ജിദ്ദ നവോദയ രണ്ടാംഘട്ട വോളണ്ടിയര്‍ മീറ്റ് സംഘടിപ്പിച്ചു

ജിദ്ദ: ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്ന് മക്കയിലെത്തിയ ഹജ്ജ് തീർത്ഥാടകരെ സഹായിക്കുന്നതിന് വേണ്ടി ജിദ്ദാ നവോദയ രണ്ടാംഘട്ട വോളണ്ടിയർ പരിശീലന മീറ്റ് സംഘടിപ്പിച്ചു. വോളണ്ടിയർ മീറ്റ് ഷറഫിയ ഓഡിറ്റോറിയത്തിൽ നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്തു. മൊയ്തീൻ കെ വി അധ്യക്ഷത വഹിച്ചു. വോളണ്ടിയർമാർക്കുള്ള പരിശീലന ക്ലാസ് ഷറഫു കാളികാവ് നൽകി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
ഹജ്ജ് സേവനത്തിന് പോകുന്ന നവോദയ വോളണ്ടിയർമാർക്ക് ആരോഗ്യ ബോധവൽക്കരണ ക്ലാസും, അത്യാഹിതങ്ങൾ ഉണ്ടാകുന്ന സമയത്ത് ചെയ്യേണ്ട കാര്യങ്ങളും ഡെമോ ഉപകരണങ്ങൾ സഹിതമുള്ള ബേസിക് ലൈഫ് സപ്പോർട്ട് ട്രെയിനിങ്ങും ഡോക്ടർ ഇന്ദു ചന്ദ്ര നൽകി.
ഹജ്ജ് സേവനത്തിനായി ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരും വനിതകൾ ഉൾപ്പെടെ കൂടുതൽ വോളണ്ടിയർമാരെയാണ് ജിദ്ദ നവോദയ ഈ പ്രാവശ്യവും രംഗത്ത് ഇറക്കിയിട്ടുള്ളത്. ആദ്യ ഹജ്ജ് തീർത്ഥാടക സംഘം എത്തിയത് മുതൽ ജിദ്ദ വിമാനത്താവളങ്ങളിലും മക്കയിലും ഹാജിമാർ താമസിക്കുന്ന അസീസിയിലും ഹാജിമാര്‍ക്ക് നവോദയ സേവനങ്ങൾ ചെയ്തുവരുന്നുണ്ട്. കേരളത്തിൽ നിന്ന് വന്ന ഹാജിമാർക്ക് അസീസിയിൽ ദിവസേന കഞ്ഞി വിതരണം ചെയ്യുന്നത് ഹാജിമാർക്ക് ആശ്വാസമാകുന്നുണ്ട്.
കേരളത്തില്‍ നിന്നുള്ള ഹാജിമാര്‍ക്ക് പുറമെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും, മറ്റു രാഷ്ട്രങ്ങളില്‍ നിന്നും വരുന്ന ഹാജിമാര്‍ക്കും സേവനപരിചയവും ഭാഷാ പരിജ്ഞാനവുമുള്ള വോളണ്ടിയർമാരുടെ സേവനം നൽകുന്നുണ്ട്. ഹജ്ജ് കഴിഞ്ഞു അവസാനത്തെ ഹാജിയും നാട്ടിലേക്ക് തിരിച്ചു പോകുന്നത് വരെ മക്കയിലെ സേവന പ്രവർത്തനം തുടരും.
ജിദ്ദ നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, നവോദയ ട്രഷറർ സിഎം അബ്ദുറഹ്മാൻ, ജലീൽ ഉച്ചാരക്കടവ്, ഫിറോസ് പുഴപ്പിലങ്ങാട്, അനുപമ ബിജുരാജ്, തൻവീർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ആസിഫ് കരുവാറ്റ സ്വാഗതവും കെ സി ഗഫൂർ നന്ദിയും പറഞ്ഞു.
ഫോട്ടോ :ജിദ്ദ നവോദയ രണ്ടാംഘട്ട വോളണ്ടിയര്‍ മീറ്റ് നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്യുന്നു.






