വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം സഊദി കെഎംസിസി കാമ്പയിൻ ആഗസ്റ്റ് 15 വരെ 

റിയാദ്: മുണ്ടകൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കെഎംസിസി സഊദി നാഷണൽ കമ്മിറ്റി. ഇതുവരെ മുന്നൂറോളം പേരുടെ ജീവൻ നഷ്ടമായ വയനാട് ദുരന്തം ഇന്ത്യയിലെ ഏറ്റവും വലിയ ദുരന്തമായി മാറുകയാണ്. ഇനിയും നൂറു കണക്കിന് പേരെ കണ്ടെത്താനുണ്ട്. ആയതിനാൽ രക്ഷപ്രവർത്തനത്തോടൊപ്പം സർവ്വതും നഷ്ടപെട്ട ജനങ്ങൾക്ക് ശാസ്ത്രീയമായ വിധത്തിൽ പുനരധിവാസ പദ്ധതി പ്രഖ്യാപിക്കണമെന്ന് കെഎംസിസി ആവശ്യപ്പെട്ടു.

സഊദി കെഎംസിസിയുടെ ഭാരവാഹികളുടെയും സെക്രട്ടറിയേറ്റ് അംഗങ്ങളുടെയും ഉപസമിതി അംഗങ്ങളുടെയും സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സെക്രട്ടറിമാരുടെയും അടിയന്തര വിർച്വൽ യോഗത്തിൽ

പ്രസിഡണ്ട് കുഞ്ഞിമോൻ കാക്കിയ അധ്യക്ഷത വഹിച്ചു. ചെയർമാൻ ഖാദർ ചെങ്കള ചർച്ച ഉദ്‌ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി കെ പി മുഹമ്മദ്‌കുട്ടി, ട്രഷറർ അഹമ്മദ് പാളയാട്ട് തുടങ്ങി നാഷനൽ കമ്മിറ്റി ഭാരവാഹികളും സെക്രട്ടറിയേറ്റ് അംഗങ്ങളും സെൻട്രൽ കമ്മിറ്റി ഭാരവാഹികളും സംസാരിച്ചു.

രാജ്യം നടുങ്ങിയ ദുരന്തത്തിൽ കേന്ദ്ര കേരള സർക്കാരുകൾ പതിവ് കാലവിളംബം ഒഴിവാക്കി യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ നീക്കണം. മുണ്ടകൈ പ്രകൃതി ദുരന്തത്തിൽ പെട്ടവരെ ചേർത്ത് പിടിക്കാൻ സഊദിയിലെ കെ എം സി സി പ്രവർത്തകരും രംഗത്തുണ്ടാകും. മാതൃപ്രസ്ഥാനമായ മുസ്ലിംലീഗ് പാർട്ടിയുടെ കീഴിലാകും പദ്ധതിയിൽ കെഎംസിസി കൈകോർക്കുക. ആഗസ്റ്റ് ഒന്ന് മുതൽ പതിനഞ്ച് വരെ വയനാട് ദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്നതിനുള്ള ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. വിട പറഞ്ഞവരുടെ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേർന്ന യോഗം അപ്രതീക്ഷിത ദുരന്തത്തിൽ അഗാധമായ അനുശോചനം രേഖപെടുത്തി

അനാഥരായ മക്കളുടെ വിദ്യാഭ്യാസം പൂർണ്ണമായി സൗജന്യമായി നടത്താനും അവർക്ക് ഭാവി ജീവിതത്തിൽ ആവശ്യമായ സംരക്ഷണം ഏർപ്പെടുത്താനും സർക്കാരുകൾ പദ്ധതികൾ ആവിഷ്കരിക്കണം. പുനരധിവാസ പദ്ധതിക്കൊപ്പം ജില്ലാ ഭരണകൂടത്തിന് കീഴിൽ തുടർച്ചയായതും വ്യവസ്ഥാപിതവുമായ സംവിധാനങ്ങൾ ഇതിനുണ്ടാവണം. കാലക്രമേണ ദുരന്ത സ്‌മൃതികൾ അകന്നുപോകുമ്പോൾ അനാഥത്വം പേറുന്നവരായി ഇവിടെയുള്ള കുടുംബങ്ങളും കുട്ടികളും മാറുന്ന സാഹചര്യമില്ലാതാക്കാൻ ശാശ്വതമായ നടപടികൾ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി അഷ്‌റഫ്‌ വേങ്ങാട്ട് സ്വാഗതവും ആക്ടിങ് സെക്രട്ടറി ബഷീർ മൂന്നിയൂർ നന്ദിയും പറഞ്ഞു.