സഊദി കെഎംസിസി സുരക്ഷാ പദ്ധതി: അംഗത്വമെടുക്കാൻ ആവേശത്തോടെ പ്രവാസികൾ രംഗത്ത്

റിയാദ്: സഊദി കെഎംസിസി നാഷണൽ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി നെഞ്ചേറ്റാൻ സഊദിയിലെ പ്രവാസികൾ ആവേശത്തോടെ രംഗത്ത്. 2025 വർഷത്തേക്കുള്ള അംഗത്വ കാമ്പയിൻ ഒക്ടോബർ 15 മുതൽ ആരംഭിച്ചിട്ടുണ്ട്. നൂറുകണക്കിന് പ്രവാസികളാണ് അംഗത്വം പുതുക്കാനും പുതുതായി അംഗമാകാനും രംഗത്തുള്ളതെന്ന് കെഎംസിസി സഊദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് എന്നിവർ അറിയിച്ചു. നവംബർ 15 വരെ നീണ്ടു നിൽക്കുന്ന കാമ്പയിനിൽ സഊദിയിലെ മുഴുവൻ പ്രവാസികളും അണിചേരണമെന്നും ഒട്ടേറെ പുതുമകളുമായാണ് പദ്ധതി പ്രവാസികൾക്കിടയിലേക്ക് എത്തുന്നതെന്നും നേതാക്കൾ വ്യക്തമാക്കി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
കഴിഞ്ഞ ദിവസം കാസർഗോഡ് നടന്ന സുരക്ഷാ പദ്ധതി ആനുകൂല്യ വിതരണ ചടങ്ങിൽ വെച്ച് അടുത്ത വർഷത്തേക്കുള്ള കാമ്പയിൻ ഉദ്ഘാടനം നാഷണൽ കമ്മിറ്റി മുഖ്യ രക്ഷാധികാരി കെ പി മുഹമ്മദ്‌കുട്ടിക്ക് അംഗത്വം പുതുക്കി നൽകി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചിരുന്നു. കെഎംസിസിയുടെ നാൽപതോളം സെൻട്രൽ കമ്മിറ്റികൾ വഴിയാണ് കാമ്പയിൻ നടക്കുക. എല്ലാ ഭാഗങ്ങളിലും സെൻട്രൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പദ്ധതിയുടെ കോ ഓർഡിനേറ്റർമാരെ നിശ്ചയിച്ചിട്ടുണ്ട്. ലളിതമായ നടപടികളിലൂടെ അംഗത്വമെടുക്കാനും പുതുക്കാനും ഓൺലൈൻ വഴി കൂടുതൽ സൗകര്യങ്ങളാണ് ഇത്തവണ ഏർപെടുത്തിയത്.
പദ്ധതി ആരംഭിച്ച് ഒരു വ്യാഴവട്ട കാലത്തിനിടയിൽ അംഗങ്ങളായ അറുനൂറോളം പേരാണ് ഇതിനകം മരണപ്പെട്ടത്. കുടുംബനാഥന്മാരുടെ അപ്രതീക്ഷിത വേർപാടിൽ അനാഥരായി പോയ കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറുകയായിരുന്നു കെഎംസിസി സുരക്ഷാ പദ്ധതി. നിറഞ്ഞ കണ്ണുകളുമായി കെഎംസിസിയുടെ പക്കൽ നിന്ന് ആനുകൂല്യങ്ങൾ ഏറ്റുവാങ്ങിയ കുടുംബങ്ങൾ ഈ പദ്ധതിയില്ലായിരുന്നുവെങ്കിൽ നേരിടേണ്ടി വന്നിരുന്ന പ്രതിസന്ധികളെ കുറിച്ച് കണ്ണീരോടെയാണ് വിവരിച്ചത്. ഈ പദ്ധതിയെ മുഴുവൻ പ്രവാസികൾക്കും തുണയാകുന്നു വിധം കൂടുതൽ ജനകീയമാക്കണമെന്ന് കൂടി അവർ ആവശ്യപെടുന്നു.
