ജിദ്ദ കെ എം സി സി മലപ്പുറം ജില്ല സോക്കർ മത്സരങ്ങൾ നവംബർ ഒന്നു മുതൽ

ജിദ്ദ: കെ എം സി സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി സഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റ് നവംബർ 1-ന് തുടക്കം കുറിക്കും. ജിദ്ദയിലെ ഖാലിദ് ഇബ്നു വലീദ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ അരങ്ങേറുക. മലപ്പുറം ജില്ലയിലെ പതിനാറ് മണ്ഡലം കമ്മിറ്റികൾക്കു കീഴിലുള്ള കളിക്കാരാണ് ടൂർണ്ണമെന്റിൽ ഏറ്റുമുട്ടുക. ഓരോ മണ്ഡലങ്ങളിലെയും കളിക്കാർക്ക് റജിസ്ട്രേഷനിൽ മുൻതൂക്കം നൽകിക്കൊണ്ടാണ് ടീം ലൈൻഅപ്പ് ക്രമപ്പെടുത്തിയിട്ടുള്ളത്. മണ്ഡലങ്ങൾക്ക് പുറത്തുനിന്നുള്ള കളിക്കാരെയും ലൈനപ്പിൽ ഉൾപെടുത്താൻ സാധിക്കുമെന്ന് ജിദ്ദയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംഘാടകർ അറിയിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
9s ഫോർമാറ്റിലാണ് മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. സൗദിയിലെ വിവിധ പ്രവശ്യകളിൽനിന്നും, ജി സി സി രാജ്യങ്ങളിൽ നിന്നും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമെല്ലാം ഓരോമണ്ഡലം കമ്മറ്റിക്കു കീഴിലും കളിക്കാരെ ഈ ടൂർണമെന്റിൽ അണിനിരത്താൻ സാധിക്കും. അണ്ടർ-17 ക്യാറ്റഗറിയിൽ, ജിദ്ദയിലെ വിവിധ അക്കാഡമികൾ പങ്കെടുക്കുന്ന ജൂനിയർ വിഭാഗം മത്സരങ്ങളും ടൂർണമെന്റിനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.
കേരളപ്പിറവി ദിനമായ നവംബർ 1-ന് വൈകുന്നേരം 4.30 ന് ഉദ്ഘാടന പരിപാടികൾ ആരംഭിക്കും. റജിസ്റ്റർ ചെയ്ത എല്ലാ ടീമുകളും പങ്കെടുക്കുന്ന മാർച്ച് പാസ്റ്റ് ഉദ്ഘാടനത്തിന് മുന്നോടിയായി ഗ്രൗണ്ടിൽ അരങ്ങേറും. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന മത്സരങ്ങൾ ജിദ്ദ ഫുട്ബോൾ സമൂഹത്തിന് വേറിട്ട അനുഭവം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രീ-ക്വാർട്ടർ, ക്വാർട്ടർ, സെമി ഫൈനൽ, ഫൈനൽ എന്നിങ്ങനെയുള്ള കളികൾ വിത്യസ്ത ദിവസങ്ങളിൽ വരുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. വിജയികൾക്കും റണ്ണേഴ്‌സിനും ട്രോഫിക്ക് പുറമെ ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനോടൊപ്പം വ്യക്തിഗതയിനങ്ങളിലും വ്യത്യസ്ഥ സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ജൂനിയർ വിഭാഗങ്ങളിലെ മത്സരങ്ങളും മികച്ച രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. അറബ് വംശജരായ റഫറിമാരാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്. വിവിധ പത്ര-മാധ്യമ-സോഷ്യൽ മീഡിയ ചാനലുകളിൽ കവറേജ് ലഭിക്കുന്ന രീതിയിലാണ് ടൂർണ്ണമെന്റ് ന്യൂസ് ഡെസ്ക് ക്രമീകരിച്ചിട്ടുള്ളത്.
വാർത്ത സമ്മേളനത്തിൽ മലപ്പുറം ജില്ലാ കെഎംസിസി ഭാരവാഹികളായ ഇസ്മായിൽ മുണ്ടുപറമ്പ്, നാണി ഇസ്ഹാഖ്, ഇല്യാസ് കല്ലിങ്ങൽ, സലീം മമ്പാട്, അഷ്‌റഫ് മുല്ലപ്പള്ളി, അബു കാട്ടുപ്പാറ, അബുട്ടി പള്ളത്ത്, ഫത്താഹ് താനൂർ എന്നിവർ പങ്കെടുത്തു.






