തിരൂരങ്ങാടി പി എസ് എം ഒ കോളേജ് അലുംനി വാർഷികം ഒക്ടോബർ 18ന്

ജിദ്ദ: തിരൂരങ്ങാടി പി എസ് എം ഒ കോളേജ് അലുംനി അസോസിയേഷൻ ജിദ്ദ ചാപ്റ്റർ 18 ആം വാർഷികം 2024 ഒക്ടോബർ 18 ന് വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ വെച്ച് നടക്കും. വാർഷിക ആഘോഷത്തിൽ മുഖ്യ അതിഥികളായി കേരളത്തിൽ നിന്നും കോളേജ് പൂർവ വിദ്യാർത്ഥിയും പട്ടുറുമാൽ ജഡ്ജുമായിരുന്ന ഫിറോസ് ബാബു, സിനിമ പിന്നണി ഗായിക ദാന റാസിക്ക് എന്നിവർ പങ്കെടുക്കും. അവരോടൊപ്പം ജിദ്ദയിലെ വിവിധ ഗായകരും, ഡാൻസ്, മുട്ടിപ്പാട്ട് തുടങ്ങിയ പരിപാടികളും അരങ്ങേറുമെന്നു ജിദ്ദയിൽ വിളിച്ചുചേർത്ത വാർത്താ സംമേളനത്തിൽ അലുംനി ഭാരവാഹികൾ അറിയിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റിക്ക് കീഴിൽ അനാഥരുടെയും അഗതികളുടെയും അത്താണിയായി 1968 ജൂലൈ മാസത്തിൽ ജൂനിയർ കോളേജ് ആയി തുടങ്ങിയ പി എസ് എം ഓ കോളേജ് വിദ്യാർത്ഥികളുടെ അഡ്മിഷനോ അധ്യാപക അനധ്യാപക നിയമനാത്തിനോ ഒരു രൂപ പോലും തലവരിയോ കോഴയോ വാങ്ങാതെ ഇന്ന് ഇന്ത്യയിലെ തന്നെ ഏക സ്ഥാപനം എന്ന നിലയിൽ തലയുയർത്തി നിൽക്കുന്നു. 1972 ൽ ഫസ്റ്റ് ഗ്രേഡ് കോളേജ് ആയും 1980 മുതൽ പോസ്റ്റ് ഗ്രാജുവേറ്റ് കോളേജ് ആയും ഉയർന്ന സ്ഥാപനം ഈ മാസം മുതൽ ഓട്ടോണോമസ് കോളേജ് ആയി മാറിയ സന്തോഷ വാർത്തയും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പങ്കുവെച്ചു. 12 ഡിഗ്രി കോഴ്സുകളും 7 ഓളം പി ജി കോഴ്സുകളുമുള്ള കലാലയത്തിൽ 1800 ലധികം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. കലാ കായിക രംഗത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിൽ ഉന്നത സ്ഥാനീയരാണ് 56 വർഷം പിന്നിട്ട പി എസ് എം ഓ കോളേജ് .
പി എസ് എം ഓ കോളേജിന്റെ അലുംനി അസോസിയേഷൻ പ്രവർത്തനങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. കോളേജിന്റെ വികസനത്തിനും പുരോഗതിക്കും അലുംനി അസോസിയേഷനുകൾ വലിയ പിന്തുണ നൽകിയിട്ടുണ്ട് . വിവിധ വർഷങ്ങളിലായി പഠിച്ചിറങ്ങിയ പൂർവ വിദ്യാർത്ഥികൾ വിവിധ രാജ്യങ്ങളിലായി അലുംനി അസ്സോസിയേഷനുകളായി പ്രവർത്തിക്കുന്നുണ്ട്. 2006ലാണ് ജിദ്ദ ചാപ്റ്റർ തുടങ്ങിയത്.
കഴിഞ്ഞ 18 വർഷമായി ജിദ്ദയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ചാപ്റ്റർ കമ്മിറ്റി കോളേജിന്റെ വികസനത്തിനും വിദ്യാർത്ഥികളുടെ ക്ഷേമത്തിനുമായി ഒട്ടനവധി സഹായ സഹകരണങ്ങൾ നൽകിയിട്ടുണ്ട് .അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു 25 ലക്ഷത്തോളം മുടക്കി അൽ അബീർ ഗ്രൂപ്പിന്റെ സഹായത്തോടെ ഞങ്ങൾ നൽകിയ ഡിജിറ്റൽ ലൈബ്രറി സംവിധാനം. വിദ്യാർത്ഥികൾക്കും റിസർച്ച് സ്കോളർസിനും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ ലൈബ്രറി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിൽ ആദ്യമായാണ് ഒരു എയ്ഡഡ് കോളേജിൽ ഇങ്ങിനെ ഒരു സംവിധാനം ഒരുക്കിയത്. അതുപോലെ കഴിഞ്ഞ 6 വർഷമായി കോളേജിലെ നിർധരരായ വിദ്യാർത്ഥികൾക്ക് ഏകദേശം 10 ലക്ഷത്തോളം രൂപ സ്കോളർഷിപ്പ് നൽകുവാനും ജിദ്ദ ചാപ്റ്റർ കമ്മിറ്റിക്ക് കഴിഞ്ഞിട്ടുണ്ട് . 15 കോടി രൂപ ചിലവിൽ കഴിഞ്ഞ വർഷം നിർമ്മാണം ആരംഭിച്ച ജൂബിലി ബ്ലോക്ക് ബിൽഡിംഗ് നിർമാണ ഫണ്ടിലേക്കും സഹായം നൽകുവാൻ ചാപ്റ്റർ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
അലുംനി അസോസിയേഷന്റെ വിവിധ വർഷങ്ങളിലെ വാർഷികാഘോഷങ്ങൾക്ക് കേരളത്തിലെ അറിയപ്പെടുന്ന കലാകാരന്മാരായ ഗായകൻ അഫ്സൽ, അൻവർ സാദത്ത് ,ഫിറോസ് ബാബു,സിനിമ മിമിക്രി കലാകാരന്മാരായ വിനോദ് കോവൂർ, ഹരീഷ് കണാരൻ, കോട്ടയം നസീർ, സിറാജ് പയ്യോളി തുടങ്ങിയവർ അതിഥികളായി ജിദ്ദയിൽ എത്തിയിട്ടുണ്ട്.
വാർത്താ സമ്മേളനത്തിൽ അലുംനി ഭാരവാഹികളായ സീതി കൊളക്കാടൻ, അഷ്‌റഫ് കുന്നത്ത്, സിദ്ധീഖ് ഒളവട്ടൂർ, റഷീദ് പറങ്ങോടത്ത്, റഹൂഫ് എം.പി, അഷ്‌റഫ് അഞ്ചാലൻ, ഇല്യാസ് കല്ലിങ്ങൽ, റഹ്മത്തലി തുടങ്ങിയവർ പങ്കെടുത്തു.






