ജിദ്ദ നവോദയ കുടുംബവേദി ഓണാഘോഷം സംഘടിപ്പിച്ചു

ജിദ്ദ: ജിദ്ദ നവോദയ കേന്ദ്ര കുടുംബവേദി സംഘടിപ്പിച്ച “പൊന്നോണം” ഓണാഘോഷം ജിദ്ദ സമൂഹത്തിന് വ്യത്യസ്ത അനുഭവമായി. നൂറുകണക്കിന് കുടുംബങ്ങൾ ഉൾപ്പെടെ ആയിരത്തോളം ആളുകൾ പങ്കെടുത്ത പരിപാടി ജിദ്ദ നവോദയ ജനറൽ സെക്രട്ടറി  ശ്രീകുമാർ മാവേലിക്കര ഉദ്ഘാടനം ചെയ്തു.
ആഘോഷത്തോടനുബന്ധിച്ചു  നടത്തിയ 250 ൽ കൂടുതൽ സ്ത്രീകളും  കുട്ടികളും അണിനിരന്ന വർണശബളമായ ഓണാഘോഷയാത്ര  എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി. മാവേലി, വാമനൻ, കളരിപ്പയറ്റ്, പുലികളി, വേട്ടക്കാരൻ, മോഹിനിയാട്ടം, വള്ളം കളി, താലപ്പൊലി, വെഞ്ചാമരമേന്തിയ കുട്ടികൾ, ഇലതാളം, ചെണ്ടമേളം, കർഷകൻ, ഭരതനാട്യം,  മുത്തുക്കുട ചൂടിയ പെൺകുട്ടികൾ, നാടോടി നൃത്തം, കൊമ്പേന്തിയ ആൺകുട്ടികൾ. എന്നീ കേരളീയ  കലാരൂപങ്ങൾ ഉൾപ്പെടുത്തിയ മനോഹര ഘോഷയാത്ര നാട്ടിലെ ഓണാഘോഷ അനുഭവം സമ്മാനിച്ചു.
ആഘോഷത്തോടനുബന്ധിച്ചു മെഗാ  തിരുവാതിര, ഓണപ്പാട്ട്, വടം വലി, ഉറിയടി ഉൾപ്പെടെ കുട്ടിൾക്കുള്ള മറ്റു പല തരം വിനോദ പരിപാടികളും ഉണ്ടായിരുന്നു. വിഭവ സമൃദമായ സദ്യയും ഉണ്ടായി.
നവോദയ രക്ഷാധികാരി ഷിബു തിരുവന്തപുരം, പ്രസിഡന്റ് കിസ്മത്ത്  മമ്പാട്,  ട്രഷറർ  സിഎം അബ്ദുൾറഹ്മാൻ, കേന്ദ്ര കമ്മിറ്റി മെമ്പർമാരായ, ഹഫ്സ മുസാഫർ, ബിജുരാജ് രാമന്തളി, റഫീഖ് മമ്പാട്, ഗഫൂർ മമ്പുറം, ജുനൈസ്, ജിജോ അങ്കമാലി, കുടുംബവേദി  കേന്ദ്ര കമ്മിറ്റി ജോയിന്റ് കൺവീനർമാരായ അനിത് അബ്രഹാം, നിഷാദ് വർക്കി, ദീപ്തി,  ഷാഹിദ ജലീൽ, സാനിഷ്, കുടുംബാവേദി കേന്ദ്ര കമ്മിറ്റി മെമ്പർമാരായ മുജീബ് കൊല്ലം, മനോജ് യഹ്‌യ, സാഗർ റസാഖ്, ബാബു,  മാവേലിയായി വേഷം കെട്ടിയ വിനോദ് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
കുടുംബവേദി കൺവീനർ മുസാഫർ പാണക്കാട് സ്വാഗതവും വനിതാവേദി കൺവീനർ അനുപമ ബിജുരാജ് നന്ദിയും പറഞ്ഞു.
ഫോട്ടോ:ജിദ്ദ  നവോദയ കുടുംബവേദി ഓണാഘോഷ പരിപാടിയിൽ നിന്ന്.