പദ്ധതിയിൽ അംഗങ്ങളായി മരണപ്പെട്ടവരുടെ ആലംബ ഹീനരായ കുടുംബങ്ങൾക്ക് താങ്ങായി മാറിയ കെഎംസിസിയുടെ സുരക്ഷ പദ്ധതി 12 വർഷത്തിനകം നാൽപത് കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങളാണ് നൽകിയത്. രണ്ടായിരത്തിൽപരം പേർക്ക് ചികിത്സാ സഹായവും നൽകി. രജിസ്‌ട്രേഡ് ട്രസ്റ്റ് വഴി കൃത്യതയോടെയും സുതാര്യമായും നടന്നു വരുന്ന പദ്ധതി പൂർണ്ണമായും നിയമവിധേയമായിട്ടാണ് പ്രവർത്തിക്കുന്നത്.
സഊദിയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് കക്ഷി രാഷ്ട്രീയത്തിനും ജാതി മത വേര്‍തിരിവുകള്‍ക്കുമതീതമായി ചേരാവുന്ന പ്രവാസലോകത്തെ ഏറ്റവും വലിയ പരസ്പ്പര സഹായ പദ്ധതിയാണ് കെഎംസിസി നാഷണല്‍ കമ്മറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി. കോവിഡ് കാലത്ത് സഊദിയിൽ മരിച്ച അമ്പതോളം പേർക്ക് കെഎംസിസിയുടെ ഈ പദ്ധതി ആശ്വാസം പകർന്നിരുന്നു. കഠിനാധ്വാനത്തിനിടയിൽ ആരോഗ്യ പരിചരണത്തിന് സമയം കിട്ടാതെ മാറാരോഗങ്ങൾക്കും മറ്റും അടിമപ്പെടുന്ന സാധാരണക്കാരായ പ്രവാസികൾക്ക് അണിചേരാൻ പറ്റുന്ന ഏറ്റവും മികച്ച പദ്ധതിയാണിത്. www.mykmcc.org എന്ന വെബ്‌സൈറ്റിലൂടെ അംഗത്വം പുതുക്കാനും പുതുതായി അംഗത്വം എടുക്കാനും അവസരമുണ്ട്. ഓൺലൈൻ വഴി ചേരാൻ പ്രയാസമുള്ള പ്രവാസികൾ അവരവർ ജോലിചെയ്യുന്ന സൗദിയിലെ വിവിധ ഭാഗങ്ങളിലുള്ള കെഎംസിസി കമ്മിറ്റികളുമായി ബന്ധപ്പെട്ടാൽ അംഗത്വമെടുക്കാൻ സാധിക്കും.
അനാഥരാകുന്ന കുടുംബങ്ങൾക്ക് സർകാറുകളിൽ നിന്ന് പോലും യാതൊരു സഹായവും ലഭിക്കാത്ത സാഹചര്യത്തിലാണ് കെഎംസിസിയുടെ ഈ കർമ്മ പദ്ധതി നിരവധി കുടുംബങ്ങൾക്ക് കൈത്താങ്ങാവുന്നതെന്ന് കെഎംസിസി നാഷണൽ കമ്മിറ്റി മുഖ്യ രക്ഷാധികാരി കെ പി മുഹമ്മദ്കുട്ടി, ചെയർമാൻ ഖാദര്‍ ചെങ്കള, ട്രഷറർ അഹമ്മദ് പാളയാട്ട്, സുരക്ഷാപദ്ധതി ചെയര്‍മാന്‍ അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, കോ ഓർഡിനേറ്റർ റഫീഖ് പാറക്കൽ എന്നിവരും പറഞ്ഞു.
ഫോട്ടോ : കെഎംസിസി നാഷണൽ കമ്മിറ്റി സുരക്ഷാപദ്ധതിയുടെ 2025 വർഷത്തേക്കുള്ള കാമ്പയിൻ ഉദ്‌ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നാഷണൽ കമ്മിറ്റി മുഖ്യ രക്ഷാധികാരി കെ പി മുഹമ്മദ്‌കുട്ടിയ്ക്ക് അംഗത്വം പുതുക്കി നൽകി നിർവഹിക്കുന്നു.






