ജിദ്ദ വായനാടിനൊപ്പം: ജിദ്ദ കേരള പൗരാവലിയും വയനാട് എന്റെ നാട് എന്ന ജില്ലാ കൂട്ടായ്മയും രംഗത്ത്

ജിദ്ദ: ഉരുൾപൊട്ടലുണ്ടായ വയനാടിനെ ചേർത്തുപിടിക്കാൻ ജിദ്ദ കേരള പൗരാവലിയും വയനാട് എന്റെ നാട് എന്ന ജില്ലാ കൂട്ടായ്മയും രംഗത്ത്. വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഇരുസംഘടനകളും സംയുക്തമായി തീരുമാനിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
കഴിഞ്ഞ ദിവസം ചേർന്ന ഇരു സംഘടനയുടെയും സംയുക്ത യോഗത്തിൽ ജിദ്ദയിലെ പ്രവാസി സമൂഹത്തിലെ നിരവധിപേർ പങ്കെടുത്തു. ദുരിതാശ്വാസ സേവന പ്രവർത്തനങ്ങളെക്കുറിച്ചു വിശദമായി ചർച്ച നടത്തി. ചർച്ചയിൽ പങ്കെടുത്തവരുടെ നിർദേശങ്ങൾ കോർത്തിണക്കി. ആദ്യഘട്ടമെന്ന നിലയിൽ വയനാട്ടിൽ ദുരിതത്തിലായവരുടെ ജിദ്ദയിലും പരിസരപ്രദേശത്തുമുള്ള ബന്ധുക്കളെ കണ്ടെത്തി സമാശ്വസിപ്പിക്കും. അതോടൊപ്പം നാട്ടിൽ ദുരിതത്തിൽ അകപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങളിൽ പങ്ക്‌വഹിക്കും.
പ്രവർത്തനങ്ങൾ ക്രോഡീകരിക്കുവാൻ മൻസൂർ വയനാട് (ചെയർമാൻ), ഉണ്ണി തെക്കേടത്തു (വൈസ് ചെയർമാൻ)
സലാഹ് കാരാടൻ (ജനറൽ കൺവീനർ), ഉബൈദുള്ള തങ്ങൾ മേലാറ്റൂർ (ജോയിന്റ് കൺവീനർ), ജലീൽ കണ്ണമംഗലം (ട്രഷറർ), അഷ്‌റഫ് (ജോയിന്റ് ട്രഷറർ), വാസു വെള്ളത്തേടത്, ഹമീദ് കെ.സി, ഷാനി, നസീർ വാവാകുഞ്ഞു, നാസിർ ചാവക്കാട്(രക്ഷാധികാരികൾ) എന്നിവർ അടങ്ങിയ സമിതിയെ തെരെഞ്ഞെടുത്തു.
യോഗത്തിൽ ജിദ്ദ കേരള പൗരാവലി ആക്ടിങ് പ്രസിഡന്റ് ഷരീഫ് അറക്കൽ ആധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ മൻസൂർ വയനാട് സ്വാഗതവും ട്രഷറർ വേണു അന്തിക്കാട് നന്ദിയും പറഞ്ഞു.






