മലപ്പുറം ജില്ലാ കെ എം സി സി പ്രഥമ ജില്ലാ സോക്കർ കൊണ്ടോട്ടി മണ്ഡലം, അമിഗോസ് എസ്.യു.ജെ ചാമ്പ്യന്മാർ.

ജിദ്ദ: മലപ്പുറം ജില്ലാ കെ എം സി സി സംഘടിപ്പിച്ച ജില്ലാ സോക്കർ ടൂർണമെന്റിൽ അഹ്‌ദാബ് സ്കൂൾ കൊണ്ടോട്ടി മണ്ഡലം ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ സിന്ദാൽ അറേബ്യ മലപ്പുറം മണ്ഡലത്തെ ഒരു ഗോളിനാണ് കൊണ്ടോട്ടി മണ്ഡലം പരാജയപ്പെടുത്തിയത്. ജൂനിയർ വിഭാഗത്തിൽ അമിഗോസ് എസ്.യു.ജെ, ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജെ.എസ്.സി സോക്കർ അക്കാഡമി തകർത്തു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ജിദ്ദ മഹാജർ എമ്പറേഴ്സ് സ്റ്റേഡിയത്തിൽ നടന്ന അത്യന്തം ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോളുകൾ ഒന്നും സ്കോർ ചെയ്യാതെ സമനിലയിൽ പിരിഞ്ഞു. മലപ്പുറം മണ്ഡലത്തിനായിരിന്നു ആദ്യപകുതിയിൽ മുൻ‌തൂക്കം. രണ്ടാം പകുതിയിൽ തന്ത്രങ്ങൾ മാറ്റിയിറങ്ങിയ ടീം കൊണ്ടോട്ടി, കളിയുടെ കടിഞ്ഞാൺ തിരിച്ചു പിടിച്ചു. ആർത്തിരമ്പി വന്ന ടീം കൊണ്ടോട്ടിയുടെ നിരവധി മുന്നേറ്റങ്ങൾ കാണികൾക്ക് ആവേശം വിതറി. കളി തീരാൻ മിനുട്ടുകൾ ബാക്കിനിൽക്കെ കൊണ്ടോട്ടി സ്ട്രൈക്കെർ ഫഹീം അലി തൊടുത്തുവിട്ട ഒരു പവർഫുൾ ഷോട്ട് ലക്ഷ്യം കണ്ടതോടെ ടീം കൊണ്ടോട്ടി വിജയമുറപ്പിച്ചു. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഫഹീം അലിയെ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു. ഇതോടെ മലപ്പുറം ജില്ലാ കെ എം സി സി, ജില്ലാ സോക്കർ ടൂർണ്ണമെന്റിന്റെ സീസൺ-1 ലെ ചാമ്പ്യന്മാരായി ടീം അഹ്ദബ് സ്കൂൾ കൊണ്ടോട്ടി മണ്ഡലം ജിദ്ദ ഫുട്‍ബോൾ സമൂഹത്തിന്റെ മുന്നിൽ ഒരു പുതുചരിത്രം രചിച്ചു.

ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പറായി മലപ്പുറത്തിന്റെ അമീർഅലിയെയും, മികച്ച ഡിഫെൻഡറായി മലപ്പുറത്തിന്റെ അനീസ് ബാബുവിനെയും, മിഡ് ഫീൽഡറായി ടീം കൊണ്ടോട്ടിയുടെ ഫഹീമിനെയും, മികച്ച സ്‌ട്രൈക്കറായി ടീം കൊണ്ടോട്ടിയുടെ അൻസിലിനെയും, പ്ലയെർ ഓഫ് ദി ടൂർണ്ണമെന്റായി ടീം കൊണ്ടോട്ടിയുടെ ഫഹീമിനെയും തിരഞ്ഞെടുത്തു. മൂന്ന് ഗോളുകൾ വീതം നേടിയ ടീം താനൂരിന്റെ ജവാസിനും, ടീം കൊണ്ടോട്ടിയുടെ ഫഹീമും ടോപ്പ് സ്കോറെർ പുരസ്‌കാരം പങ്കിട്ടെടുത്തു.

ആവേശകരമായ അണ്ടർ-17 വിഭാഗത്തിൽ അമിഗോസ് എസ്.യു.ജെ, രണ്ടിനെതിരെ ഒരു ഗോളിന് ജെ.എസ്.സി സോക്കർ അക്കാഡമിയെ പരാജയപ്പെടുത്തി. ആദ്യ പകുതിയിൽ ജെ.എസ്.സി സോക്കർ അക്കാഡമി ഗോൾ കീപ്പർ വരുത്തിയ പിഴവിൽ അമിഗോസ് സ്‌ട്രൈക്കർ മിഷാൽ മുജീബ് അനായാസം പന്ത് ലക്ഷ്യത്തിലെത്തിച്ചു. രണ്ടാം പകുതിയിൽ ലഭിച്ച മറ്റൊരവസരംകൂടി മിഷാൽ മുജീബ് സ്കോർ ചെയ്തതോടെ അമിഗോസ് എസ്.യു.ജെ, മത്സരത്തിൽ വ്യക്തമായ മേൽക്കൈ നേടി. മത്സരം അവസാനിക്കാൻ രണ്ടു മിനുട്ട് ബാക്കിയുള്ളപ്പോൾ ലഭിച്ചയൊരവസരം ജെ.എസ്.സി സോക്കർ അക്കാഡമിയുടെ പാർഥിവ് സ്കോർ ചെയ്തു ആശ്വാസഗോൾ നേടി. കളിയിലെ കേമനായി അമിഗോസ് എസ്.യു.ജെയുടെ മിഷാൽ മുജീബിനെ തിരഞ്ഞെടുത്തു. സ്കോർ (2 – 1).

ജൂനിയർ വിഭാഗത്തിൽ, ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പറായി അമിഗോസ് എസ്.യു.ജെയുടെ മുആദ് ഷബീറലിയെയും, മികച്ച ഡിഫെൻഡറായി ജെ.എസ്.സി സോക്കർ അക്കാഡമിയുടെ മുആസിനെയും, മിഡ് ഫീൽഡറായി ജെ.എസ്.സി സോക്കർ അക്കാഡമിയുടെ റിസ്‌വാനേയും, മികച്ച സ്‌ട്രൈക്കറായി അമിഗോസ് എസ്.യു.ജെയുടെ മിഷാൽ മുജീബിനെയും തിരഞ്ഞെടുത്തു.

മാൻ ഓഫ് ദി മാച്ച് ഫഹീം അലി (കൊണ്ടോട്ടി), മിഷാൽ മുജീബ് ( അമിഗോസ് എസ്.യു.ജെ) എന്നിവരാണ്.