യു.എഫ്.സി ഫുട്‍ബോൾ മേള: ജുബൈൽ എഫ്.സി, ബദർ, എഫ്.സി ദമ്മാം, ഫിനിക്സ് ടീമുകൾ ക്വാർട്ടറിൽ കടന്നു

യു എഫ് സി ഫുട്‍ബോൾ മേളയിൽ പ്ലയർ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ട ബദർ എഫ്.സി യുടെ ശിബിലി ട്രോഫി ഏറ്റ് വാങ്ങുന്നു
അൽ കോബാർ: യുനൈറ്റഡ് ഫുട്ബാൾ ക്ലബ്ബ് (യു.എഫ്.സി) പതിനേഴാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഗാലപ്പ് യു.എഫ്.സി ചാമ്പ്യൻസ് കപ്പിൻ്റെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കളികളിൽ സ്പോർട്ടിംഗ് ഖാലിദിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപെടുത്തി ജുബൈൽ എഫ്.സി യും, മാഡ്രിഡ് എഫ്.സി യെ ഒരു ഗോളിന് പരാജയപ്പെടുത്തി ബദർ എഫ്.സി യും ക്വാർട്ടറിൽ പ്രവേശിച്ചു.
ആവേശകരമായ മറ്റൊരു മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ആതിഥേയ യു എഫ് സിയെ പരാജയപെടുത്തി എഫ്.സി ദമാമും, എതിർ ടീമെത്താത്തത് കൊണ്ട് ഫിനിക്സ് എഫ്.സിയും ടൂർണമെൻ്റിൻ്റെ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. കളിയിലെ കേമൻമാരായി യഥാക്രമം ജുബൈൽ എഫ്.സിയുടെ പ്രിൻസിനെയും ബദർ എഫ്.സി യുടെ ശിബിലി യെയും എഫ്.സി ദമാമിൻ്റെ ഷാഹിറിനെയും തിരഞ്ഞെടുത്തു.
മികച്ച കളിക്കാർക്കുള്ള ട്രോഫിയും പുരസ്കാരങ്ങളും വ്യാപാര-വാണിജ്യ കായിക രംഗത്തെ പ്രമുഖരായ ഹക്കീം തെക്കിൽ, അബ്ദുള്ള അൽ ഹാജരി, ലിയാഖത്ത് കരങ്ങാടൻ, ആസിഫ് കൊണ്ടോട്ടി, സമീഹ് ഹംസ, ഫസൽ ജിഫ്രി, സകീർ പെരിന്തൽമണ്ണ, ഫത്തീൻ മങ്കട, സഫീർ മണലൊടി തുടങ്ങിയവർ സമ്മാനിച്ചു.
വെള്ളിയാഴ്ച്ച നടക്കുന്ന ആദ്യ കളിയിൽ വൈകുന്നേരം 6 മണിക്ക് കരുത്തരായ കാലിദിയ എഫ്.സിയും മലബാർ യുണൈറ്റഡ് എഫ്.സിയും ഏറ്റുമുട്ടും. 7.30 ന് ആരംഭിക്കുന്ന ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കോർണിഷ് സോക്കർ കോബാറും, ജുബൈൽ എഫ്.സിയും തമ്മിലും 9.30 ന് നടക്കുന്ന രണ്ടാമത് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബദർ എഫ്.സിയും, ഫിനിക്സ് എസ്.സിയുമായും മാറ്റുരക്കും..തുഖ്ബ ക്ലബ്ബ് സ്റ്റേഡിയത്തിലായിരിക്കും ഇനിയുള്ള മത്സരങ്ങൾ നടക്കുകയെന്ന് സംഘാടകർ അറിയിച്ചു.
യു എഫ് സി ഫുട്‍ബോൾ മേളയിൽ പ്ലയർ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ട ബദർ എഫ്.സി യുടെ ശിബിലി ട്രോഫി ഏറ്റ് വാങ്ങുന്നു.






