദാൻ, ഹസ്സൻ കൊണ്ടോട്ടി, സക്കീർ മാഷ്, ബാദുഷ, ജാഫറലി പാലക്കോട്, സാദിക്കലി തുവ്വൂർ, അയ്യൂബ് മാഷ് തുടങ്ങി ഒട്ടേറെ പേർ സംസാരിച്ചു.

മുബാറക്ക് വാഴക്കാട്, അമീർ പരപ്പനങ്ങാടി, ഗഫൂർ മാഹി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. അഷ്റഫ് ചുക്കൻ സ്വാഗതവും ലാലു സൗണ്ട്സ് ചെയർമാൻ മുസ്തഫ കുന്നുംപുറം നന്ദിയും പറഞ്ഞു ലോറി ഉടമ മനാഫിനുള്ള മെമെന്റോ അൽസഹ്റ ഗ്രൂപ്പ് എംഡി ഉണ്ണീൻ പുലാക്കലും സ്നേഹപഹാരം യൂസുഫ് കോട്ടയും സമ്മാനിച്ചു.

മനാഫിനെ പുണ്യഭൂമിയിലെത്തിച്ച സീ ടെക് ട്രാവൽസ് ഉടമ അബ്ദുൽ അസീസ് കടലുണ്ടി പരിപാടിയിൽ സംബന്ധിക്കാൻ റിയാദിൽ നിന്ന് എത്തിയിരുന്നു. സദസ്സിലെ ഓരോ ചോദ്യങ്ങൾക്കും മനാഫ് മറുപടി നൽകി