യു ഡി എഫിന്റേത് ആധികാരിക വിജയം: സഊദി കെഎംസിസി

റിയാദ്: വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെയുള്ള ആധികാരിക വിജയമാണ് ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് കെഎംസിസി സഊദി നാഷണൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. പരാജയത്തിന്റെ ഭീതിയിൽ അവസാന ആവനാഴിയിലെ അമ്പുകളെല്ലാം പ്രയോഗിച്ച സിപിഎം വർഗീയ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകി ബി ജെ പിയോടൊപ്പം കൈകോർക്കുന്ന ദയനീയ കാഴ്ച കേരളം കണ്ടു. അവസരവാദത്തിന്റെയും നെറികേടിന്റെയും രാഷ്ട്രീയത്തെ കേരളത്തിലെ ഉദ്ബുദ്ധരായ ജനതയുടെ പ്രതിനിധികളായ വയനാട്ടിലെയും പാലക്കാട്ടെയും ജനങ്ങൾ പിഴുതെറിഞ്ഞുവെന്നു കെഎംസിസി സഊദി നാഷണൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

വയനാട്ടിലെയും പാലക്കാട്ടെയും വോട്ടർമാരെ സഊദി കെഎംസിസി അഭിനന്ദിച്ചു. തെരഞ്ഞെടുപ്പിന്റെ തലേന്ന് ബി ജെ പി യെ കൂട്ടുപിടിച്ച് ചില പ്രത്യേക പത്രങ്ങളിൽ വിഷലിപ്തമായ പരസ്യം നൽകിയത് പാലക്കാടൻ മണ്ണിൽ വിലപ്പോയില്ല. യു ഡി എഫിനെ സംശയങ്ങളുടെ നിഴലിൽ നിർത്താനും തങ്ങൾക്ക് കിട്ടില്ലെന്ന് ഉറപ്പിച്ച മണ്ഡലത്തിൽ ബി ജെ പിക്ക് പരസ്യമായി കൂട്ട് നിൽക്കാനുമാണ് സി പി എം പരസ്യം നൽകിയത് വഴി ശ്രമിച്ചത്. ഭിന്നിപ്പിച്ച് വോട്ട് നേടുകയെന്ന ഗീബൽസിയൻ തന്ത്രവും പയറ്റി. മതം നോക്കി വോട്ട് ചോദിച്ച സി പി എമ്മിന്റെ മുഖത്ത് ഇരുട്ടടി കൊടുത്തത് പോലെ നേരത്തെ ഷാഫിക്കുളള ഭൂരിപക്ഷം ആറിരട്ടി വർധിപ്പിച്ച് നൽകി മറുപടി നൽകി.

മുസ്ലിംലീഗിന്റെ സമാദരണീയനായ അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾക്ക് നേരെ വിമർശനമുന്നയിച്ച് പാലക്കാട്ടെ ഒരു വിഭാഗത്തിന്റെ വോട്ടിൽ കണ്ണ് വെച്ച മുഖ്യമന്ത്രിക്കും കിട്ടി ചുട്ട മറുപടി. വയനാട്ടിൽ സി പി ഐയെ ഒറ്റക്കാക്കി പ്രചാരണ രംഗത്ത് നിന്ന് പിൻവലിഞ്ഞു നിന്ന സി പി എം പാലക്കാട്ട് പരാജയ ഭീതിയിൽ കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ ഒരു ഭരണ കക്ഷിക്ക് യോജിച്ചതായിരുന്നില്ല. അധികാരത്തിന്റെ തണലിൽ യു ഡി എഫിന് നേരെ തൊടുത്തുവിട്ട അസ്ത്രങ്ങളെല്ലാം തിരിച്ചടിച്ചത് സി പി എമ്മിനേറ്റ കനത്ത പ്രഹരമാണ്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയ പരാജയത്തിന്റെ രുചിയറിഞ്ഞ ശേഷം ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം ബാലിശമാണെന്ന് കേരള ജനതക്ക് നന്നായറിയാമെന്ന് കെഎംസിസി നേതാക്കളായ കെ പി മുഹമ്മദ്‌കുട്ടി, കുഞ്ഞിമോൻ കാക്കിയ, അഷ്‌റഫ് വേങ്ങാട്ട്, അഹമ്മദ് പാളയാട്ട്, ഖാദർ ചെങ്കള എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.