പ്രഫ. ജി. എൻ. സായിബാബയുടെ നിര്യാണത്തിൽ പ്രവാസി വെൽഫയർ അനുശോചനം രേഖപ്പെടുത്തി

ജിദ്ദ : മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ മുന്നണി പോരാളിയായിരുന്ന പ്രഫ. ജി എൻ സായിബാബയുടെ അകാല നിര്യാണത്തിൽ പ്രവാസി വെൽഫയർ വെസ്റ്റേൺ പ്രൊവിൻസ് അനുശോചനം രേഖപ്പെടുത്തി. സംഘ് പരിവാറിനെ വിമർശിക്കുന്നവരെ അകാരണമായി ജയിലറകൾക്കുള്ളിൽ അടക്കുക എന്ന ഭരണകൂട ഭീകരതക്ക് ഇരയായി പത്ത് വർഷം തടവറക്കുള്ളിൽ അടക്കപ്പെട്ട ഡൽഹി യൂണിവേഴ്സിറ്റി അധ്യാപകനായിരുന്ന  പ്രഫ സായിബാബ നിരപരാധിയാണ് എന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടത് ഈ വർഷം മാർച്ച 5 നാണ്.
അഞ്ചാം വയസ്സുമുതൽ വീൽ ചെയറിൽ മാത്രം സഞ്ചരിക്കാൻ കഴിഞ്ഞിരുന്ന പ്രഫ. സായിബാബ നീതി നിഷേധിക്ക പെടുന്നവരുടെയും സമൂഹത്തിൽ പിന്തള്ളപെട്ടവരുടെയും അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കാൻ എന്നും മുന്നിൽ ഉണ്ടായിരുന്നു എന്ന് യോഗം അനുസ്മരിച്ചു.
 എതിർ ശബ്ദങ്ങളെ ഭയപ്പെടുന്ന സംഘ് പരിവാർ സർക്കാർ അവശ്യ ചികിത്സകൾ പോലും നിഷേധിച്ചു തടവറകൾക്കുള്ളിൽ തള്ളിയ നിരപരാധികളായ അനേകായിരം സാമൂഹിക പ്രവർത്തകരുടെ പ്രതിനിധിയായിരുന്ന പ്രഫ. സായിബാബയുടെ മരണം കൊണ്ട് ജനവിരുദ്ധ സർക്കാർ ആശ്വാസം കൊള്ളേണ്ടതില്ലെന്നും, എത്ര തന്നെ അടിച്ചമർത്തിയാലും എതിർ ശബ്ദങ്ങൾ ഉച്ചത്തിൽ മുഴക്കുന്ന ആയിരം സായിബാബമാർ ഇനിയും സമൂഹത്തിൽ ഉയർന്നു വരുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
പ്രവാസി വെൽഫയർ വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ്‌ ഉമറുൽ ഫാറൂഖ് അധ്യക്ഷത വഹിച്ചു. വെസ്റ്റേൺ പ്രൊവിൻസ് ജനറൽ സെക്രട്ടറി അഷ്‌റഫ്‌ പാപ്പിനിശേരി അനുശോചന പ്രമേയം അവതരിപ്പിച്ചു.