കേരള എൻജിനീയേഴ്സ് ഫോറം “ടെർമിനൽ X-XII” സംഘടിപ്പിച്ചു

ജിദ്ദ: ഉപരിപഠനത്തിന് തെരഞ്ഞെടുക്കേണ്ട വ്യത്യസ്ത മേഖലകൾ മനസ്സിലാക്കാൻ കേരള എൻജിനീയേഴ്സ് ഫോറം (കെ.ഇ.എഫ്) പത്ത്, പതിനൊന്ന്, പന്ത്രണ്ടാം ക്ലാസ് ഇന്ത്യൻ വിദ്യാർത്ഥികൾക്കായി നടത്തിയ “ടെർമിനൽ X-XII” വിദഗ്ധരുടെ സെഷനുകൾ കൊണ്ട് ശ്രദ്ധേയമായി. എഞ്ചിനീയറിങ്ങും മെഡിസിനും മാത്രം എന്ന ചിന്തകൾക്ക് ഒരു തിരുത്തൽ ആയിരുന്നു കെ.ഇ.എഫ് കമ്മ്യൂണിറ്റി സർവീസ് പ്രോഗ്രാമിന് കീഴിൽ നടന്ന വിവിധ മേഘലകളിലെ പ്രഗൽഭരെ അണിനിരത്തിയുള്ള കരിയർ ഗൈഡൻസ് പരിപാടി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
വൈവിധ്യമാർന്ന മേഖലകളിൽ നിന്നുള്ള വിദഗ്ധർ അവരുടെ നാൾവഴികളും, വർഷങ്ങളുടെ അനുഭവവും വെല്ലുവിളികളും, ഓരോ മേഖലയിലും അടുത്ത 10 വർഷങ്ങൾക്ക് ശേഷം വരാൻ പോകുന്ന മാറ്റങ്ങളെയും അവസരങ്ങളെയും കുറിച്ച് വിശദീകരിച്ചത് പരിപാടിയെ വേറിട്ട അനുഭവമാക്കി. ഡോ. ജെംഷിത്ത് (ഹെൽത്ത് കെയർ), സബീർ പുവല്ലൂർ (ഫിനാൻസ്), ഷിംന ഷക്കീർ (കരിയർ ഗൈഡൻസിൻ്റെ പ്രാധാന്യം), ബിസ്മിത സുൽത്താന (മാനേജ്മെൻ്റ്), അഡ്വ. ഫിറോസ് മുഹമ്മദ്(ലോ ആൻഡ് ലീഗൽ ), അസിം സീഷാൻ ഖാൻ (മാർക്കറ്റിംഗ് & സപ്ലൈ ചെയിൻ), ഐഷ നാസിയ (സ്പോർട്സ് & മീഡിയ), ബൈജു ദാസ് & സാബിർ (എഞ്ചിനീയറിംഗ്) തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് തങ്ങളുടെ മേഖലകൾ പരിചയപെടുത്തി.
ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരി ഉദ്ഘാടനം നിർവ്വഹിച്ചു. കോൺസൽ ശ്രീ.മുഹമ്മദ് അബ്ദുൾ ജലീൽ, എംബസ്സി സ്കൂൾ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഇമ്രാൻ, സ്കൂൾ മാനേജ്‌മെൻ്റ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. ഹേമലത തുടങ്ങിയവർ മുഖ്യാതിഥികൾ ആയിരുന്നു.
വിദ്യാർത്ഥികളാണ് സമൂഹത്തിൻ്റെയും രാജ്യത്തിൻ്റെയും ഭാവിയിലേക്കുള്ള മികച്ച നിക്ഷേപമെന്ന് ഓർമ്മിപ്പിച്ച് കോൺസൽ ജനറൽ നടത്തിയ ഉദ്ഘാടന പ്രസംഗം ഏവർക്കും പ്രചോദനമായി. തുടർന്ന് കോൺസൽ ശ്രീ.മുഹമ്മദ് അബ്ദുൾ ജലീൽ അദ്ദേഹത്തിന്റ സിവിൽ സർവീസ് യാത്രയെക്കുറിച്ചുള്ള സെഷൻ വിദ്യാർത്ഥികൾക്ക് ഏറെ ആത്മവിശ്വാസം പകരുന്നതായിരുന്നു.
ഡോ. മുഹമ്മദ് ഇമ്രാൻ, സ്കൂൾ മാനേജ്‌മെൻ്റ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. ഹേമലത തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പതിവായി നടന്നു വരുന്ന തൊഴിൽ മേളകളിൽ നിന്നും വ്യത്യസ്തമായി വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ സംവദിക്കുന്ന ഇത്തരം പ്രോഗ്രാമുകൾ വിദ്യാർത്ഥികളും രക്ഷിതാക്കൾക്കും കൂടുതൽ പ്രായോഗിക ദിശാബോധം നല്കുന്നതാണെന്നു ഇരുവരും അഭിപ്രായപ്പെട്ടു.
കെ.ഇ.എഫ്.ൻ്റെ സ്ഥാപക അംഗവും മാസ്റ്റർ അവതാരകനുമായ ഇഖ്ബാൽ പൊക്കുന്നാണ് സെഷനുകൾ നിയന്ത്രിച്ചത്. കെ.ഇ.എഫ് പ്രസിഡന്‍റ് പി.എം സഫ്‌വാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പി.കെ.ആദിൽ സ്വാഗതവും, ട്രഷറർ അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.






